ഇടുക്കി ഡാമില്‍ ട്രയല്‍ റണ്‍: 12 മണിക്ക് ഒരു ഷട്ടര്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തും

കനത്ത മഴയും ക്രമാതീതമായി ജലനിരപ്പ് ഉയരുന്നതും കണക്കിലെടുത്ത് ഇടുക്കി അണക്കെട്ടില്‍ ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. അഞ്ച് ഷട്ടറുകളില്‍ മധ്യഭാഗത്തെ ഷട്ടര്‍ ആകും തുറക്കുക. ഉച്ചയ്ക്ക് 12 മണിക്ക് ഷട്ടര്‍ തുറക്കാനാണ് തീരുമാനം. 50 സെന്റീമീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തുക. സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലമാണ് ഒഴുക്കി വിടുക. നാല് മണിക്കൂര്‍ നേരം തുറന്നിടും. ചെറുതോണി ഡാമിന്റെ താഴ്ത്തുള്ളവരും ചെറുതോണി, പെരിയാര്‍ നദികളുടെ 100 മീറ്റര്‍ പരിധിയിലുള്ളവരും സംരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കളക് ടര്‍ അറിയിച്ചു

10 മിനിറ്റ് സമയം എടുത്ത് 50 സെന്റിമീറ്റര്‍ ഷട്ടര്‍ ഉയര്‍ത്തും. ഇങ്ങനെ നാലുമണിക്കൂര്‍ സമയം വെള്ളം തുറന്നുവിടും. സെക്കന്റില്‍ 50 ക്യുബിക് മീറ്റര്‍ ജലമാണ് പുറത്തേക്ക് ഒഴുകുക. ഇങ്ങനെ 7,200,00 ക്യുബിക് മീറ്റര്‍(0.72 ദശലക്ഷം ക്യുബിക് മീറ്റര്‍) ജലം നഷ്ടമാകും. ലോവര്‍പെരിയാറില്‍ 4.55 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളമാണ് ശേഷി. ഇടുക്കിയില്‍ നിന്ന് തുറന്ന് വിടുന്നത് ലോവര്‍പെരിയാറിന്റെ ശേഷിയുടെ ആറരശതമാനത്തോളം വെള്ളംമാത്രം. അതായത് 1.058 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള അത്രയും ജലം. ഇതുവഴി മണിക്കൂറിന് പത്ത് ലക്ഷം എന്ന നിലയില്‍ 40 ലക്ഷം രൂപയുടെ നഷ്ടമാണ് വൈദ്യുതി വകുപ്പിന് ഉണ്ടാകുക.

ഇടുക്കി ഡാമിന്റെ പരമാവധി സംഭരണശേഷി 2,403 അടിയാണ്. നിലവിലെ ജലനിരപ്പ് 2,398.81 ആണ്. ജലനിരപ്പ് 2,397 അടിയാകുമ്പോള്‍ ട്രയല്‍ റണ്‍ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇടയ്ക്ക് മഴ കുറയുകയും ജലനിരപ്പ് ചെറിയതോതില്‍ താഴുകയും ചെയ്തതോടെ ട്രയല്‍ റണ്ണിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി സംസ്ഥാനം വീണ്ടും കനത്തമഴയില്‍ മുങ്ങി. ഇടുക്കിയിലും ശക്തമായ മഴയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെയ്യുന്നത്. ഇതോടെ നിരൊഴുക്ക് വര്‍ധിക്കുകയും ഡാമിലെ ജലനിരപ്പ് വളരെപ്പെട്ടെന്ന് ഉയരുകയുമായിരുന്നു.

കൂടാതെ ഇടമലയാര്‍ ഡാം അതിന്റെ പരമാവധി ശേഷിയിലെത്തിക്കഴിഞ്ഞതോടെ ഡാമിന്റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ അഞ്ച് മണിക്കാണ് ഷട്ടറുകള്‍ തുറന്നത്. സെക്കന്റില്‍ 600 ഘനയടി വെള്ളമാണ് ഒഴിക്കിക്കളയുന്നത്. എന്നിട്ടും ഡാമിലെ ജലനിരപ്പില്‍ കാര്യമായ കുറവ് വന്നിട്ടില്ല. അതിനാല്‍ ഒഴുക്കുന്ന വെള്ളത്തിന്റെ അളവില്‍ വര്‍ധന വരുത്താനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

പുഴയില്‍ ഇറങ്ങറുന്നതിനും, കുളിക്കുന്നതിനും, മത്സ്യം പിടിക്കുന്നതിനും, സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്ഇ ടമലയാര്‍ ഡാമിന്റെ ഷട്ടര്‍ രാവിലെ അഞ്ച് മണിക്ക് തന്നെ തുറന്നു. ഈ വെള്ളം അഞ്ച്, ആറ് മണിക്കൂര്‍ നേരം കൊണ്ട് അലൂവയിലെത്തിയേക്കും. ഇടമലയാറിലെ ജലനിരപ്പ് താഴ്ന്നശേഷം ഇടുക്കി അണക്കെട്ട് തുറക്കുന്നതിന്റെ ട്രയല്‍ റണ്‍ നടത്തിയാല്‍ മതിയെന്നാണ് തീരുമാനം.

പെരിയാര്‍ കവിഞ്ഞൊഴുകി വെള്ളപ്പൊക്ക ഭീഷണി ഉണ്ടാകാതിരിക്കാനാണിത്. മാത്രമല്ല, വെള്ളമൊഴുകിയെത്തുന്ന താഴെയുള്ള ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ ശേഷികൂടി വിലയിരുത്തുമ്പോള്‍ രണ്ട് അണക്കെട്ടുകളും ഒരുമിച്ച് തുറക്കേണ്ടതില്ലെന്നാണ് വിലയിരുത്തല്‍. ട്രയല്‍ റണ്‍ എപ്പോള്‍ വേണമെന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനിക്കും.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: