ഇന്ത്യന്‍ മന്ത്രിമാര്‍ ശാസ്ത്രം തിരുത്തിയെഴുതുമ്പോള്‍: ബിബിസിയുടെ പരിഹാസം

 

വിമാനം, പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പെടെ ലോകത്തെ ശാസ്ത്രീയമായ എല്ലാ പ്രധാന കണ്ടുപിടുത്തങ്ങള്‍ക്കും പിന്നില്‍ ഹൈന്ദവ പുരാണങ്ങളാണെന്നുള്ള ഇന്ത്യയിലെ മന്ത്രിമാരുടെ പ്രസ്താവനകളെ കളിയാക്കി ബിബിസി. ‘പശുക്കള്‍ മുതല്‍ വിമാനങ്ങള്‍ വരെ; ഇന്ത്യന്‍ മന്ത്രിമാര്‍ ചരിത്രം തിരുത്തിയെഴുതുമ്പോള്‍ ‘ എന്ന റിപ്പോര്‍ട്ടിലാണ് ബിബിസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള മന്ത്രിമാരുടെ പ്രസ്താവനകള്‍ ഇടം പിടിച്ചിരിക്കുന്നത്. ഇന്ത്യന്‍ മന്ത്രിമാര്‍ ശാസ്ത്രം തിരുത്തുകയാണെന്ന് ബിബിസി പറയുന്നു.

രാമായണത്തിലെ പുഷ്പക വിമാനത്തെ ചൂണ്ടിക്കാട്ടി വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരന്‍മാരേക്കാള്‍ മുമ്പ് ഇന്ത്യാക്കാരനാണ് എന്നും പുഷ്പക വിമാനത്തെക്കുറിച്ചും ഐതിഹ്യങ്ങളെക്കുറിച്ചും എഞ്ചിനീയറിംഗ് ക്ലാസില്‍ പഠിപ്പിക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സത്യപാല്‍ സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതാണ് ബിബിസി റിപ്പോര്‍ട്ടില്‍ ആദ്യം പരാമര്‍ശിക്കുന്നത്.

2014 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്ലാസ്റ്റിക് സര്‍ജറി വളരെ കാലം മുമ്പുതന്നെ ഇന്ത്യയിലുണ്ടായിരുന്നെന്നും അതിനുദാഹരണമാണ് ആനയുടെ തലയും മനുഷ്യന്റെ ഉടലുമുള്ള ഗണപതിയെന്നും പറഞ്ഞിരുന്നു. ഇതും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. പശു ഓക്സിജന്‍ പുറത്തുവിടുന്ന ജീവിയാണെന്നുള്ള രാജസ്ഥാന്‍ വിദ്യഭ്യാസമന്ത്രിയുടെ പ്രസ്താവനയും റിപ്പോര്‍ട്ടിലുണ്ട്.

കൂടാതെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ പരാമര്‍ശവും റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്. രാമായണത്തില്‍ ശ്രീരാമനും കൂട്ടരും ലങ്കയിലേക്ക് സേതുബന്ധനം നടത്തിയത് ചൂണ്ടിക്കാട്ടി പാലം പണിത ശ്രീരാമനെ എഞ്ചിനീയറിങ്ങിന്റെ പിതാവായി കണക്കാക്കണം എന്നായിരുന്നു രൂപാണി പറഞ്ഞത്. കൂടാതെ പരശു രാമന്റെ മഴുപ്രയോഗവും ബിജെപി മന്ത്രിമാര്‍ ശാസ്ത്രവുമായി ബന്ധപ്പെടുത്തിയിരുന്നു.

പശുമൂത്രത്തിന്റെ ഔഷധഗുണവും രോഗപ്രതിരോധ ശേഷിയും വ്യക്തമാക്കി പശുമൂത്രം ശേഖരിക്കുന്നതും വില്‍ക്കുന്നതും അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. പശുവിനും പശുമൂത്രത്തിനും ദിവ്യത്വം കല്പിച്ചുള്ള ബിജെപിയുടെയും സംഘ പരിവാറിന്റെയും പ്രചാരണം പാശ്ചാത്യ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: