ഇടുക്കി അണക്കെട്ടിലേക്ക് ജലപ്രവാഹം കൂടുന്നു; എല്ലാ ഷട്ടറുകളും തുറന്നു ; വിമാനയാത്ര അനിശ്ചിതത്വത്തില്‍ Live Updates

7.58pm: 

എട്ടുജില്ലകളില്‍ റെഡ് അലര്‍ട്ട്
കനത്ത മഴ തുടരുന്നതിനാല്‍ എട്ടുജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇനിയും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. തീവ്രമായ മഴയുള്ള സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ ആഗസ്ത് 14 വരെയും ഇടുക്കി ജില്ലയില്‍ ആഗസ്ത് 13 വരെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ആഗസ്റ്റ് 11 വരെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഈ സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ ശ്രദ്ധിക്കണം. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങാതിരിക്കുവാനും ശ്രദ്ധിക്കണം.

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതിനോടകം 29 പേര്‍ മരിച്ചു. നാലുപേരെ കാണാതായി.വെള്ളിയാഴ്ച 10ന് വൈകിട്ട് നാലു മണി വരെയുള്ള കണക്കനുസരിച്ച് 25 പേര്‍ മണ്ണിടിച്ചിലിലും നാലു പേര്‍ മുങ്ങിയുമാണ് മരിച്ചത്.

പാലക്കാടും എറണാകുളത്തുമാണ് രണ്ടു പേര്‍ വീതം മുങ്ങിമരിച്ചത്. മലപ്പുറത്ത് ആറും ഇടുക്കിയില്‍ 12ഉം കോഴിക്കോട് ഒന്നും കണ്ണൂരില്‍ രണ്ടും വയനാട്ടില്‍ നാലും പേര്‍ മണ്ണിടിഞ്ഞ് വീണ് മരിച്ചു. ഇടുക്കിയില്‍ രണ്ടും മലപ്പുറത്തും പാലക്കാടും ഓരോരുത്തരെയും കാണാതായിട്ടുണ്ട്. 21 പേര്‍ക്ക് പരിക്കേറ്റു.

സംസ്ഥാനത്ത് ആരംഭിച്ച 439 ദുരിതാശ്വാസ ക്യാമ്പുകളിലായി 12240 കുടുംബങ്ങളിലെ 53501 പേര്‍ കഴിയുന്നു. വെള്ളിയാഴ്ച വൈകിട്ട് നാലു മണി വരെയുള്ള കണക്കാണിത്. ആലപ്പുഴയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പുകളില്‍ കഴിയുന്നവര്‍ ഉള്‍പ്പെടെയാണിത്. എറണാകുളത്ത് 68 ക്യാമ്പുകളിലായി 2795 കുടുംബങ്ങളിലെ 9476 പേര്‍ കഴിയുന്നു.

മലപ്പുറത്ത് 13 ക്യാമ്പുകളില്‍ 1050 പേര്‍ കഴിയുന്നുണ്ട്. ഇടുക്കിയില്‍ പത്ത് ക്യാമ്പുകളില്‍ 533 പേരുണ്ട്. കോഴിക്കോട് 848 പേര്‍ പതിനെട്ട് ക്യാമ്പുകളില്‍ കഴിയുന്നു. കണ്ണൂരില്‍ പത്ത് ക്യാമ്പുകളിലായി 539 പേരുണ്ട്. തൃശൂരില്‍ 13 ക്യാമ്പുകളില്‍ 1029 പേര്‍ താമസിക്കുന്നു. വയനാട് 113 ക്യാമ്പുകളിലായി 7367 പേര്‍ കഴിയുന്നു. പാലക്കാട് 19 ക്യാമ്പുകളില്‍ 3000 പേരുണ്ട്. കനത്തമഴയില്‍ സംസ്ഥാനത്ത് 71 വീടുകള്‍ ഭാഗികമായും 29 വീടുകള്‍ പൂര്‍ണമായും നശിച്ചു.

എറണാകുളത്തെ താഴ്ന്ന പ്രദേശങ്ങളില്‍ കോസ്റ്റ് ഗാര്‍ഡ് സംഘം ദുരിതാശ്വാസ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ചെല്ലപട്ടണത്ത് പതിനാലംഗ സംഘവും ആലുവയില്‍ 12 അംഗം സംഘവും പ്രവര്‍ത്തിക്കുന്നു. മറ്റൊരു സംഘം ബേപ്പൂരില്‍ നിന്ന് മുനമ്പത്തേക്ക് തിരിച്ചിട്ടുണ്ട്. ഒരു ടീമിനെ കൊച്ചിയില്‍ അടിയന്തരസാഹചര്യം നേരിടുന്നതിന് സജ്ജമാക്കിയിട്ടുണ്ട്.

5.58pm: 

കണക്കുകൂട്ടലുകള്‍ കവിഞ്ഞ് ജലത്തിന്റെ താണ്ഡവം. ഒന്നൊന്നായി ഷട്ടറുകള്‍ മുഴുവന്‍ തുറന്നിട്ടും പുറത്തേക്കൊഴുകുന്നതിനെക്കാള്‍ കൂടുതല്‍ ജലമാണ് ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്തുന്നത്. അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളില്‍ മൂന്നെണ്ണം ഒരു മീറ്ററും രണ്ടെണ്ണം 50 സെന്റീമീറ്ററുമാണ് ഉയര്‍ത്തിയത്. വലിയ അളവില്‍ വെള്ളം കുത്തിയൊലിച്ചെത്തി ഉച്ചയ്ക്ക് രണ്ട് മണിയോടെ ചെറുതോണി നഗരത്തിലെ പാലം കവിഞ്ഞ് വെള്ളം ഒഴുകി.

ഇത് മിനിറ്റുകള്‍ക്കുള്ളില്‍ വീണ്ടും ഉയര്‍ന്ന് പാലത്തിന് മുകളിലൂടെ ശക്തിയായി ഒഴുകി. കരയോട് ചേര്‍ന്ന് മരങ്ങളും കാടുപടലങ്ങളും തൂത്തെടുത്താണ് ജലത്തിന്റെ പ്രവാഹം. ചെറുതോണി പട്ടണത്തില്‍ റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞു. ചെറുതോണി-കട്ടപ്പന റൂട്ടില്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. അഞ്ച് ഷട്ടറുകളും തുറന്നതോടെ സെക്കന്‍ഡില്‍ 300 ക്യുമെക്സ് വെള്ളം വീതം പുറത്തേക്കൊഴുക്കിയിരുന്നത് ഘട്ടം ഘട്ടമായി 400,500, 600 ക്യുമെക്സ് വീതമാക്കുമെന്ന് കളക് ടര്‍ അറിയിച്ചു.

 

2.6pm: 

ഇടുക്കി അണക്കെട്ടിലേക്കുള്ള ജലപ്രവാഹം കൂടിയതോടെ ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു. ഉച്ചയോടെ നാല് ഷട്ടറും തുറന്നിരുന്നു. എന്നാല്‍ അണക്കെട്ടിലെ ജലനിരപ്പ് പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് എല്ലാ ഷട്ടറുകളും തുറന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്.

ഇതോടെ വലിയ അളവിലുള്ള വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. വെള്ളത്തിന്റെ അളവ് ആറ് ലക്ഷം ലിറ്ററാക്കാനാണ് ശ്രമം. ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒഴുക്കിവിട്ടിരുന്നത്. ഉച്ചയോടെ ഇത് മൂന്നു ലക്ഷം ലിറ്ററാക്കിയാണ് ഉയര്‍ത്തിയത്. ഇതോടെ ചെറുതോണി ടൗണില്‍ വെള്ളം കയറി. നിലവില്‍ 2401.60 അടിയാണ് ജലനിരപ്പ്. അണക്കെട്ടിന്റെ സംഭരണ ശേഷി 2403 അടിയാണ്.

ഇടുക്കിയില്‍ നിന്നും വെള്ളം കൂടുതല്‍ ഒഴുക്കിവിടുകയാണെങ്കില്‍ ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി വെള്ളം ഒഴുക്കിവിടുന്നത് നിയന്ത്രിക്കാനും സാധ്യതയുണ്ട്. നിലവില്‍ പെരിയാര്‍ രണ്ടായി പിരിയുന്ന ആലുവാ മണപ്പുറം വെള്ളത്തിനടിയിലാണ്. അങ്കമാലി കാലടി തുടങ്ങിയ ജനവാസ മേഖലകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ രാവിലെ എഴുമണിയോടെയാണ് തുറന്നത്. ട്രയല്‍ റണ്ണിന്റെ ഭാഗമായി വ്യാഴാഴ്ച തുറന്ന ഷട്ടര്‍ അടച്ചിരുന്നില്ല. പിന്നീട് മൂന്നാമത്തേതും ഉച്ചയ്ക്ക് ഒരു മണിയോടെ നാലമത്തെ ഷട്ടറും തുറന്നു.

വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം ചെറുതോണി പട്ടണത്തില്‍ റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞു. പാലത്തില്‍ വെള്ളം കയറി.

1.11: 

ചെറുതോണി ഡാമിന്റെ അഞ്ചാമത്തെ ഷട്ടറും ഉയര്‍ത്തി; ചരിത്രത്തില്‍ ആദ്യം

1.11:  അണക്കെട്ടിലെ അഞ്ചാമത്തെ ഷട്ടറും ഉടൻ തുറന്നേക്കും
1.09:  

ചെറുതോണി അണക്കെട്ടിന്റെ നാലാമത്തെ ഷട്ടറും തുറന്നു

12.20:  

ഇടുക്കി ഡാമിന്റെ നാലാമത്തെ ഷട്ടറും തുറക്കാന്‍ സാധ്യത; ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്താന്‍ രണ്ട് അടി മാത്രം; സെക്കന്റില്‍ പുറത്തുവരുന്നത് മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളം; കനത്ത ജാഗ്രതാ നിര്‍ദേശം

12.20:  

ഉച്ചയ്ക്ക് ശേഷം അണക്കെട്ടില്‍ നിന്ന് സെക്കന്റില്‍ 6 ലക്ഷം ലിറ്റര്‍ വെള്ളം ഒഴുക്കിക്കളയും; ടൗണില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു; ചെറുതോണി ടൗണിലേക്ക് വെള്ളം കയറുന്നു

12.16:  

കനത്ത മഴ തുടരുന്നതും ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളിലെ വെള്ളമെത്തുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാന സര്‍വീസ് തടസപ്പെടുമോയെന്ന ആശങ്കയുണ്ട്. ഇന്നലെ രണ്ടു മണിക്കൂറോളം വിമാനങ്ങളുടെ ലാന്‍ഡിങ് നിര്‍ത്തിവച്ചിരുന്നു.

പെരിയാര്‍ കരകവിഞ്ഞ് ചെങ്കല്‍ത്തോടും കവിഞ്ഞൊകി വരുന്ന വെള്ളം വിമാനത്താവളത്തില്‍ കയറും. മഴ കുറയാത്ത സ്ഥിതിയ്ക്ക് എപ്പോള്‍ വേണമെങ്കിലും നിയന്ത്രണം വരാം. റണ്‍വേയില്‍ വെള്ളം കയറിയിട്ടില്ലഎങ്കിലും ചുറ്റുമതിലിന് പുറത്ത് വെള്ളം നിറഞ്ഞിട്ടുണ്ട്. വിമാനത്താവളത്തിലേക്കുള്ള വഴികളിലും വെള്ളം കയറി. റണ്‍വേയില്‍ നനവുണ്ട് എങ്കില്‍ പരിശോധിച്ച ശേഷമേ ലാന്‍ഡിങ് അനുവദിക്കൂ. ഇടുക്കിയില്‍ മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടും ജലനിരപ്പ് കൂടുകയാണ്.

11.50: ഇടുക്കിയില്‍ റെഡ് അലെര്‍ട്ട്; ചെറുതോണിയില്‍ കൂടുതല്‍ ജാഗ്രത പ്രഖ്യാപിച്ചു

മൂന്ന് ഷട്ടറുകളില്‍ കൂടി 1.25 ലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്

11.40:

ഇടുക്കി: മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടും അനിയന്ത്രിതമായി വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ വെള്ളം ഒഴുക്കിക്കളയാന്‍ ധാരണ. കെ.എസ്.ഇ.ബിയും ഡാം സുരക്ഷാ അധികൃതരും തമ്മില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തി. നിലവില്‍ സെക്കന്റില്‍ ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒഴുക്കിവിടുന്നത്. ഇത് മൂന്നു ലക്ഷം ലിറ്ററാക്കി ഉയര്‍ത്താനാണ് ധാരണ.

നിലവില്‍ 2401.46 അടിയാണ് ജലനിരപ്പ്. അണക്കെട്ടിന്റെ സംഭരണ ശേഷി 2403 അടിയാണ്. ഇടുക്കിയില്‍ നിന്നും വെള്ളം കൂടുതല്‍ ഒഴുക്കിവിടുകയാണെങ്കില്‍ ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി വെള്ളം ഒഴുക്കിവിടുന്നത് നിയന്ത്രിക്കാനും സാധ്യതയുണ്ട്. നിലവില്‍ പെരിയാര്‍ രണ്ടായി പിരിയുന്ന ആലുവാ മണപ്പുറം വെള്ളത്തിനടിയിലാണ്. അങ്കമാലി കാലടി തുടങ്ങിയ ജനവാസ മേഖലകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ രാവിലെ എഴുമണിയോടെയാണ് തുറന്നത്. ട്രയല്‍ റണ്ണിന്റെ ഭാഗമായി വ്യാഴാഴ്ച തുറന്ന ഷട്ടര്‍ അടച്ചിരുന്നില്ല. വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം ചെറുതോണി പട്ടണത്തില്‍ റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞു. രണ്ട്, മൂന്ന്, നാല് ഷട്ടറുകളാണ് തുറന്നു വിട്ടത്. ജില്ലാ കളക്ടര്‍ ചെറുതോണിയിലെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചു. വ്യാഴാഴ്ച ഉച്ചയോടെ ഒരു ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിട്ടിരുന്നു. രാവിലെ ഏഴ് മണിയോടെയാണ് രണ്ടു ഷട്ടറുകള്‍ കൂടി തുറന്നുവിട്ടത്. ഇതോടെ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് അധികൃതര്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കി. ചെറുതോണിയില്‍ ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഷട്ടറുകള്‍ 40 സെ.മീറ്റര്‍ വീതമാണ് തുറന്നത്. ഇന്നലെ തുറന്ന ഒരു ഷട്ടറിന്റെ ഉയരം 50 ല്‍ നിന്ന് ഇന്ന് 40 ആക്കുകയും ചെയ്തു. 25 സെ.മീറ്റര്‍ ഉയര്‍ത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. അഞ്ചു ഷട്ടറില്‍ മധ്യഭാഗത്തെ ഷട്ടറായിരുന്നു ഇന്നലെ തുറന്നത്. നാല് മണിക്കൂറാണ് ട്രയല്‍ നിശ്ചയിച്ചിരുന്നതെങ്കിലും ജലനിരപ്പ് കൂടികൊണ്ടിരുന്നതിനാല്‍ പുലര്‍ച്ചവരെ ഷട്ടര്‍ തുറന്നിടാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: