ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ പരിഭ്രാന്തരായ ജനങ്ങള്‍ വ്യാപകമായി പലായനം ചെയ്തു.

ഇന്തോനേഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം. റിച്ചര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു. സുനാമി ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയതോടെ പരിഭ്രാന്തരായ ജനങ്ങള്‍ വ്യാപകമായി പലായനം ചെയ്തു.

മൊലൂക്കാ കടലില്‍ ഭൂമിക്ക് 24 കിലോമീറ്റര്‍ അടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. വടക്കന്‍ സുലവേസിക്കും വടക്കന്‍ മലൂക്കുവിനും ഇടയ്ക്കാണ് മൊലൂക്ക കടല്‍ സ്ഥിതി ചെയ്യുന്നത്. സുനാമി ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതായി ഇന്തോനേഷ്യയുടെ ജിയോഫിസിക്‌സ് ഏജന്‍സിയാണ് മുന്നറിയിപ്പ് നല്‍കിയത്. അതോടെ കടല്‍ത്തീരത്ത് താമസിക്കുന്നവര്‍ ഉള്‍പ്പടെയുള്ള പ്രദേശവാസികള്‍ മാറിത്താമസിക്കുവാന്‍ ആരംഭിച്ചു.

അതേസമയം മുന്നറിയിപ്പ് പിന്നീട് ഏജന്‍സി പിന്‍വലിച്ചു. മരണമോ, നാശനഷ്ടങ്ങളോ ഉണ്ടായില്ലെങ്കിലും ഈ പ്രദേശങ്ങളിലും അടുത്തുള്ള ടെര്‍ണേറ്റ് സിറ്റിയിലും ശക്തമായ ഭൂചലനം അനുഭവപെട്ടു. ആറ് പ്രകമ്പനങ്ങളും പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്. 2004ല്‍ സുമാത്ര തീരത്തുണ്ടായ ഭൂഗംഭം റിച്ചര്‍ സ്‌കെയിലില്‍ 9.1 തീവ്രതയാണ് രേഖപ്പെടുത്തിയിരുന്നത്. തുടര്‍ന്നുണ്ടായ സുനാമിയുടെ ഭാഗമായി ഈ പ്രദേശത്ത് 2,20,000 പേരാണ് മരണപ്പെട്ടത്.

തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രമായ ഇന്തോനേഷ്യ ഭൂമിയില്‍ ഏറ്റവുമധികം പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന രാജ്യമാണ്. ടെക്‌റ്റോണിക് പ്ലേറ്റുകള്‍ കൂട്ടിമുട്ടുന്ന പസഫിക് സമുദ്രത്തിലുള്ള ‘റിംഗ് ഓഫ് ഫയര്‍’ എന്ന് വിളിക്കപ്പെടുന്ന മേഖലയിലാണ് അതിന്റെ സ്ഥാനം എന്നതാണ് പ്രധാന കാരണം.

Share this news

Leave a Reply

%d bloggers like this: