ഇനി കോണ്‍ഗ്രസിനൊപ്പം; കേരള ജനപക്ഷം യു.ഡി.എഫില്‍ ലയിക്കുമെന്ന് പി.സി ജോര്‍ജ്

കോട്ടയം: പി സി ജോര്‍ജ് യുഡിഎഫിലേക്ക് മടങ്ങിയെത്തുന്നു. പ്രവേശനം ചര്‍ച്ച ചെയ്യാന്‍ ജനപക്ഷം പ്രത്യേക സമിതി രൂപീകരിച്ചു. കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പി സി ജോര്‍ജ് അറിയിച്ചു. സിപിഎം, ബിജെപി എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേരള കോണ്‍ഗ്രസ് എമ്മുമായും കെ എം മാണിയുമായും തെറ്റിപ്പിരിഞ്ഞാണ് പിസി ജോര്‍ജ് യുഡിഎഫില്‍ നിന്ന് പുറത്തിറങ്ങിയത്. പിന്നീട് ഒറ്റയ്ക്ക് നിന്ന് പൂഞ്ഞാറില്‍ വിജയക്കൊടി പാറിച്ചു. ഏറെക്കാലം ആരുമായും സഹകരിക്കാതെ സ്വതന്ത്ര നിലപാടുമായി ജോര്‍ജ് മുന്നോട്ട് പോയി. ഇതിനിടെ ശബരിമല വിഷയത്തില്‍ ജനപക്ഷം പാര്‍ട്ടി ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. നിയമസഭയില്‍ ഒ രാജഗോപാലിനൊപ്പം കറുപ്പുടുത്തെത്തിയും പിസി ജോര്‍ജ് ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ബിജെപി-എന്‍ഡിഎ മുന്നണിയുമായുള്ള സഹവാസം അവസാനിപ്പിക്കാനും യുഡിഎഫിലേക്ക് തിരികെയെത്താനുമുള്ള നീക്കമാണ് പൂഞ്ഞാര്‍ എംഎല്‍എ നടത്തുന്നത്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട ലോക്‌സഭാ മണ്ഡലം ജോര്‍ജ് ലക്ഷ്യമിടുന്നുണ്ട്. പത്തനംതിട്ടയിലോ കോട്ടയത്തോ മത്സരിക്കാനായിരുന്നു നോട്ടം. ഇക്കാര്യം ബി.ജെ.പി നേതൃത്വവുമായി ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യമില്ലെന്ന് പി.സി ജോര്‍ജ് അറിയിക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: