ഇന്ത്യയില്‍ അഴിമതി 11 ശതമാനം വര്‍ധിച്ചതായി കണ്ടെത്തല്‍; യുപി ഒന്നാം സ്ഥാനത്ത്; തൊട്ടുപിന്നില്‍ പഞ്ചാബും തമിഴ്നാടും

ഇന്ത്യയിലെ അഴിമതിയെക്കുറിച്ച് ട്രാന്‍സ്പെരന്‍സി ഇന്റര്‍നാഷണല്‍ നടത്തിയ സര്‍വേയില്‍ യുപി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 15 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 2018ല്‍ നടത്തിയ സര്‍വേയില്‍ തൊട്ടടുത്തുള്ള സ്ഥാനങ്ങളില്‍ പഞ്ചാബും തമിഴ്നാടുമാണ്. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പതിനൊന്ന് ശതമാനം അഴിമതി വര്‍ധിച്ചതായും പഠനത്തില്‍ കണ്ടെത്തി. വസ്തുവിന്റെ രജിസ്ട്രേഷന്‍, ഊര്‍ജ്ജം, ട്രാന്‍സ്പോര്‍ട്, നികുതി ഓഫിസുകള്‍ എന്നിവടങ്ങളിലാണ് കൈക്കൂലി ഏറെയുമുള്ളത്. സര്‍വേയില്‍ സഹകരിച്ച യുപി നിവാസികളില്‍ 59% പേരും കാര്യങ്ങള്‍ ചെയ്തുകിട്ടുന്നതിനായി കൈക്കൂലി കൊടുത്തിട്ടുണ്ടെന്ന് സമ്മതിച്ചു. അവരില്‍ 21% പേര്‍ നേരിട്ടോ അല്ലാതെയോ നിരവധി തവണ കൈക്കൂലി നല്‍കിയവരാണ്. 38% പേര്‍ ഒന്നോ അതിലധികമോ തവണ നേരിട്ടോ അല്ലാതെയോ കൈക്കൂലി നല്‍കിയിട്ടിട്ടുണ്ട്.

പഞ്ചാബില്‍ കൈക്കൂലി നല്‍കിയെന്ന് സമ്മതിച്ചവര്‍ 56%വും തമിഴ്നാട്ടില്‍ 52%വുമാണ്. യുപിയിലും തമിഴ്നാട്ടിലും രജിസ്ട്രേഷന്‍ ഓഫിസുകളിലാണ് ഏറെ കൈക്കൂലി കൊടുത്തിട്ടുള്ളതെങ്കില്‍ പഞ്ചാബില്‍ പൊലീസാണ് കൈക്കൂലി വാങ്ങുന്നതില്‍ മുന്നില്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, സിക്കിം, ജമ്മുകശ്മീര്‍, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, ഒഡിഷ, ജാര്‍ഖണ്ഡ് എന്നിവടങ്ങളില്‍ സര്‍വേ നടത്തുകയുണ്ടായില്ല. 215 ജില്ലകളിലായിട്ടാണ് സര്‍വേ നടത്തിയത്. ഓഫീസുകളിലെ കംപ്യൂട്ടര്‍വല്‍ക്കരണം അഴിമതി തടയാന്‍ സഹായിച്ചിട്ടില്ല എന്നാണ് തെളിയുന്നതെന്ന് സര്‍വേക്ക് നേതൃത്വം നല്‍കിയ അക്ഷയ് ഗുപ്ത പറയുന്നു. കൈക്കൂലി നല്‍കേണ്ടിവന്ന ഓഫിസുകളിലെല്ലാം കംപ്യൂട്ടറുകള്‍ ഉണ്ടെങ്കിലും സിസിടിവികള്‍ സ്ഥാപിച്ചിട്ടില്ലെന്നാണ് കൈക്കൂലി നല്‍കിയവര്‍ പറയുന്നത്.

പോലീസ് വാങ്ങുന്ന കൈക്കൂലിയില്‍ കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും രജിസ്ട്രേഷന്‍ ഓഫിസുകളില്‍ കൂടിയതായാണ് കാണുന്നത്. 2017ല്‍ കൈക്കൂലി നല്‍കിയവരില്‍ 30%വും പോലീസിനാണ് നല്‍കിയത്. 27% വീതം മുനിസിപ്പല്‍ ഓഫിസുകളിലും രജിസ്ട്രേഷന്‍ ഓഫിസുകളിലും നല്‍കി. ഈ വര്‍ഷം പൊലീസിന് കൈക്കൂലി നല്‍കിയവര്‍ 25%വും മുനിസിപ്പല്‍ ഓഫിസുകളില്‍ കൈക്കൂലി നല്‍കിയവര്‍ 18%വുമായി കുറഞ്ഞപ്പോള്‍ രജിസ്ട്രേഷന്‍ ഓഫിസുകളില്‍ കൈക്കൂലി നല്‍കിയവര്‍ 30%മായി വര്‍ദ്ധിക്കുകയാണുണ്ടായത്. കൈക്കൂലി നല്‍കിയാല്‍ മാത്രമേ കാര്യം നടക്കുകയുള്ളു എന്നു കണ്ടാണ് 21 % പേര്‍ കൈക്കൂലി നല്‍കിയതെങ്കില്‍ പ്രക്രിയ വേഗത്തിലാക്കുന്നതിനായാണ് 36% കൈക്കൂലി നല്‍കിയത്.

സംസ്ഥാന ഗവണ്‍മെന്റോ തദ്ദേശീയ ഗവണ്മെന്റുകളോ കൈക്കൂലി തടയാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പകുതിയോളം പേരും അഭിപ്രായപ്പെട്ടു. ചില നടപടികള്‍ സ്വീകരിച്ചുവെങ്കിലും അതൊന്നും അഴിമതി തടയാന്‍ ഫലപ്രദമായില്ലെന്ന് 34% പറഞ്ഞു. അഴിമതിയില്‍ മുന്നില്‍ നില്‍ക്കുന്ന യുപി, പഞ്ചാബ്, തമിഴ്നാട് സംസ്ഥാനങ്ങളിലെ പകുതിയിലധികം പേരും കൈക്കൂലി നല്‍കിയിട്ടുണ്ടെന്ന് സമ്മതിച്ചു. ഓഫീസുകളിലെ കംപ്യൂട്ടറൈസേഷന്‍കൊണ്ട് മാത്രം അഴിമതി തടയാന്‍ സാധ്യമല്ല. സി സി ടി വികളുടെ അഭാവത്തില്‍ കൈക്കൂലിയില്‍ 11% വര്‍ദ്ധന ഉണ്ടാകുന്നതായിട്ടാണ് കണ്ടെത്തല്‍. കാര്യ സാദ്ധ്യത്തിനായി 2017ല്‍ കൈക്കൂലി നല്‍കിയെന്ന് സമ്മതിച്ചവര്‍ 45% ആയിരുന്നുവെങ്കില്‍ 2018ല്‍ അത് 56% ആയി. ആഗോളതലത്തില്‍ അഴിമതി കുറവുള്ള രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 79 ല്‍ നിന്ന് കഴിഞ്ഞ വര്‍ഷം 81 വര്‍ധിച്ചിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: