ഇന്ത്യയിലെ ജൂത കേന്ദ്രങ്ങള്‍ക്ക് നേരെ മിന്നല്‍ ആക്രമണങ്ങള്‍ നടത്താന്‍ ഭീകര സംഘടനകള്‍ ലക്ഷ്യമിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ജൂത കേന്ദ്രങ്ങള്‍ ഭീകര സംഘടനകളായ ഐഎസും അല്‍ ഖ്വയ്ദയും ലക്ഷ്യമിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ന്യൂസിലന്‍ഡിലെ മുസ്ലിം പള്ളിയില്‍ ഉണ്ടായ ഭീകരാക്രമണത്തിന് പ്രതികാരമായാണ് ജൂത കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഭീകര സംഘടനകള്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അടുത്ത നാലുദിവസങ്ങള്‍ക്കുള്ളില്‍ ഡല്‍ഹിയിലെ ഇസ്ലായേല്‍ എംബസി, മുംബൈയിലെ ഇസ്രായേല്‍ കോണ്‍സുലേറ്റ് ജനറലിന്റെ കാര്യാലയം, ജൂത സിനഗോഗ്, ജൂതര്‍ താമസിക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളില്‍ വാഹനമുപയോഗിച്ചോ കത്തികൊണ്ടോ ജനങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയേക്കാമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

ഐഎസ് ഭീകരനും വക്താവുമായ അബു ഹസന്‍ അല്‍ മുജാഹിര്‍ എന്നയാള്‍ ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ വഴി നടത്തിയ ആക്രമണം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിക്കുകയായിരുന്നു. ഇതിനുപുറമെ ഓഡിയോ സന്ദേശങ്ങളും ഏജന്‍സികള്‍ പിടിച്ചെടുത്തു. മാര്‍ച്ച് 23 ന് സമാനമായി അല്‍ ഖ്വയ്ദയുടെ നിക്കങ്ങളും രഹസ്യാന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍ പെട്ടു. ഇവരുടെ പട്ടികയില്‍ ഗോവയിലെ ജൂതരുടേതായ ചില പ്രദേശങ്ങള്‍ കൂടിയുണ്ട്.

മാര്‍ച്ച് 20 നാണ് ഇത് സംബന്ധിച്ച് ആദ്യത്തെ മുന്നറിയിപ്പ് കൈമാറിയിരിക്കുന്നത്. ന്യൂസ്ലന്‍ഡ് ആക്രമണത്തിന് ബദല്‍ ചെയ്യാന്‍ ഐഎസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ ശ്രമിച്ചേക്കാമെന്നായിരുന്നു മുന്നറിയിപ്പ്. ഐഎസിന്റെ വക്താവായ അബു ഹസന്‍ അല്‍ മുജാഹിറിന്റേതെന്ന് കരുതപ്പെടുന്ന ഈ ശബ്ദസന്ദേശം ഐഎസ് ഭീകരരുടെ ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍ പടര്‍ന്നിരുന്നത്. ഈ ശബ്ദസന്ദേശത്തില്‍ നിന്നാണ് ഭീകരാക്രമണത്തിനുള്ള സൂചനകള്‍ ലഭിച്ചത്.

മാര്‍ച്ച് 23നുള്ള രണ്ടാമത്തെ മുന്നറിയിപ്പിലാണ് ജൂതകേന്ദ്രങ്ങളില്‍ അല്‍ ഖ്വയ്ദ ആക്രമണത്തിനു തയ്യാറെടുക്കുന്നു എന്ന വിവരമുള്ളത്. സ്റ്റോക്ക്ഹോമില്‍ നടന്നതു പോലെ വാഹനം ഉപയോഗിച്ചോ, കത്തി ഉപയോഗിച്ചുള്ള ഒറ്റയ്ക്കുള്ള ആക്രമണമോ ആണ് ഭീകരര്‍ ആസൂത്രണം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇസ്രയേല്‍ എംബസി, ജൂതകേന്ദ്രങ്ങള്‍, ഛബാദ് ഹൗസ്, സിനഗോഗ് തുടങ്ങിയവയ്ക്കുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഡല്‍ഹിയിലും മുംബൈയിലും ഗോവയിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയെത്തുടര്‍ന്ന് പാക് ഭീകരസംഘടനകളുടെ ആക്രമണത്തിനും സാദ്ധ്യതയുള്ളതിനാല്‍ രാജ്യത്ത് അതീവ ജാഗ്രത പുലര്‍ത്തുകയാണ് സുരക്ഷാ ഏജന്‍സികള്‍.

Share this news

Leave a Reply

%d bloggers like this: