ഇന്ത്യയിലെ ബാങ്കുകള്‍ കഴിഞ്ഞ വര്‍ഷം മാത്രം എഴുതിത്തള്ളിയത് 1,44,903 കോടി

നോട്ടു നിരോധനവും ചരക്കു സേവന നികുതിയും വിപണിയെ ബാധിച്ച 2017-18 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ബാങ്കുകള്‍ എഴുതിത്തള്ളിയത് റെക്കോര്‍ഡ് തുകയെന്ന് റിപ്പോര്‍ട്ട്. 1,44,903 കോടിയാണ് ഇത്തരത്തില്‍ ബാങ്കുകള്‍ കിട്ടാക്കടമായി കാണിച്ചിട്ടുള്ളത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 68.1 ശതമാനം വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിട്ടുള്ളത്. ഇക്കാലയളവില്‍ മാത്രം പൊതുമേഖലാ ബാങ്കുകള്‍ 120,165 കോടി വേണ്ടെന്ന് വച്ചതായും കണക്കുകള്‍ പറയുന്നു.

2009- 2018 വരെയുള്ള കാലയളവില്‍ ഇത്തരത്തില്‍ എഴുതിത്തള്ളിയ വായ്പകള്‍ മാത്രം ഏകദേശം 4,80,093 കോടിരുപയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന്റെ 83.4 ശതമാനം വരുന്ന 4,00,548 കോടിയും പൊതുമേഖലാ ബാങ്കുകളുടേതാണെന്നതും ശ്രദ്ധേയമാണ്. സ്വകാര്യ ക്രഡിറ്റ് റേറ്റിങ്ങ് ഏജന്‍സിയായ ഐസിആര്‍എ നടത്തിയ പഠനത്തിലാണ് എഴുതിതള്ളിയ കിട്ടാക്കടങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നത്.

അതേസമയം, സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലെന്ന കാരണത്താല്‍ പോലും പിഴയീടാക്കുന്ന രാജ്യത്തെ വലിയ പൊതു മേഖലാ ബാങ്കായ എസ്ബിഐ 40,281 കോടിയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം എഴുതിത്തള്ളിയിട്ടുള്ളത്. വജ്ര വ്യാപാരി നീരവ് മോദി ആയിരക്കണക്കിന് കോടി തട്ടിച്ച പഞ്ചാബ് നാഷനല്‍ ബാങ്കും ഉയര്‍ന്ന തുകയുമായി പട്ടികയിലുണ്ട്. 7,407 കോടിയാണ് 2017-18 വര്‍ഷത്തില്‍ പിഎന്‍ബി കിട്ടാക്കടമായി ഒഴിവാക്കിയതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 10,307 കോടിയും ഇത്തരത്തില്‍ ഒഴിവാക്കിയിട്ടുണ്ട്.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 1,23,137 കോടിയുടെ വായ്പയും എസ് ബി ഐ കിട്ടാക്കടമാക്കി മാറ്റിയതായാണ് വിവരം. ഈ പട്ടികയില്‍ കനറാ ബാങ്ക് 25,505 കോടിയും, പിഎന്‍ബി 25,811 കോടിയും എഴുതിത്തള്ളിയെന്നും ഐസി ആര്‍ എ പറയുന്നു. എന്നാല്‍ സ്വകാര്യ ബാങ്കുകള്‍ എഴുതിത്തളളിയ വായ്പകള്‍ 23,928 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ 13,119 കോടിയില്‍ നിന്നാണ് ഈ വര്‍ധന. ഇതുപ്രകാരം ആക്സിസ് ബാങ്ക് 11,688 കോടിയും ഐസിഐസിഐ 9110 കോടിയും കഴിഞ്ഞ വര്‍ഷം മാത്രം കിട്ടാക്കടമാക്കി എഴുതിതള്ളിയെന്നാണ് കണക്ക്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: