ഇന്ത്യന്‍ സേനയുടെ മനുഷ്യത്വം പ്രവര്‍ത്തികളിലൂടെ: നദിയിലൂടെ ഒഴുകിയെത്തിയ പാക് ബാലന്റെ മൃതദേഹം മൈന്‍ നിറഞ്ഞ വഴികളിലൂടെ നടന്ന് പാകിസ്താന് കൈമാറി ഇന്ത്യന്‍ സൈന്യം…

യുദ്ധഭീഷണികളുടേയും ഭീകരവാദത്തിന്റേയും കാലത്ത് സംഘര്‍ഷകലുഷിതമായ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിന്ന് മനുഷ്യത്വത്തിന്റേയും സമാധാനത്തിന്റേതുമായ വേറിട്ടൊരു സംഭവം. പാക്കിസ്ഥാനിലെ ഗ്രാമത്തില്‍ നിന്നുള്ള ഏഴു വയസുകാരന്‍ ബാലന്റെ നദിയിലൂടെ ഒഴുകി വന്ന മൃതദേഹം മൈന്‍ ഭീഷണികള്‍ പോലും വകവയ്ക്കാതെ ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാന് കൈമാറിക്കൊണ്ടാണ് ഇരുഭാഗത്തേയും ജനങ്ങളുടെ പ്രശംസയ്ക്ക് പാത്രമായത്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി നിരവധി സംഭവപരമ്പരകള്‍ക്കാണ് വടക്കന്‍ കാശ്മീരിലെ നിയന്ത്രണ രേഖയ്ക്കടുത്തുള്ള ഗുര്‍സ് താഴ്വരയിലെ അച്ചൂര ഗ്രാമം സാക്ഷ്യം വഹിച്ചത്. ഒടുവില്‍ ഇന്നലെ ആബിദ് ഷെയ്ക്ക് എന്ന ഏഴുവയസുകാരന്റെ മൃതദേഹം ഇന്ത്യ പാക്കിസ്ഥാന്‍ സൈന്യത്തിന് കൈമാറി. ”ഇത്തരമൊരു സംഭവം ഞാനെന്റെ ജീവിതത്തില്‍ ആദ്യമായി കാണുകയാണ്,” ഗുര്‍സിലെ മുന്‍ എംഎല്‍എ നസീര്‍ അഹമ്മദ് ഗുരേസിയെ ഉദ്ധരിച്ചു കൊണ്ട് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാക്കിസ്ഥാനില്‍ നിന്നൊഴുകുന്ന കൃഷ്ണഗംഗ നദിയിലുടെ ഒരു മൃതദേഹം ഒഴുകി വരുന്നത് അച്ചൂര ഗ്രാമത്തിലുള്ളവര്‍ കാണുന്നത്. ഇതിനു തൊട്ടു പിന്നാലെ, പാക്ക് അധീന കാശ്മീരിലെ ജില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയിലെ മിനിമാര്‍ഗ് അസ്തൂര്‍ ഗ്രാമത്തില്‍ നിന്ന് കാണാതായ ഒരു കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ ഫേസ്ബുക്ക് പേജിലൂടെ അച്ചൂര ഗ്രാമത്തിലുള്ളവരും അറിഞ്ഞു. തുടര്‍ന്ന് തങ്ങളുടെ മകനെ വിട്ടുതരണമെന്ന കുടുംബം അപേക്ഷിക്കുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു.

”ഞങ്ങള്‍ ഈ സംഭവം അറിഞ്ഞയുടന്‍ തന്നെ സൈന്യത്തെ ബന്ധപ്പെട്ട് ഇക്കാര്യം പാക് സൈന്യവുമായി സംസാരിക്കാന്‍ ആവശ്യപ്പെട്ടു”, ബന്ദിപ്പോര ഡപ്യൂട്ടി കമ്മീഷണര്‍ ഷബാസ് മിര്‍സ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. അച്ചൂര ഗ്രാമത്തില്‍ അപ്പോള്‍ മുമ്പൊരിക്കലും നേരിട്ടിട്ടില്ലാത്ത ഒരു പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടി വന്നു. ”ആ പ്രദേശത്തൊന്നും മോര്‍ച്ചറിയില്ല. ഒടുവില്‍ മഞ്ഞുമലകളില്‍ നിന്ന് വെട്ടിയെടുത്ത ഐസ്പാളികള്‍ ഉപയോഗിച്ചാണ് മൃതദേഹം കേടുവരുന്നത് ഞങ്ങള്‍ തടഞ്ഞത്”, ഗുര്‍സ് എസ്എച്ച്ഒ താരിഖ് അഹമ്മദ് പറയുന്നു.

പിന്നെയും പ്രശ്നങ്ങള്‍ നേരിട്ടു. കൂടുതല്‍ വൈകിയാല്‍ മൃതദേഹം കേടുവരും എന്നതിനാല്‍ അത് ഗുര്‍സ് വഴി തന്നെ പാക്കിസ്ഥാന് കൈമാറാം എന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. എന്നാല്‍ ഔദ്യോഗികമായി ഇന്ത്യയുമായി കൈമാറ്റം നടത്തുന്ന, അവിടെ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള കുപ്വാര ജില്ലയിലെ തീത്വാള്‍ ക്രോസിംഗില്‍ നിന്നേ മൃതദേഹം സ്വീകരിക്കൂ എന്ന് പാക്കിസ്ഥാന്‍ അറിയിച്ചു. നിയന്ത്രണരേഖാ പ്രദേശമായതിനാല്‍ ഗുര്‍സിനു ചുറ്റുമുള്ള മൈന്‍ നിറഞ്ഞ സ്ഥലങ്ങളായിരുന്നു പാക്കിസ്ഥാന്റെ ആശങ്ക.

പക്ഷേ, അന്നു വൈകിട്ട് ആയപ്പോഴേക്കും പാക്കിസ്ഥാന്‍ അയഞ്ഞു. തുടര്‍ന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥരും സൈനിക പ്രതിനിധികളും ആ മേഖലയിലെ അവസാന പോസ്റ്റില്‍ എത്തി. എന്നാല്‍ പാക് ഭാഗത്തു നിന്ന് മറുപടിയൊന്നും ഉണ്ടായില്ല. തുടര്‍ന്ന് മൃതദേഹം ഗൂര്‍സിലെ ആശുപത്രിയിലേക്ക് തിരികെ കൊണ്ടു പോയി. ”വ്യാഴാഴ്ച രാവിലെ ആയപ്പോഴേക്കും പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഭാഗത്തു നിന്ന് പോസിറ്റീവായ പ്രതികരണങ്ങള്‍ കണ്ടു തുടങ്ങി. മൃതദേഹം കൈമാറണമെങ്കില്‍ മൈനുകള്‍ പാകിയ സ്ഥലങ്ങള്‍ കടന്നു വേണമായിരുന്നു മീറ്റിംഗ് പോയിന്റിലെത്താന്‍. ഒടുവില്‍ ഉച്ചയ്ക്ക് 12.39-ന് മൃതദേഹ പരിശോധന കഴിഞ്ഞ് പാക്കിസ്ഥാന്‍ ഏഴു വയസുകാരന്റെ മൃതദേഹം സ്വീകരിച്ചു”, ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

”അതൊരു മനുഷ്യത്വപരമായ നടപടിയായിരുന്നു. അല്ലെങ്കില്‍ മൃതദേഹം നശിച്ചു പോവുമായിരുന്നു. അതുകൊണ്ടാണ് ഔദ്യോഗിക കൈമാറ്റ സ്ഥലത്തിനു പകരം ഇവിടെ വച്ച് തന്നെ നല്‍കിയത്,” ശ്രീനഗര്‍ കേന്ദ്രമായ 15 കോര്‍പ്സിലെ ലഫ്. ജനറല്‍ കെജെഎസ് ധില്ലന്‍ എക്സ്പ്രസിനോട് പറഞ്ഞു. ഗുര്‍സ് ഗ്രാമത്തില്‍ ഇപ്പോഴും സംസാരം ഏഴുവയസുകാരന്‍ ആബിദിനെക്കുറിച്ചാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ”ആദ്യ ദിവസം മുതല്‍ എല്ലാവരും ഇതിന്റെ പുറകെയാണ്. അതിര്‍ത്തി രണ്ടായി വിഭജിച്ച രണ്ടു ഗ്രാമങ്ങളെയും ഈ സംഭവം ഇന്ന് ഒന്നാക്കി. മനുഷ്യത്വത്തിന്റെ പേരില്‍ രണ്ടു രാജ്യങ്ങളും അവര്‍ തമ്മിലുള്ള വിദ്വേഷവും മറന്നു”, പ്രദേശവാസിയായ ഘുലാം മുഹമ്മദ് പറയുന്നു.

Share this news

Leave a Reply

%d bloggers like this: