ഇടുക്കി ഡാമിലെ ജലനിരപ്പ് കുറയുന്നില്ല: മൂന്നാംഘട്ട റെഡ് അലര്‍ട്ട് Live Updates

45:34 PM: ഡാമിലെ ജലനിരപ്പ് കുറയുന്നില്ല: ഇടുക്കിയില്‍ മൂന്നാംഘട്ട റെഡ് അലര്‍ട്ട്

തൊടുപുഴ: ഇടുക്കി ഡാമിലെ ട്രയല്‍ റണ്‍ തുടരാന്‍ തീരുമാനം. ഇതിന്റെ പശ്ചാത്തലത്തില്‍ കെഎസ്ഇബി അതീവജാഗ്രതാ നിര്‍ദേശമായ റെഡ് അലര്‍ട്ട് മൂന്നാമതും പ്രഖ്യാപിച്ചു. നാളെ രാവിലെ ഇടുക്കി-ചെറുതോണി ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കാനാണ് തീരുമാനം. ഇന്ന് ട്രയല്‍ റണ്‍ നടത്തിയിട്ടും ജലനിരപ്പ് ഗണ്യമായി കുറയാത്ത സാഹചര്യത്തിലാണ് കൂടുതല്‍ ഷട്ടറുകള്‍ തുറന്ന് ട്രയല്‍ റണ്‍ തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്.

നിലവില്‍ ഡാമിലെ ജലനിരപ്പ് 2,399.40 അടിയാണ്. 2,403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. ഡാമിന്റെ ഒരു ഷട്ടര്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തിയാണ് ട്രയല്‍ റണ്‍ നടത്തുന്നത്. ഇതിലൂടെ സെക്കന്റില്‍ 50,000 ലിറ്റര്‍ ജലമാണ് ഒഴുക്കിക്കളയുന്നത്. എന്നിട്ടും ഡാമിലെ ജലനിരപ്പ് കുറയുന്നില്ലെന്ന് കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കി. അതിനാല്‍ വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് കൂടുതല്‍ ജലം ഒഴുക്കിക്കളയാന്‍ തീരുമാനിച്ചതായി അധികൃതര്‍ പറഞ്ഞു.

45:34 PM: നീരൊഴുക്ക് കൂടുന്നു; ഇടുക്കിയില്‍ ഷട്ടര്‍ അടക്കില്ല

ചെറുതോണി: ഡാമിലേക്ക് ക്രമാതീതമായി വെള്ളം ഒഴുകിയെത്തുന്ന സാഹചര്യത്തില്‍ ട്രയല്‍ റണ്ണിന്റെ ഭാഗമായി തുറന്ന ചെറുതോണി ഡാമിന്റെ ഷട്ടര്‍ അടക്കില്ല. നാലു മണിക്കൂര്‍ ഷട്ടര്‍ തുറന്നുവെക്കുമെന്നായിരുന്നു അധികൃതര്‍ ആദ്യം പറഞ്ഞിരുന്നത്. നിലവില്‍ ഇടുക്കി അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്ന അളവില്‍ തന്നെ ഇന്ന് രാത്രിയും ജലം പുറത്തേക്ക് ഒഴുക്കുന്നത് തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടിട്ടും ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. മൂലമറ്റത്ത് വൈദ്യുതി ഉദ്പാദിപ്പിക്കാന്‍ ആവശ്യമായതിനേക്കാള്‍ ഏതാണ് അഞ്ചിരട്ടി വെള്ളമാണ് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് 24 മണിക്കൂര്‍ കഴിഞ്ഞേ ഡാം തുറക്കാവൂ എന്നാണ് ചട്ടം.

സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലമാണ് ഒഴുക്കി വിടുക. ചെറുതോണി ഡാമിന്റെ താഴ്ത്തുള്ളവരും ചെറുതോണി, പെരിയാര്‍ നദികളുടെ 100 മീറ്റര്‍ പരിധിയിലുള്ളവരും സംരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കളക് ടര്‍ ജീവന്‍ ബാബു അറിയിച്ചു. ഡാമില്‍ നിന്നും നാല് മണിക്കൂര്‍ കൊണ്ട് 7,200,00 ക്യുബിക് മീറ്റര്‍(0.72 ദശലക്ഷം ക്യുബിക് മീറ്റര്‍) ജലം നഷ്ടമാകും. ലോവര്‍പെരിയാറില്‍ 4.55 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളമാണ് ശേഷി. നേരത്തേ പറഞ്ഞിരുന്ന കണക്ക് പ്രകാരം നാലു മണിക്കൂര്‍ കൊണ്ട് ഇടുക്കിയില്‍ നിന്ന് തുറന്ന് വിടുന്നത് 1.058 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള അത്രയും ജലമാണ്. ഇതുവഴി മണിക്കൂറിന് പത്ത് ലക്ഷം എന്ന നിലയില്‍ 40 ലക്ഷം രൂപയുടെ നഷ്ടമാണ് വൈദ്യുതി വകുപ്പിന് ഉണ്ടാകുക.

ഇതിന് മുമ്പ് 1992 ലാണ് ഡാം തുറന്നത്. അന്ന് ഒക് ടോബറില്‍ ഞായറാഴ്ച രാവിലെ തുറന്ന ഷട്ടര്‍ താഴ്ത്തിയത് അഞ്ചാം ദിവസമായ വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്കായിരുന്നു.

4:54 PM: നെടുമ്പാശ്ശേരി വിമാനത്താവളം സാധാരണനിലയിലേക്ക്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍. കനത്ത മഴയെ തുടര്‍ന്ന് വിമാനങ്ങള്‍ ഇറങ്ങുന്നതും പുറപ്പെടുന്നതും ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിരോധനം പിന്‍വലിച്ചു.

സിയാല്‍ എം.ഡിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് വിമാനത്താവളത്തിലെ റണ്‍വേ അടക്കാനുള്ള തീരുമാനമെടുത്തത്. ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറന്ന സാഹചര്യത്തില്‍ പെരിയാറില്‍ വെള്ളം ഉയരാനുള്ള സാഹചര്യം കണക്കിലെടുത്തായിരുന്നു തീരുമാനം.

അതേ സമയം, സ്വാതന്ത്ര്യദിനാഘോഷത്തിന്റെ സുരക്ഷാക്രമീകരണത്തിെന്റ ഭാഗമായി ആഗസ്റ്റ് 10 മുതല്‍ 20 വരെ കൊച്ചി വിമാനത്താവളത്തിലെ ടെര്‍മിനലുകളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. യാത്രക്കാരല്ലാതെ ആരെയും ടെര്‍മിനലുകളില്‍ പ്രവേശിപ്പിക്കില്ല.

4:40 PM: ജലനിരപ്പ് താഴുന്നില്ല; നാളെ രാവിലെ മുതല്‍ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തും

4:38 PM: വയനാട്ടില്‍ റെഡ് അലേര്‍ട്ട് ;രക്ഷ ദൗത്യത്തിന് സൈന്യം.

 

4:28 PM: ആലുവാ മണപ്പുറം പൂര്‍ണമായും മുങ്ങി

ഇടമലയാര്‍ ഡാം തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് കുത്തനെ ഉയര്‍ന്നു. ആലുവാ മണപ്പുറം പൂര്‍ണമായും മുങ്ങി. വെള്ളം ഉയരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ ദേശീയ ദുരന്ത നിവാരണ സേനയെ സജ്ജമാക്കി നിര്‍ത്തിയിരിയ്ക്കുകയാണ്.

പെരിയാറിന്റെ ഇരുകരകളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിയ്ക്കുകയാണ്. പുലര്‍ച്ചയോടെ തന്നെ പെരിയാറിലെ ജലനിരപ്പുയര്‍ന്നു തുടങ്ങി. ഏഴു മണിയോടെ ജല നിരപ്പ് ഒന്നര അടിയിലെത്തി. ഇതോടെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. ആലുവ മണപ്പുറം പൂര്‍ണമായും മുങ്ങി.

4:28 PM: ചെറുതോണി: ഇടുക്കി അണക്കെട്ടില്‍ നിന്ന് ട്രയല്‍ റണ്ണിന്റെ ഭാഗമായി ഒരു ഷട്ടര്‍ ഉയര്‍ത്തിയെങ്കിലും ജലനരിപ്പ് ഉയരുന്നു. ഉച്ചയ്ക്ക് 12.30 ന് ഷട്ടര്‍ ഉയര്‍ത്തുമ്പോള്‍ 2398.98 അടിയായിരുന്നു ജലനിരപ്പ്. എന്നാല്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തി വെള്ളം പുറത്തേക്കൊഴുകി രണ്ടരമണിക്കൂര്‍ കഴിഞ്ഞിട്ടും ഡാമിലെ ജലനിരപ്പ് കുറഞ്ഞില്ല. അതേ സമയം കൂടുകയും ചെയ്തു.

കനത്ത മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ തന്നെയാണ് സാധ്യത. ഉച്ചയ്ക്ക് ശേഷം 3.05ന് 2399.24 അടിയായി ജലനിരപ്പ്.

4:20 PM: കാലവര്‍ഷക്കെടുതി നേരിടാന്‍ ക്രമീകരണങ്ങള്‍ ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സെക്രട്ടേറിയറ്റില്‍ 24 മണിക്കൂര്‍ നിരീക്ഷണ സെല്‍ രൂപീകരിച്ചു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ജനപ്രതിനിധികള്‍ സജീവ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

4.10 PM മഴക്കെടുതിയില്‍ മരണം 22

കനത്ത മഴയിലുണ്ടായ ഉരുള്‍പൊട്ടലിലും അപകടങ്ങളിലുമായി സംസ്ഥാനത്ത് 22 പേര്‍ ഇതുവരെ മരിച്ചു. നാല് പേരെ കാണാതായതായും സ്ഥിരീകരണം ഉണ്ട്. സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം രണ്ട് സംഘങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് ഇപ്പോള്‍ 22 അണക്കെട്ടുകളാണ് തുറന്നിരിക്കുന്നത്. ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത സ്ഥിതിയണ് ഇപ്പോഴത്തേത്.

4.04 PM  നെടുമ്പാശേരിയില്‍ വിമാനങ്ങള്‍ വീണ്ടും ഇറങ്ങി തുടങ്ങി

കൊച്ചി: ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്ന പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ലാന്‍ഡിങ് പുനരാരംഭിച്ചു. ഉച്ചയ്ക്ക് 1.10 മുതലാണ് വിമാനങ്ങളുടെ ലാന്‍ഡിങ് താത്കാലികമായി നിര്‍ത്തിവെച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്തിയ വിമാനത്താവള അധികൃതര്‍ 3.05 നു വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കുകയായിരുന്നു.

ഇടമലയാറില്‍ നിന്ന് എത്തുന്ന വെള്ളം പെരിയാര്‍ കവിഞ്ഞ് ചെങ്കല്‍ത്തോടും കവിഞ്ഞൊഴുകിയതോടെയാണ് ലാന്‍ഡിങ് നിര്‍ത്തിയത്. ചുറ്റുമതിലിന് പുറത്ത് വെള്ളം നിറഞ്ഞിട്ടുണ്ട്. റണ്‍വേയില്‍ നനവുണ്ടോ പരിശോധിച്ച ശേഷമാണ് വിമാനങ്ങളുടെ ലാന്‍ഡിങ് പുനഃരാരംഭിച്ചത്.

വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് 2013ല്‍ വിമാനത്താവളം അടച്ചിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് ഇടമലയാര്‍ ഡാം തുറന്നുവിട്ട സാഹചര്യത്തില്‍ സമീപത്തെ ചെങ്ങല്‍ കനാല്‍ നിറഞ്ഞുകവിഞ്ഞതോടെയാണ് അന്ന് വിമാനത്താവളം അടച്ചുപൂട്ടിയത്.

ചെങ്ങല്‍ കനാലിന്റെ ആഴം കൂട്ടിയും ബണ്ടുകള്‍ സ്ഥാപിച്ചും വിമാനത്താവളത്തെ വെള്ളപ്പൊക്കഭീഷണിയില്‍ നിന്നും സംരക്ഷിക്കാന്‍ നടപടികളെടുത്തിരുന്നു.

വെള്ളപ്പൊക്കെ ഭീഷണിയെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവള അധികൃതര്‍ അടിയന്തര ഹെല്‍പ് ലൈന്‍ തുറന്നിട്ടുണ്ട്. അന്താരാഷ്ട്ര ടെര്‍മിനലില്‍ ആരംഭിച്ച ഹെല്‍പ്പ് ലൈന്‍ നമ്പര്‍- 0484 3053500

3.50 PM

3.48 PM  സംസ്ഥാനത്ത് 22 ഡാമുകള്‍ തുറന്നു 

 

12..15 PM ഇടുക്കി: സംഭരണ ശേഷി കവിഞ്ഞ് വെള്ളം ഒഴുകിയെത്തിയതോടെ ഇരുപത്തിയാറു വര്‍ഷങ്ങള്‍ക്കുശേഷം ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. മൂന്നാമത്തെ ഷട്ടറാണ് 50 സെന്റി മീറ്റര്‍ ഉയര്‍ത്തിയത്. ജലനിരപ്പ് അതിവേഗം ഉയരുന്നതിനാലാണ് ഷട്ടറുകള്‍ തുറന്ന് ട്രയല്‍ റണ്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സെക്കന്‍ഡില്‍ 50 ഘന മീറ്റര്‍ വെള്ളം വീതം പുറത്തേക്കുവിട്ട് നാലു മണിക്കൂറായിരിക്കും അണക്കെട്ട് തുറക്കുക. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി. മുമ്പ് 1992 ഒക്ടോബറിലാണ് സമാന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത്.

അടുത്ത ദിവസങ്ങളിലായി മഴ കനത്തതും നീരൊഴുക്ക് വര്‍ധിച്ചതുമാണ് ഇന്ന് ട്രയല്‍ റണ്‍ നടത്താന്‍ അധികൃതരെ നിര്‍ബന്ധിതരാക്കിയത്. മഴ ശക്തമായതിനെ തുടര്‍ന്ന് ഡാമിലെ ജലനിരപ്പ് കഴിഞ്ഞ ദിവസം ക്രമാതീതമായി ഉയര്‍ന്നിരുന്നു. നിലവില്‍ 2,398.81 അടിയാണ് ഡാമിലെ ജലനിരപ്പ്. 2,403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. ഇടുക്കിയിലും ശക്തമായ മഴയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെയ്യുന്നത്. ഇതോടെ നിരൊഴുക്ക് വര്‍ധിക്കുകയും ഡാമിലെ ജലനിരപ്പ് വളരെപ്പെട്ടെന്ന് ഉയരുകയുമായിരുന്നു.

കൂടാതെ ഇടമലയാര്‍ ഡാം അതിന്റെ പരമാവധി ശേഷിയിലെത്തിക്കഴിഞ്ഞതോടെ ഡാമിന്റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ അഞ്ച് മണിക്കാണ് ഷട്ടറുകള്‍ തുറന്നത്. സെക്കന്റില്‍ 600 ഘനയടി വെള്ളമാണ് ഒഴിക്കിക്കളയുന്നത്. എന്നിട്ടും ഡാമിലെ ജലനിരപ്പില്‍ കാര്യമായ കുറവ് വന്നിട്ടില്ല. അതിനാല്‍ ഒഴുക്കുന്ന വെള്ളത്തിന്റെ അളവില്‍ വര്‍ധന വരുത്താനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

ഷട്ടര്‍ തുറന്നതിനാല്‍ ചെറുതോണി അണക്കെട്ടിന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും 100 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പു നല്‍കി. ട്രയല്‍ റണ്‍ ആണു നടത്തുന്നതെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും കലക്ടര്‍ അറിയിച്ചു. പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും മീന്‍പിടിക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തി.

രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം ഇടുക്കിയിലേക്ക് പോയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഹെലിക്കോപ്റ്ററിന്റെ സഹായവും തേടിയേക്കും. പെരിയാറില്‍ വെള്ളം ഒഴുകിയെത്തിയതിനെതുടര്‍ന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ട് പരിസരം അടക്കമുള്ള പ്രദേശങ്ങളില്‍ നേരിയതോതില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതികള്‍ മൂലം പ്രത്യേക സാഹചര്യമാണെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു

 

 

എ എം

Share this news

Leave a Reply

%d bloggers like this: