“ഇനിയൊരിക്കലും സ്ത്രീ വിരുദ്ധ സിനിമകളുടെ ഭാഗമാകില്ല” – പൃഥ്വിരാജ്

ഇനിയൊരിക്കലും സ്ത്രീ വിരുദ്ധ സിനിമകളുടെ ഭാഗമാകില്ലെന്ന് പ്രഖ്യാപിച്ച് നടന്‍ പൃഥ്വിരാജ്. തന്റെ മുന്‍കാല ചിത്രങ്ങളിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് പൊതുസമൂഹത്തോട് മാപ്പ് പറയുന്നതായും പൃഥ്വി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. മലയാള സിനിമാ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു നടന്‍ തന്റെ സിനിമകളിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ മാപ്പ് പറയുന്നത്.

‘നിര്‍ഭയത്വം’ എന്ന അര്‍ത്ഥം വരുന്ന കറേജ് എന്ന തലക്കെട്ടോടെയാണ് പൃഥ്വിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ആക്രമണത്തിന് ഇരയായ നടിയുടെ സിനിമയിലേക്ക് തിരിച്ചെത്താനുള്ള തീരുമാനത്തെ പ്രകീര്‍ത്തിച്ച് കൊണ്ടാണ് പോസ്റ്റിന്റെ തുടക്കം. അസാമാന്യമായ ധൈര്യമാണ് നടിയുടേത്. ധീരമായ തീരുമാനമെടുത്ത നടിയ്ക്ക് വേണ്ടി എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിക്കണമെന്നും നടന്‍ പോസ്റ്റില്‍ ആവശ്യപ്പെട്ടു. തന്റെ ജീവിതം നിരന്തരം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാകുമെന്ന് അറിഞ്ഞിട്ടും അവള്‍ തന്റെ ജോലിയിലേക്ക് തിരിച്ചുവരാന്‍ തീരുമാനിച്ചിരിക്കുകയാണ്. നിരവധി പേര്‍ക്ക് മാതൃകയും നിരവധി പേര്‍ക്ക് വഴികാട്ടുന്ന വെളിച്ചവുമാണ് നടിയുടെ തീരുമാനമെന്നും പൃഥ്വി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സ്ത്രീകളുടെ ആത്മാഭിമാനത്തെ പരിഹസിക്കുന്ന പരാമര്‍ശങ്ങള്‍ സിനിമയിലെ തന്റെ കഥാപാത്രങ്ങള്‍ ഇനിമേല്‍ പറയില്ല. പക്വതയില്ലാത്ത സമയത്താണ് താന്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുള്ള സിനിമകളുടെ ഭാഗമായത്. തന്റെ കഥാപാത്രം പറഞ്ഞ വാക്കുകള്‍ സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതായിരുന്നു. അത് നേടിതന്ന ഓരോ കയ്യടിക്കും താന്‍ തലകുനിക്കുന്നതായും പൃഥ്വിരാജ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

എന്റെ സിനിമകളില്‍ സ്ത്രീവിരുദ്ധത ആഘോഷിക്കാന്‍ ഇനിയൊരിക്കലും ഞാന്‍ അനുവദിക്കില്ല. ഞാനൊരു നടനാണ്, ഇതാണ് എന്റെ ക്രാഫ്റ്റ്. സദാചാര ബോധമില്ലാത്ത കഥാപാത്രങ്ങള്‍ സ്‌ക്രീനില്‍ ഇനിയും ഞാന്‍ ചെയ്യും. പക്ഷെ അത്തരം കഥാപാത്രങ്ങളെ വാഴ്ത്താനോ ന്യായീകരിക്കാനോ ഒരിക്കലും ഞാന്‍ അനുവദിക്കില്ല. പൃഥ്വിരാജ് പറഞ്ഞു.

എ എം

Share this news

Leave a Reply

%d bloggers like this: