ഇന്‍കംടാക്‌സ് നിരക്ക് കുറയ്ക്കും: പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വാഗ്ദാന പെരുമഴയുമായി വരേദ്കര്‍

ഡബ്ലിന്‍: തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഐറിഷ് ജനതക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് മന്ത്രി ലിയോ വരേദ്കര്‍ ഉറപ്പ് നല്‍കി. ഫൈന്‍ ഗെയ്ലിന്റെ ദേശീയ സമ്മേളന സമാപന ചടങ്ങിലാണ് വരേദ്കര്‍ പാര്‍ട്ടിയുടെ നയം വ്യക്തമാക്കിയത്. രാജ്യത്തെ ഇന്‍കംടാക്‌സ് നിരക്ക് കുറയ്ക്കുമെന്ന് പ്രധാനമന്ത്രി തെരെഞ്ഞെടുപ്പ് സമയത്ത് വരേദ്കര്‍ ഉറപ്പ് നല്‍കിയിരുന്നു.

അയര്‍ലണ്ടില്‍ പത്ത് ലക്ഷത്തോളം ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി അഭിപ്രായയെടുന്നു. സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഇത്തരം ഒരു പദ്ധതി പാര്‍ട്ടി അജണ്ടയില്‍ ഉള്‍പ്പെടുത്തിയതെന്നും വരേദ്കര്‍ അറിയിച്ചു. വരുമാന നികുതിയെ കൂടാതെ മറ്റു സേവന നികുതിയിലും ഇളവ് വരുത്തും.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെട്ടതോടെ നികുതിയില്‍ ഇളവ് നല്‍കാന്‍ കഴിയുമെന്നാണ് വരേദ്കര്‍ ഉറപ്പ് നല്‍കിയത്. വരുമാന പരിധി ഉയര്‍ത്തുന്നതിലൂടെ ശരാശരി വരുമാനക്കാര്‍ക്ക് നികുതി ഭാരം കുറയ്ക്കാനാവും. നികുതിയോടൊപ്പം തന്നെ രാജ്യത്തെ ഭവന രഹിത പ്രതിസന്ധിക്ക് തടയിടാന്‍ ഫൈന്‍ ഗെയ്ല്‍ പുതിയ പദ്ധതി തയ്യാറാക്കും.

രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിച്ച് തൊഴില്‍ മേഖല ശക്തിപ്പെടുത്തും. തൊഴിലില്ലായ്മ ഒരു ശതമാനത്തിലേക് കുറച്ചുകൊണ്ട് വരും. അടുത്ത പ്രസിഡന്റ് തെരെഞ്ഞെടുപ്പ് മുതല്‍ രാജ്യത്തിന് പുറത്തുള്ള എല്ലാ ഐറിഷുകാര്‍ക്കും വോട്ടു ചെയ്യാന്‍ അവസരം ലഭിക്കുന്ന നിയമം നടപ്പാക്കും. തകര്‍ന്നുവീഴുന്ന ഫൈന്‍ ഗെയ്ലിന്റെ പ്രതിച്ഛായ പാര്‍ട്ടികോണ്‍ഗ്രസ്സിലൂടെ വീണ്ടെടുക്കാനുള്ള ശ്രമമാണ് വരേദ്കര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആരോപണം ഉയര്‍ത്തി.

കഴിഞ്ഞ 6 മാസങ്ങള്‍ക്കിടയില്‍ നടത്തപ്പെട്ട അഭിപ്രായ സര്‍വേകളില്‍ ഫൈന്‍ ഗെയ്ലിന്റെ സ്ഥാനം ഫിയാനാ ഫോലിനും, സിന്‍ഫിനിനും താഴെ എത്തിയിരുന്നു. ഇരു പാര്‍ട്ടികള്‍ക്കും കൂടിവരുന്ന ജന പിന്തുണ ഫൈന്‍ ഗെയ്ലിനെ തൂത്തെറിയുമെന്ന ധാരണ പാര്‍ട്ടിക്കിടയില്‍ രൂക്ഷമായി തുടങ്ങിയിരുന്നു. ഇതിനെ പ്രതിരോധിക്കാനാണ് പുതിയ അടവ് നയവുമായി വരേദ്കര്‍ രംഗത്ത് എത്തിയിരിക്കുന്നതെന്ന ആക്ഷേപവും ശക്തമാവുകയാണ്. ഫൈന്‍ ഗെയ്ല്‍ നേതാവ് എന്ന നിലയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള വരേദ്കറിന്റെ പ്രഖ്യാപനം രാഷ്ട്രീയ പ്രേരിതമാണെന്നും എതിര്‍ പാര്‍ട്ടികള്‍ ആരോപണം ഉയര്‍ത്തുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: