ഇന്ത്യയില്‍ ജിഎസ്ടി നിലവില്‍ വരുന്നതോടെ സേവനങ്ങള്‍ക്ക് ചെലവ് കൂടും

ജൂലൈ ഒന്നുമുതല്‍ ജിഎസ്ടി (ഏകീകൃത ചരക്ക് സേവന നികുതി) പ്രാബല്യത്തില്‍ വരുന്നതോടെ ഇന്‍ഷുറന്‍സ്, ബാങ്കിംഗ്, ടെലികോം, ഹോട്ടല്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് ചെലവ് കൂടും. ജിഎസ്ടി നടപ്പാക്കുന്നതോടെ തങ്ങളുടെ സേവനങ്ങള്‍ക്ക് വില വര്‍ധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കികൊണ്ട് രാജ്യത്തെ സേവനദാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് സന്ദേശം അയച്ചു തുടങ്ങിയിട്ടുണ്ട്.

ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ക്ക് ചുമത്തുന്ന നികുതി 15 ശതമാനത്തില്‍ നിന്നും ജൂലൈ മുതല്‍ 18 ശതമാനമായി വര്‍ധിക്കുമെന്ന് ബാങ്കുകള്‍ ഉപഭോക്താക്കളെ അറിയിക്കുന്നുണ്ട്. ഇതേ രീതിയിലുള്ള സന്ദേശങ്ങള്‍ ടെലികോം സേവനദാതാക്കളും വരിക്കാര്‍ക്ക് നല്‍കുന്നതായാണ് വിവരം. ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റില്‍ നിന്നുള്ള നേട്ടം മതിയായ തോതില്‍ ഇല്ലാത്തതിനാല്‍ പ്രതിമാസ ബില്ല് കൂടുമെന്നാണ് ടെലികോം കമ്പനികള്‍ അറിയിച്ചത്. ഇതില്‍ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എസലിനു മാത്രമാണ് ഇളവുള്ളത്.

ജിഎസ്ടി നടപ്പില്‍ വരുന്നതോടെ താരിഫ് നിരക്കില്‍ മാറ്റമുണ്ടാകില്ലെന്നും, താരിഫ് അതേപടി നിലനിര്‍ത്തുമെന്നും ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ പറഞ്ഞു. നിലവില്‍ ടെലികോം രംഗം അഭിമുഖീകരിക്കുന്ന സമ്മര്‍ദം കണക്കിലെടുത്ത്, ഈ മേഖലയെ ഒഴിച്ചുനിര്‍ത്താനാവത്ത സേവനമായി പരിഗണിക്കണമെന്നും ജിഎസ്ടിക്കു കീഴില്‍ 5 അല്ലെങ്കില്‍ 12 ശതമാനം നികുതി നിരക്കില്‍ ഉള്‍പ്പെടുത്തണമെന്നും ഐഡിയ, എയര്‍ടെല്‍ തുടങ്ങിയ കമ്പനികള്‍ മന്ത്രിസഭാ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ ടെലികോം സേവനങ്ങളെ 18 ശതമാനം നിരക്കിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ മാസം ജിഎസ്ടി നിരക്ക് നിശ്ചയിച്ച സമയത്ത് മൊത്തം നികുതി ഭാരം വര്‍ധിക്കില്ലെന്നും, ഇന്‍പുട്ട് ക്രെഡിറ്റ് കമ്പനികള്‍ക്ക് നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ടെലികോം കമ്പനികളുടെ ചെലവ് 3 ശതമാനം കുറയുമെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു.

നികുതി ഭാരം ഇന്‍ഷുറന്‍സ് പ്രീമിയത്തെ സ്വാധീനിക്കുമെന്ന് ഇന്‍ഷുറന്‍സ് കമ്പനികളും വ്യക്തമാക്കുന്നു. നികുതി 15 ശതമാനത്തില്‍ നിന്നും 18 ശതമാനമായി ഉയരുന്നത് തവണകളായി അടക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതികളിലായിരിക്കും കൂടുതല്‍ സ്വാധീനം ചെലുത്തുക. ഉദാഹരണത്തിന്, ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതിയുടെ വാര്‍ഷിക പ്രീമിയം 25,000 രൂപയാണെങ്കില്‍, ജിഎസ്ടി നടപ്പാക്കുന്നതോടെ നികുതി ഭാരം നിലവിലുള്ള 3,750ല്‍ നിന്നും 4,500 രൂപയാകും. യുലിപ്സ് ഇന്‍ഷുറന്‍സ് പ്രൊഡക്റ്റുകള്‍ക്ക് ജിഎസ്ടി വലിയ വെല്ലുവിളി ഉയര്‍ത്തില്ല.

 

 
എ എം

Share this news

Leave a Reply

%d bloggers like this: