ഇന്ത്യക്കാരിയുടെ കൈവെട്ടിയ സംഭവം: സൗദി സ്വദേശിനി അറസ്റ്റില്‍

 

റിയാദ്: ഇന്ത്യന്‍ വീട്ടു ജോലിക്കാരിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ സൗദി സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിനിയുടെ വലതു കൈയാണ് തൊഴിലുടമ വെട്ടിമാറ്റിയത്. തൊഴില്‍ സ്ഥലത്തു നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു അക്രമണം. റിയാദിലെ അല്‍-ഷഫാ പോലീസാണു കേസ് ആദ്യം അന്വേഷിച്ചത്. കുറ്റകൃത്യത്തിന്റെ ഹീനസ്വഭാവം കണക്കിലെടുത്തു ജനറല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ക്കു കൈമാറുകയായിരുന്നു.

തമിഴ്‌നാട് നോര്‍ത്ത് ആര്‍ക്കാട് ജില്ലയിലെ കട്പാടിക്കടുത്ത് മൂങ്കിലേരി സ്വദേശിനിയായ കസ്തൂരി മുനിരത്‌നം(55)ത്തെയാണ് ഗുരതരാവസ്ഥയില്‍ റിയാദിലെ കിംഗ്ഡം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ കാലിനും ശരീര ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

രണ്ട് മാസം മുന്‍പ് നാട്ടില്‍ നിന്നെത്തിയ കസ്തൂരിയെ ആദ്യം കൊണ്ടു പോയത് ദമാമിലുള്ള ഒരു സ്വദേശിയായിരുന്നു. പിന്നീടാണ് റിയാദിലെ സ്ത്രീകള്‍ മാത്രം താമസിക്കുന്ന ഒരു വീട്ടില്‍ കൊണ്ടു വന്നാക്കയത്. ഇവിടെ കൊടിയ പീഡനത്തിന് ഇരയായ ഇവര്‍ പുറത്തുകണ്ട നാട്ടുകാരനോട് തന്റെ കഷ്ടപ്പാടുകള്‍ വിവരിക്കുന്നത് സൗദി വനിത കണ്ടതാണ് വിനയായത്. ഇവര്‍ കസ്തൂരിയെ മുറിയില്‍ പൂട്ടിയിട്ടു. പിന്നീട് കൊടിയ മര്‍ദ്ദനമായിരുന്നു നിത്യേനയെന്നും ഒരു ദിവസം തന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും കസ്തൂരി പറയുന്നു. എങ്ങനെയെങ്കിലും അവിടെ നിന്നു രക്ഷപ്പെട്ട് അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ അഭയം പ്രാപിക്കാമെന്ന് ചിന്തിച്ച ക്‌സതൂരി പൂട്ടിയിട്ട റൂമിന്റെ ജനല്‍ വഴി തുണി കൂട്ടിക്കെട്ടി പുറത്തേക്ക് ചാടാന്‍ ശ്രമിച്ചു. താഴെ ഇറങ്ങിയ ഉടനെ കത്തിയുമായി ചാടിവീണ ആരോ തന്റെ കൈ വെട്ടിമാറ്റുകയാണുണ്ടായതെന്ന് കസ്തൂരി പറഞ്ഞു. അബോധാവസ്ഥയിലായ അവര്‍ക്ക് പിന്നീട് മറ്റൊന്നും ഓര്‍മയുണ്ടായിരുന്നില്ല.

ഇന്ത്യക്കാരിയുടെ കൈവെട്ടിയ സംഭവം അപലപനീയമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. സൗദി അധികാരികളുടെ ശ്രദ്ധയില്‍ വിഷയം പ്രത്യേകം അവതരിപ്പിക്കുമെന്നു നേരത്തേ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചിരുന്നു.

കസ്തൂരിയെ അപായപ്പെടുത്താന്‍ ശ്രമിച്ചവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സൗദി അധികൃതരെ സമീപിച്ചതായി ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. സൗദി വിദേശകാര്യമന്ത്രാലയത്തില്‍ നേരിട്ടെത്തി രേഖാമൂലമാണ് ഇന്ത്യന്‍ എംബസി നടപടിയാവശ്യപ്പെട്ടത്. ഒരാഴ്ചമുമ്പാണ് റിയാദിലെ ഹൈ അല്‍ സഹാഫ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സംഭവം നടന്നത്. ജോലിചെയ്യുന്ന വീട്ടിലെ പീഡനം സഹിക്കാതെ പൂട്ടിയിട്ട മുറിയില്‍നിന്ന് ചാടിരക്ഷപ്പെടാന്‍ ശ്രമിക്കവേ പിന്നില്‍നിന്നും ഓടിവന്ന ആരോ കൈയ്ക്ക് വെട്ടുകയായിരുന്നെന്നാണ് കസ്തൂരി പോലീസിന് മൊഴിനല്‍കിയത്. റെഡ് ക്രസന്റ്് ഉദ്യോഗസ്ഥരാണ് അവരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാക്കിയത്.

-എജെ-

Share this news

Leave a Reply

%d bloggers like this: