ഇനിയും നടപ്പില്‍ വരുത്താത്ത പഴകിയ വാഗ്ദാനങ്ങള്‍ വീണ്ടും മുന്നോട്ടുവെച്ച് ഗവണ്‍മെന്റ്; നേഴുമാരുടെ ഐക്യമുന്നേറ്റത്തിന് തടയിടാന്‍ പുതിയ അടവുകളെന്ന് ആരോപണം

ഡബ്ലിന്‍: അയര്‍ലണ്ടിലെ നഴ്സുമാര്‍ സമരരംഗത്തിറങ്ങിയിട്ട് ദിവസങ്ങളായി. ഇപ്പോള്‍ അവര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ വര്‍ഷങ്ങളായി അവര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നതാണ്. ഭൂമിയിലെ മാലാഖമാര്‍ തുടങ്ങിയ ആലങ്കാരിക വിശേഷണങ്ങള്‍ കൊടുക്കുന്നതിനപ്പുറം അവരുടെ പ്രശ്നങ്ങള്‍ക്കു ചെവികൊടുക്കാനോ അവ പരിഹരിക്കാനോ ഭരണകൂടം തയ്യാറാകുന്നില്ല എന്നിടത്താണ് നഴ്സുമാര്‍ സമരം ചെയ്യേണ്ടി വരുന്നത്. രോഗികളെ കരുണയോടെ പരിചരിക്കേണ്ടത് നേഴ്സുമാരുടെ ജോലിയാണ് തീര്‍ച്ചയായും ഒരു സേവനവുമാണ്. എന്നാല്‍ മറ്റ് ഏതൊരു തൊഴില്‍ മേഖലയിലെയും പോലെ തന്നെ ചെയ്യുന്ന ജോലിക്ക് മാന്യമായ വേതനം കിട്ടാനുള്ള അവരുടെ അവകാശത്തെ ‘സേവനം’ എന്ന വാക്ക് മറയാക്കി കാലങ്ങളായി ചൂഷണം ചെയ്തു വരികയാണ് ഇവിടുത്തെ ഗവണ്‍മെന്‍ഡും ആരോഗ്യ മേഖലയും.

2008 മുതല്‍ വെട്ടിക്കുറച്ച ശമ്പളം 12 ശതമാനമായി പുനഃസ്ഥാപിക്കണമെന്ന് INMO ഉള്‍പ്പെടെയുള്ള നേഴ്സുമാരുടെ സംഘടനകള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ചര്‍ച്ചകള്‍ ഫലം കാണാതെപോയതോടെയാണ് ശക്തമായ സമരനടപടികളുമായി നേഴ്സുമാര്‍ ഈ വര്‍ഷം ആദ്യം രംഗത്തിറങ്ങുന്നത്. കൊടിയ മഞ്ഞിലും നാല്പത്തിനായിരത്തോളം നേഴ്‌സുമാരും മിഡ്വൈഫുമാരും തണുത്ത് വിറച്ച് പ്രതിഷേധ പ്രകടങ്ങളിലും പിക്കറ്റിങ്ങിലും പങ്കുചേര്‍ന്നു. ശക്തമായ പൊതുജനപിന്തുണയും നേഴ്സുമാര്‍ക്ക് അനുകൂലമായതോടെ കാര്യങ്ങള്‍ ഗവണ്മെന്റിന്റെ കൈവിട്ടു തുടങ്ങി. എന്നാല്‍ ഈ അവസരത്തില്‍ ലേബര്‍ കോര്‍ട്ടിന്റെ മറപറ്റി നേഴ്സുമാരുടെ പ്രതിഷേധം തണുപ്പിക്കാന്‍ ഗവണ്മെന്റ് നടത്തിയ ശ്രമങ്ങള്‍ ഇന്നലെ INMO പ്രഖ്യാപിച്ച പണിമുടക്കില്‍ നിന്നുള്ള പിന്മാറ്റത്തോടെ ഒരു പരിധിവരെ വിജയം കണ്ടു എന്ന് വേണം കരുതാന്‍.

ബാലറ്റ് വോട്ടെടുപ്പിലൂടെ സമരത്തിനിറങ്ങിത്തിരിക്കാന്‍ അഭിപ്രായം രേഖപ്പെടുത്തിയ 95 ശതമാനം നഴ്സുമാരില്‍ പലര്‍ക്കും ഇപ്പോഴത്തെ പിന്മാറ്റത്തില്‍ സംതൃപ്തരല്ല. 12 ശതമാനം വേതന വര്‍ധനവിന് വേണ്ടി ആവശ്യപ്പെട്ട നേഴ്സുമാര്‍ക്ക് ഗവണ്മെന്റ് വാഗ്ദാനം ചെയ്തിരിക്കുന്നത് 7.3 ശതമാനം മാത്രമാണ്. സാലറി സ്‌കെയിലിലും അലവന്‍സിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് പറയുന്നതല്ലാതെ കൃത്യമായ കണക്കുകള്‍ നല്‍കാന്‍ ഗവണ്‍മെന്റ് തയ്യാറായിട്ടില്ല. കൂടുതല്‍ വിലപേശലുകള്‍ നടത്താനുണ്ടെന്നും എന്നാല്‍ തത്കാലത്തേക്ക് പണിമുടക്കില്‍ നിന്ന് പിന്മാറുന്നുവെന്നാണ് INMO ജനറല്‍ സെക്രട്ടറി ഫില്‍ നീ ഷീഗ്ധ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. എന്നാല്‍ താത്കാലിക വാഗ്ദാനങ്ങള്‍ നല്‍കി വീണ്ടും നേഴ്സുമാരെ കുറഞ്ഞ വേതനത്തില്‍ പണിയെടുപ്പിക്കാനുള്ള ഗവണ്മെന്റിന്റെ ചതിക്കുഴിയില്‍ വീഴാന്‍ നേഴ്സിങ് സംഘടനകള്‍ തയ്യാറാകരുതെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി നേഴ്സുമാര്‍ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്.
പുതിയ പ്രൊപ്പോസല്‍ ബാലറ്റിനിട്ട് അംഗങ്ങളുടെ അഭിപ്രായമറിഞ്ഞതിനു ശേഷമാകും INMO അന്തിമ തീരുമാനമെടുക്കുക.

സുരക്ഷിതമല്ലാത്ത സ്റ്റാഫിംഗ് ലെവല്‍ ക്രമപ്പെടുത്താനും, അടിയന്തര റിക്രൂട്ട്മെന്റ് നടത്താനും, ജീവനക്കാരെ നിലനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഗവണ്‍മെന്റ് വാഗ്ദാനം നല്‍കുന്നുണ്ടെങ്കിലും ഇതേ വാഗ്ദങ്ങള്‍ മുന്‍പേ നല്‍കിയിട്ടുണ്ടെന്നും അതൊന്നും നടപ്പില്‍ വരുത്താന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും നേഴ്‌സ്മാര്‍ക്ക് ആരോപണം ഉന്നയിക്കുന്നു. നിലവിലെ ശമ്പള സ്‌കെയില്‍ അനുസരിച്ച് നഴ്സസിങ് വിദ്യാര്‍ത്ഥികള്‍ക്കും മിഡൈ്വഫുമാര്‍ക്കും പ്രതിവര്‍ഷം 14,243 യൂറോയാണ് ശമ്പളം. സ്റ്റാഫ് നേഴ്‌സുമാര്‍ക്ക് പ്രതിവര്‍ഷം 24,850 യൂറോയും സീനിയര്‍ സ്റ്റാഫ് നേഴ്‌സിന് 47,898 യൂറോയുമാണ് നിലവിലെ ശമ്പളം. 2018-2020 കാലയളവില്‍ 6.4 ശതമാനത്തില്‍ നിന്ന് 7.2 ശതമാനം ശമ്പളവര്‍ധനവാണ് ഗവണ്മെന്റ് മുന്നോട്ടുവെച്ചിരുന്നത്. ഇതില്‍ നിന്നും കാര്യമായ മാറ്റത്തിനും പുതിയ പ്രൊപ്പോസലില്‍ ഗവണ്‍മെന്റ് തയ്യാറായിട്ടില്ല എന്നുള്ളത് ശ്രദ്ധേയമാണ്.ഇതിലൂടെ സമരം വിജയിച്ചുവെന്ന് വരുത്തി തീര്‍ത്ത് നേഴ്‌സുമാരെകൊണ്ട് ഏതുവിധേനയും പണിമുടക്ക് അവസാനിപ്പിക്കാനുള്ള വഴികളാണ് ഗവണ്‍മെന്റ് നടത്തുന്നത്. കാര്യമായ നേട്ടങ്ങളൊന്നും പണിമുടക്ക് നടത്തിയവര്‍ക്ക് ലഭിക്കുകയുമില്ല.

കുറഞ്ഞ വേതനവും അമിത ജോലി ഭാരവും മൂലം നഴ്‌സുമാരുടെയും രോഗികളുടെയും സുരക്ഷ ഒരുപോലെ പ്രതിസന്ധിയിലായതോടെയാണ് INMO പണിമുടക്കിന് ആഹ്വാനം ചെയ്തത്. പണിമുടക്ക് നടത്തുന്നതില്‍ അംഗങ്ങളുടെ അഭിപ്രായമറിയാന്‍ ഡിസംബറില്‍ നടത്തിയ ബാലറ്റ് വോട്ടെടുപ്പില്‍ 95 ശതമാനം നേഴുമാരും സമരത്തെ അനുകൂലിച്ചിരുന്നു. ഇതോടെയാണ് ജനുവരി 30 ന് ആദ്യ 24 മണിക്കുര്‍ പണിമുടക്ക് അരങ്ങേറിയത്. പിന്നാലെ ഈ മാസം 5,7 തിയതികളിലും ആരോഗ്യമേഖലയെ നിശ്ചലാവസ്ഥയിലാക്കി നേഴ്‌സുമാരുടെ പണിമുക്കുകള്‍ നടന്നു. പണിമുടക്ക് പിന്‍വലിക്കാന്‍ HSE അവസാനവട്ട ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. ഗവണ്മെന്റ് നേഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതില്‍ വിമുഖത കാണിച്ചതോടെ നേഴ്‌സുമാര്‍ പ്രതിഷേധം കടുപ്പിക്കുകയായിരുന്നു. പൊതുജനങ്ങളും, പ്രതിപക്ഷ ആര്‍ട്ടികളും നേഴ്സുമാരോടൊപ്പം ഗവണ്മെന്റിനെതിരെ വിമര്‍ശനം ഉയര്‍ത്തിയതോടെയാണ് ഗവണ്മെന്റ് ചര്‍ച്ചയ്ക്ക് തയ്യാറായത്.

Share this news

Leave a Reply

%d bloggers like this: