ഇടുക്കി അണക്കെട്ട് തുറന്നാല്‍ മുങ്ങുന്നത് 4500 കെട്ടിടങ്ങള്‍; അതീവ ജാഗ്രത നിര്‍ദ്ദേശം പിറപ്പെടുവിച്ചു; വെള്ളം ഒഴുകുന്നത് ഇതുവഴി…

ഇടുക്കി: അണക്കെട്ട് തുറന്നാല്‍ ജലം ഒഴുകിപ്പോകുന്ന പുഴയുടെ ഇരുവശങ്ങളിലും 4500 കെട്ടിടങ്ങളുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്ക്. വ്യവസായ സ്ഥാപനങ്ങളും വീടുകളും സ്‌കൂള്‍ കെട്ടിടങ്ങളും പട്ടികയിലുണ്ട്. ഇടുക്കി ഷട്ടര്‍ ഉയര്‍ത്തിയാല്‍ ജലം ആദ്യം ഒഴുകിയെത്തുന്നത് ചെറുതോണി പുഴയിലേക്കും തുടര്‍ന്ന് പെരിയാറിലേക്കുമാണ്. വ്യത്യസ്ത ഉപഗ്രഹങ്ങളില്‍നിന്ന് ശേഖരിച്ച വിവരങ്ങളും ഗൂഗിളില്‍നിന്ന് ലഭിച്ച വിവരങ്ങളും കോര്‍ത്തിണക്കിയാണ് പട്ടിക തയാറാക്കിയത്. വേള്‍ഡ് വ്യൂ, ഐക്കനോസ്, സ്‌പോട്ട് തുടങ്ങിയ ഉപഗ്രഹങ്ങളില്‍നിന്ന് ലഭിച്ച വിവരങ്ങളാണ് കെട്ടിടങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആശ്രയിച്ചത്.

ചെറുതോണി ഷട്ടര്‍ തുറന്നാല്‍ ചെറുതോണിപ്പുഴയിലേക്കാണ് വെള്ളം ആദ്യം എത്തുക. ഇടുക്കി, തങ്കമണി, ഉപ്പുതോട്, കഞ്ഞിക്കുഴി വില്ലേജുകളിലുള്ള കുടുംബങ്ങളെയാണ് കൂടുതല്‍ ബാധിക്കാന്‍ സാധ്യത. എന്നാല്‍, ഷട്ടറുകള്‍ തുറന്ന്‌ െവള്ളം പുറത്തേക്കൊഴുക്കുന്നത് നിയന്ത്രിതമായ അളവിലായതിനാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. അഡീഷനല്‍ ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ ജില്ലയില്‍ ക്യാമ്പ് ചെയ്താണ് സ്ഥിതി വിലയിരുത്തുന്നത്.

ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകള്‍ ചേര്‍ന്ന ഇടുക്കി പദ്ധതിയില്‍ ഷട്ടര്‍ തുറന്ന് ജലം പുറത്തേക്കൊഴുക്കുന്നത് ചെറുതോണി അണക്കെട്ടിലൂടെയാണ്. അത് തുറന്നാല്‍ ഇടുക്കി ജില്ല ആശുപത്രി സ്ഥിതി ചെയ്യുന്ന കുന്നി കിഴക്കു വശത്തുകൂടി ഒഴുകുന്ന ചെറുതോണി പുഴയിലാണ് ആദ്യം വെള്ളം എത്തുക. തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയിലെ ചെറുതോണി ചപ്പാത്തിലേക്ക് വെള്ളമൊഴുകും. ഇവിടെ വെള്ളം കരകവിഞ്ഞാല്‍ നിരവധി വീടുകളും കൃഷിയിടങ്ങളും വെള്ളത്തിലാകും. ഇടുക്കി-കട്ടപ്പന പാതയില്‍ ഗതാഗതം സ്തംഭിക്കും. തുടര്‍ന്ന് വെള്ളം തടിയമ്പാട്-കരിമ്പന്‍ ചപ്പാത്തിലൂടെ എറണാകുളം ജില്ല അതിര്‍ത്തിയായ ലോവര്‍ പെരിയാര്‍, പാംബ്ല അണക്കെട്ട് വഴി നേര്യമംഗലം, ഭൂതത്താന്‍കെട്ട്, ഇടമലയാര്‍ വഴി മലയാറ്റൂര്‍, കാലടി ഭാഗങ്ങളിലെത്തും. എറണാകുളം ജില്ലയിലെ ആലുവ, ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത്, മുളവുകാട് പഞ്ചായത്ത്, വല്ലാര്‍പാടം, എന്നീ പ്രദേശങ്ങളില്‍ ജലനിരപ്പ് ക്രമാതീമായി ഉയരും.

ജലനിരപ്പ് 2395 അടിയിലെത്തുമ്പോള്‍ ഡാം തുറക്കുന്നതിന് മുന്നോടിയായി കെ.എസ്.ഇ.ബി രണ്ടാമത്തെ ജാഗ്രത നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) നല്‍കും. ഇതിനു രണ്ടടി കൂടിയേ വേണ്ടൂ. ആദ്യ ജാഗ്രത നിര്‍ദേശം വ്യാഴാഴ്ച നല്‍കിയിരുന്നു. ഓറഞ്ച് അലര്‍ട്ടിനെ തുടര്‍ന്ന് റെഡ് അലര്‍ട്ടിനും ശേഷം അപായ സൈറണ്‍ മുഴക്കി 15 മിനിറ്റ് കഴിഞ്ഞേ ഡാം തുറക്കുകയുള്ളൂ. ജീപ്പില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തും. വെള്ളം തുറന്നുവിടുന്ന സമയത്ത് ആളുകള്‍ പുഴയില്‍ പോകുന്നത് ഒഴിവാക്കണം. സംഭരണശേഷിയുടെ 87 ശതമാനത്തിലേറെ വെള്ളം ഇപ്പോഴുണ്ട്. കഴിഞ്ഞവര്‍ഷം ഇതേ ദിവസങ്ങളില്‍ ഉണ്ടായിരുന്നത് 2319.08 അടിയും. മഴക്ക് നേരിയ ശമനമുണ്ടെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് മുകളിലേക്ക് തന്നെയാണ്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: