ഇന്ത്യന്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ക്കുള്ള വിലക്ക് നീങ്ങിയേക്കും…നിയമ നിര്‍മ്മാണത്തിന് വരേദ്ക്കറുടെ ഉറപ്പ്

ഡബ്ലിന്‍:  ഇന്ത്യയുള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ക്ക് അയര്‍ലന്‍ഡില്‍ ട്രെയ്നിങ്  തസ്തികകളില്‍ ജോലിക്ക് പ്രവേശനം നിഷേധിക്കുന്നതിന് മാറ്റം വന്നേക്കും. ഇക്കാര്യത്തില്‍ തടസങ്ങള്‍ നീക്കാമെന്ന് ആരോഗ്യമന്ത്രി ലിയോ വരേദ്ക്കര്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ ഉള്ളത്. ട്രെയ്നി സ്പെഷ്യലിസ്റ്റായി നിയോഗിക്കുന്നതിന് മുമ്പ് അംഗീകാരം വ്യക്തമാക്കണമെന്ന വ്യവസ്ഥ എടുത്ത് കളയാനാണ് വരേദ്ക്കറിന്‍റെ ആലോചന. ഇതിനായി നിയമനിര്‍മ്മാണം നടത്തും.

അയര്‍ലന്‍ഡില്‍ ജോലി ചെയ്യുന്ന മൂന്നില്‍ ഒരുവിഭാഗം ഡോക്ടര്‍മാരും വിദേശത്ത് പരിശീലനം ലഭിച്ചവരാണ്. എന്നാല്‍ നിരവധി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ട്രെയ്നിങ് തസ്തികകളില്‍ നിന്ന് വിലക്കുള്ളവരാണ്. ഓസ്ട്രേലിയ, ന്യൂസ് ലാന്‍ഡ്, മലേഷ്യ, സുഡാന്‍, ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന്‍ തുടങ്ങിയ ഏതാനും രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമാണ് അവസരം ലഭിക്കുന്നത്. പ്രവര്‍ത്തിപരിചയവും യോഗ്യതയും ഉണ്ടെങ്കിലും മറ്റ് യൂറോപ്യന്‍ ഇതര രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ക്ക് അവസരം ലഭിക്കുന്നില്ലെന്നതാണ് സ്ഥിതി.  നിരോധന നീക്കത്തെ ഓവര്‍സീസ് മെഡിക്സ് ഓഫ് അയര്‍ലന്‍ഡ് സ്വാഗതം ചെയ്യുന്നുണ്ട്.

എന്നാല്‍ നൂറോളം ഡോക്ടര്‍മാര്‍ നിയമം വൈകുന്നത് മൂലം അയര്‍ലന്‍ഡ് വിട്ട് പോകുന്നതിന് കാരണമാകും. ഒക്ടോബറില്‍ ആണ് വിവിധ തസ്തികയിലേക്കുള്ള അപേക്ഷയുടെ അവസാന തീയതി. നിലവിലെ സാഹചര്യം ആധിനിക അടിമത്തമാണെന്ന് സംഘടനയുടെ സെക്രട്ടറി Dr Shakya Bhattacharjee അഭിപ്രായപ്പെടുന്നു. ജോലി ചെയ്യാന്‍ അനുവദിക്കുകയും ട്രെയ്നിങ് നേടാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് യുക്തിയുള്ള കാര്യമല്ലെന്നും അദ്ദേഹം ചൂണ്ടികാണിക്കുന്നു. മന്ത്രി വ്യക്തമാക്കുന്നത് സാധ്യമായതെല്ലാം വകുപ്പ് ചെയ്യുമെന്നാണെന്നും പറയുന്നു.

ഈ വര്‍ഷം അവസാനത്തോടെ നിയമനിര്‍മ്മാണം ഉണ്ടായേക്കും. വിദേശ ഡോക്ടര്‍മാരുടെ പ്രതിനിധികള്‍ക്കയച്ച കത്തില്‍ ബുദ്ധിമുട്ടുകള്‍ തിരിച്ചറിയുന്നുണ്ടെന്നും രാജ്യത്ത് സമതുലിതമായരീതിയില്‍ നയം ഉണ്ടാവേണ്ടത് ആവശ്യമണെന്ന ബോധ്യമുണ്ടെന്നും വരേദ്ക്കര്‍ സമ്മതിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: