ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമുച്ചയം കൊച്ചിയില്‍ മുഖ്യമന്ത്രി ഉത്ഘാടനം ചെയ്തു

ആധുനിക സാങ്കേതിക വിദ്യയുടെ വിവിധമേഖലകളെ കോര്‍ത്തിണക്കിക്കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമുച്ചയം കൊച്ചിയില്‍ 1.8 ലക്ഷംചതുരശ്രഅടി സ്ഥലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്തു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തില്‍ തുടങ്ങിയ സമുച്ചയത്തില്‍ ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന മേക്കര്‍ വില്ലേജ്, മെഡിക്കല്‍ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ബയോനെസ്റ്റ്. രാജ്യത്തിതാദ്യമായി ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഇന്റര്‍നാഷണല്‍ ആക്സിലറേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന ബ്രിങ്ക്, കാന്‍സര്‍ കണ്ടെത്തുന്നതിനും ചികില്‍സിക്കുന്നതിനുമായുള്ള മാര്‍ഗങ്ങള്‍ വികസിപ്പിക്കുന്ന ബ്രിക്, യൂണിറ്റി പോലുള്ള വ്യവസായ വമ്പന്മാര്‍ സ്ഥാപിക്കുന്ന സെന്റര്‍ ഫോര്‍ എക്സലന്‍സ് എന്നിവയെല്ലാം ഉള്‍പ്പെടുന്നുണ്ട്.

ഐ ടി വ്യവസായങ്ങള്‍ക്കായി സംസ്ഥാനത്ത് ആകെ 2.3 കോടി ചതുരശ്ര അടി സ്ഥലമുണ്ടാക്കുകയെന്നതാണ് ഗവണ്മെന്റ് ലക്ഷ്യമിടുന്നത്. കഴിഞ്ഞവര്‍ഷം 1.3 കോടി ചതുരശ്ര അടിയാണ് ലക്ഷ്യമിട്ടിരുന്നത്. ഐ ടി മേഖലയില്‍ 2.5 ലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുകയെന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കളമശ്ശേരി കിന്‍ഫ്ര ഹൈ ടെക് പാര്‍ക്കിലെ ടെക്നോളജി ഇന്നോവേഷന്‍ സോണ്‍ ആ ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പായും അദ്ദേഹം വിശേഷിപ്പിച്ചു. ഇത്തരത്തിലുള്ള മൂന്ന് പദ്ധതികള്‍കൂടി പൂര്‍ത്തിയായാല്‍ കേരളത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആകെ 5 ലക്ഷം ചതുരശ്ര അടി സ്ഥലമുണ്ടാകും. ലോകത്തിലെതന്നെ ഏറ്റവും വലുതായിരിക്കും അത്. 13.5 ഏക്കറില്‍ സ്ഥിതിചെയ്യുന്ന ടെക്നോളജി ഇന്നോവേഷന്‍ സോണില്‍ (ടിസ്) നിന്നും 30ല്‍ കുറയാതെ പേറ്റന്റുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കപ്പെട്ടുവെന്നത് ഈ മേഖലയില്‍ നടക്കുന്ന ഗുണപരമായ പ്രവര്‍ത്തനത്തെയാണ് സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തുനിന്നും സോഫ്റ്റ് വെയര്‍ കയറ്റുമതി ചെയ്യുന്നതിലുള്ള ആത്മവിശ്വാസം വര്‍ദ്ധിച്ചിട്ടുണ്ടെന്നും അതിന്റെ സൂചനയാണ് ടിസിലെ സ്ഥലമെല്ലാം വിറ്റുപോയതെന്നും ഐ ടി സെക്രട്ടറി എം. ശിവശങ്കര്‍ പറഞ്ഞു. രാജ്യത്ത് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്തതാണിത്. സാധാരണ ഗതിയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നിര്‍മ്മിച്ച സ്ഥലം മുഴുവനും വിറ്റുപോകണമെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ വേണ്ടിവരും. സമുച്ചയത്തിന്റെ ആദ്യ മൂന്നു നിലകളും സജ്ജമാക്കി. പണി പൂര്‍ത്തിയാകുന്ന മറ്റു നിലകളിലെ സൗകര്യങ്ങളും വിവിധ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുവദിച്ചുകഴിഞ്ഞു. ഇതേ കാമ്പസ്സില്‍ ത്തന്നെ മറ്റൊരു സ്റ്റാര്‍ട്ടപ്പ് സമുച്ചയം കൂടി അടുത്തവര്‍ഷം പ്രവര്‍ത്തന സജ്ജമാകുമെന്നും ശിവശങ്കര്‍ പറഞ്ഞു. മുപ്പതില്‍പരം സ്റ്റാര്‍ട്ടപ്പുകളോട് കൂടിയ മേക്കര്‍ വില്ലേജിന് പുറമെ ബയോ ടെക്നോളജി, കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍, അഡ്വാന്‍സ്ഡ് കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകളിലെ പ്രാരംഭ ദിശയിലുള്ള സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു. ഐ ടി സ്റ്റാര്‍ട്ടപ്പ് രംഗത്ത് തെക്കേ ഇന്ത്യയിലെ ഒരു ശക്തിദുര്‍ഗമായി മാറുകയാണ് കേരളമെന്നു അധ്യക്ഷനായിരുന്ന കളമശ്ശേരി എംഎല്‍എ വി കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

കേന്ദ്ര ഗവണ്മെന്റിന്റെ ബയോ ടെക് ഡിപ്പാര്‍ട്ടുമെന്റിനു കീഴിലുള്ള ബിരാക്കിന്റെ സാമ്പത്തിക സഹായത്തോടെയും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയുമായി സഹകരിച്ചുകൊണ്ടും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്ഥാപിച്ച ബയോ നെസ്റ്റ് പ്രൊഫ: കെ വി തോമസ് എം പി ഉത്ഘാടനം ചെയ്തു. ബയോ ടെക്നോളജിയിലും ബന്ധപ്പെട്ടമേഖലകളിലുംഗവേഷണം നടത്തുന്ന 20 കമ്പനികളാണ് അതിലുള്ളത്. കാന്‍സര്‍ രോഗപ്രതിരോധത്തിനായുള്ള ബ്രിക് ആരോഗ്യ മന്ത്രി കെ കെ ശൈലജ ഉത്ഘാടനം ചെയ്തു. കേരളത്തില്‍ 50,000 കാന്‍സര്‍ രോഗികളാണ് ഓരോ വര്‍ഷവുമുണ്ടാകുന്നത്. കാന്‍സര്‍ രോഗ പ്രതിരോധത്തിനായുള്ള കര്‍മ്മ പദ്ധതിക്ക് 350 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അതനുസരിച്ചാകും ബ്രിക് പ്രവര്‍ത്തിക്കുകയെന്ന് മന്ത്രി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: