ഇന്ത്യയിലും വ്യാപകമാകാന്‍ ഐക്കിയ; ബംഗലൂരുവില്‍ 1000 കോടിയുടെ ഐകിയ സ്റ്റോര്‍

അയര്‍ലണ്ടില്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച സ്വീഡിഷ് ഗൃഹോപകരണ കമ്പനിയായ ഐകിയ ബംഗലൂരുവില്‍ 1000 കോടി രൂപ ചെലവഴിച്ച് 500,000 സ്‌ക്വയര്‍ ഫീറ്റ് സ്റ്റോര്‍ തുറക്കും. കര്‍ണ്ണാടക സംസ്ഥാനത്ത് ഭാവിയില്‍ 2,000 കോടി രൂപ ചെലവഴിക്കാനും പദ്ധതിയുണ്ട്. 2020 വേനല്‍ക്കാലത്ത് തുറക്കാനിരിക്കുന്ന ബംഗലൂരു സ്റ്റോറില്‍ 800-1000 പേര്‍ക്ക് നേരിട്ടും 1500 പേര്‍ക്ക് പരോക്ഷമായും ജോലി ലഭിക്കും. 2,000 കാറുകള്‍ക്കുളള പാര്‍ക്കിംഗ് സൗകര്യവും 1,000 സീറ്റുള്ള റസ്റ്റോറന്റും, സ്മാലാന്റ് എന്ന പേരില്‍ വിശാലമായ ചില്‍ഡ്രന്‍സ് പ്ലേ ഏറിയയും ഉണ്ടാകും.

ഇത് കമ്പനിയുടെ ഇന്ത്യയിലെ മൂന്നാമത്തെ സ്റ്റോര്‍ ആയിരിക്കും. 400,000 സ്‌ക്വയര്‍ ഫീറ്റുള്ള ആദ്യ സ്റ്റോര്‍ ഹൈദ്രാബാദിലാണ് തുറന്നത്. രണ്ടാമത്തെ സ്റ്റോര്‍ മുംബെയില്‍ ഈ വര്‍ഷം അവസാനം തുറക്കും. 2025 ആകുമ്പോഴേക്കും രാജ്യത്ത് 25 സ്റ്റോറുകള്‍ തുറക്കാനാണ് പദ്ധതി. ഇന്ത്യ കമ്പനിയുടെ ഏറ്റവും മുന്തിയ മാര്‍ക്കറ്റുകളിലൊന്നാണെന്ന് ഐകിയയുടെ ഇന്ത്യാ ചീഫ് എക്സിക്യൂട്ടീവ് പീറ്റര്‍ ബെറ്റ്സെല്‍ പറഞ്ഞു.

ഒരു വ്യാഴവട്ടക്കാലം ഇന്ത്യന്‍ കമ്പോളം പഠിച്ച ശേഷം തുറന്ന ആദ്യ സ്റ്റൊര്‍ വന്‍ വിജയമാണ്. 800 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച സ്റ്റോറില്‍ ഒരു വര്‍ഷത്തിനിടെ 6 മില്യണ്‍ ആളുകള്‍ സന്ദര്‍ശിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗലൂരു സ്റ്റോറില്‍ 7 മില്യന്‍ പേരെയാണ് പ്രതീക്ഷിക്കുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: