ഇന്ത്യന്‍ രൂപ കൂപ്പുകുത്തി വീഴുന്നു

രൂപയുടെ മൂല്യം റെക്കോഡ് താഴ്ച്ചയില്‍. യുഎസ് ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 69.12 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേയ്ക്കാണ് എത്തിയിരിക്കുന്നത്. ഡോളറിന്റെ ആവശ്യം ഉയര്‍ന്നതും യുഎസ് ഗ്രീന്‍ബാക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയതുമാണ് മൂല്യം ഇടിയാന്‍ പ്രധാന കാരണം. ഇതിനെ തുടര്‍ന്ന് ബാങ്കുകളും കയറ്റുമതിക്കാരും വന്‍തോതില്‍ യുഎസ് ഡോളര്‍ വിറ്റഴിച്ചത് വഴിയാണ് രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞത്.

വ്യാഴാഴ്ചമാത്രം മൂല്യത്തില്‍ 43 പൈസയുടെ കുറവാണുണ്ടായത്. ഇതിനു മുമ്പ് ജൂണ്‍ 28ന് രൂപയുടെ മൂല്യം 69.10 നിലവാരത്തിലേയ്ക്ക് താഴ്ന്നിരുന്നു. എന്നാല്‍ ആര്‍ബിഐയുടെ ഇടപെടലിനെതുടര്‍ന്ന് താമസിയാതെ മൂല്യം ഉയരുകയും ചെയ്തു.

അതിനും മുമ്പ് 2013 ഓഗസ്റ്റിലാണ് രൂപയുടെ മൂല്യം 68.82 നിലവാരത്തിലെത്തിയത്. ആഗോള വ്യാപാര പ്രതിസന്ധികളും എണ്ണ വിലയിലെ വ്യതിയാനങ്ങളും അടുത്ത ഒരു വര്‍ഷത്തേയ്ക്ക് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമാകുമെന്ന് അടുത്തിടെ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. റോയിട്ടേഴ്സ് നടത്തിയ സര്‍വ്വേയിലാണ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലെത്തുമെന്ന് വിലയിരുത്തിയത്.

നരേന്ദ്രമോഡി സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയം നടക്കുന്നതിന് ഇടയിലാണ് രൂപയുടെ മൂല്യത്തകര്‍ച്ചയുണ്ടായിരിക്കുന്നത്. നിലവിലെ സാഹചര്യങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുന്നത് ബുദ്ധിമുട്ടാണ്. രാഷ്ട്രീയ അനിശ്ചിതത്വം ഇതിനെ ബാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്നും സാമ്പത്തീക വിദ്ഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: