ഇനി പത്ത് മിനിറ്റ് കൊണ്ട് കാന്‍സര്‍ രോഗനിര്‍ണയം നടത്താം; പുതിയ ടെസ്റ്റ് വികസിപ്പിച്ച് ഗവേഷകര്‍

പത്ത് മിനിറ്റ് കൊണ്ട് ഇനി കാന്‍സര്‍ രോഗനിര്‍ണയം നടത്താന്‍ സാധിക്കും. ഓസ്ട്രേലിയയിലെ ഗവേഷകരാണു പത്ത് മിനിറ്റ് കൊണ്ട് രോഗനിര്‍ണയം നടത്താന്‍ സാധിക്കുന്ന ടെസ്റ്റ് വികസിപ്പിച്ചെടുത്തത്. ഈ ടെസ്റ്റിലൂടെ മനുഷ്യശരീരത്തില്‍ ക്യാന്‍സര്‍ കോശങ്ങളുടെ സാന്നിധ്യം എവിടെയൊക്കെ ഉണ്ടെന്നു കണ്ടെത്താന്‍ സാധിക്കും. വെള്ളത്തില്‍ പ്ലേസ് ചെയ്താല്‍ കാന്‍സറിന്റേത് തനതായ ഡിഎന്‍എ ഘടനയായിരിക്കുമെന്നു ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് ക്വീന്‍സ്ലാന്‍ഡിലെ ഗവേഷകര്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് രോഗ നിര്‍ണയം നടത്താന്‍ സാധിക്കുന്ന ടെസ്റ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ഈ ടെസ്റ്റ് ഇപ്പോഴും വികസന ഘട്ടത്തിലാണ്. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് എന്ന മാസികയില്‍ പഠനഫലം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വളരെ ലളിതവും ചെലവ് കുറഞ്ഞതുമാണ് ഈ ടെസ്റ്റ്. അതിനാല്‍ തന്നെ ക്ലിനിക്കുകളില്‍ ഈ ടെസ്റ്റ് എളുപ്പം നടപ്പിലാക്കാന്‍ സാധിക്കുന്നതാണെന്നു ഗവേഷക സംഘത്തിലെ ലോറ കാരസ്‌കോസ പറഞ്ഞു.

മനുഷ്യരുടെ 200 കാന്‍സര്‍ സാംപിളുകള്‍, ഡിഎന്‍എ എന്നിവ ഉള്‍പ്പെട്ട ടെസ്റ്റില്‍ 90 ശതമാനവും കൃത്യമാണെന്നു തെളിഞ്ഞു. ഈ ടെസ്റ്റ് കൂടുതല്‍ വികസിപ്പിക്കാനും, വാണിജ്യപങ്കാളിയെ കണ്ടെത്താനുള്ള ശ്രമത്തിലുമാണു ഗവേഷകര്‍.

നേരത്തേ രോഗനിര്‍ണയം നടത്തിക്കഴിഞ്ഞാല്‍ ചികിത്സയും, ശസ്ത്രക്രിയയും വിജയകരമാകുമെന്നതിനാല്‍ ആരംഭഘട്ടത്തില്‍ തന്നെ കാന്‍സറിനെ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍ക്കു വേണ്ടി ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷമാദ്യം, ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ഗവേഷകര്‍ CancerSEEK എന്ന പേരിലൊരു രക്ത പരിശോധന വികസിപ്പിച്ചെടുത്തിരുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: