ഇടുക്കിയില്‍ മലയോര മേഖലയില്‍ കര്‍ഷകര്‍ക്ക് പട്ടയം റദ്ധാക്കപ്പെടുന്ന ഭൂവിനിയോഗ നിയമങ്ങളില്‍ ഭേദഗതി ആവശ്യപെട്ട് മുന്‍ എം പി ജോയ്സ് ജോര്‍ജ്

ഇടുക്കി: മലയോരമേഖലയിലെ കര്‍ഷകര്‍ക്ക് കേരളത്തിലെ മറ്റു ജില്ലകളില്‍ താമസിക്കുന്നവരെപോലെതന്നെ അവകാശങ്ങള്‍ ഉണ്ടെന്ന് മുന്‍ എം പി ജോയ്സ് ജോര്‍ജ്. മുന്‍ കാലങ്ങളിലെ ഭൂവിനിയോഗ നിയമങ്ങളില്‍ ഭേദഗതി അനിവാര്യമായി നടപ്പാക്കിയില്ലെങ്കില്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ കാലിനടിയിലെ മണ്ണ് ചോര്‍ന്നു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉദ്യോഗസ്ഥര്‍ പട്ടയം റദ്ദാകുന്നതിന് അടിസ്ഥാനം പഴയകാല നിയമം തന്നെയാണ്. കൈവശഭൂമിക്ക് പട്ടയം പതിച്ചു നല്‍കുന്നതിനുള്ള നിയമങ്ങളും ചട്ടങ്ങളും മാറ്റം വരുത്തുകയാണ് വേണ്ടതെന്നും ജോയ്സ് ജോര്‍ജ് വ്യക്താക്കി. 1964 ലെ ഭൂവിനിയോഗ ചട്ടത്തിലെ നാലാം ചട്ടമനുസരിച്ചും, 1993 ലെ കുടിയേറ്റ ക്രമീകരിക്കല്‍ ചട്ടത്തിലെ നിബന്ധനകള്‍ അനുസരിച്ചും കൃഷി ചെയ്യുന്നതിനും വീട് വെയ്ക്കുന്നതിനുമാണ് പട്ടയം അനുവദിച്ചിട്ടുള്ളത്.

ഈ നിയമത്തിന്റെ പിന്‍ബലത്തില്‍ ആണ് ഇപ്പോള്‍ കൃഷി ഭൂമിയിലെ കെട്ടിട നിര്‍മാണം നിയന്ത്രിക്കുന്ന പുതിയ ഉത്തരവുകള്‍ ഉണ്ടായിട്ടുള്ളത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ നിയമങ്ങളില്‍ ഭേദഗതി വരാതിരിക്കുന്ന കാലത്തോളം കര്‍ഷകര്‍ക്ക് തങ്ങളുടെ പട്ടയം റദ്ദാക്കുക തന്നെ ചെയ്യും. കോടതിയുടെ നിരീക്ഷണവും നിയമത്തെ അടിസ്ഥാനപ്പെടുത്തി ആയതിനാല്‍ ഇതില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമാണ് നീതി ലഭിക്കാന്‍ ഭാഗ്യമുണ്ടാകുക.

പട്ടയം അനുവദിച്ചുകിട്ടുന്ന ഭൂമിയില്‍ കൃഷിയും, വീട് നിര്‍മ്മാണവും അല്ലാതെ മറ്റു കെട്ടിടങ്ങള്‍ പാടില്ലെന്നാണ് ചട്ടം. ചില കേസുകളില്‍ ഭൂമിയില്‍ വീട് നിര്‍മ്മാണത്തിന് പോലും അനുമതി ലഭിക്കാറില്ല. കൃഷിയെ അടിസ്ഥാനമാക്കി ജീവിക്കുന്നവര്‍ക്ക് കൃഷി മാത്രം പോര അത് വിപണനം ചെയ്യപ്പെടുന്ന സ്ഥലങ്ങളും അനിവാര്യമാണ്, എങ്കില്‍ മാത്രമേ കര്‍ഷകര്‍ക്കും പ്രയോജനമുള്ളു; അവിടെ കാര്‍ഷിക സമ്പദ് വ്യവസ്ഥയുള്ളു.

എന്നാല്‍ കെട്ടിടനിര്‍മ്മാണങ്ങള്‍ അനുവദിക്കാത്തതിനാല്‍ അവിടെ വാണിജ്യ- വ്യാപാരം നടത്താനുള്ള ഒരു മേഖലയും ഇല്ലാതാകുകയാണ്. മലയോര മേഖലകളില്‍ പരിസ്ഥിതി സന്തുലനം, പരിസ്ഥിതി ലോല പ്രദേശങ്ങള്‍ എല്ലാം അനിവാര്യമാണെങ്കിലും, ഒട്ടും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള അനുമതി നിഷേധിക്കപെടുകയാണ്; ഒരു കൂട്ടം മലയോര കര്‍ഷകരാണ് ഇതിന്റെ ഇരകള്‍ ആകുന്നതെന്നും ജോയ്സ് ജോര്‍ജ് പറയുന്നു. മുണ്ടക്കയം, കാഞ്ഞാര്‍, നേര്യമംഗലം പാലങ്ങള്‍ക്ക് ഇപ്പുറത്തേയ്ക്ക് വരുമ്പോള്‍ ഒരു നയവും അതിനപ്പുറത്തേക്ക് മറ്റൊരു നിലപാടും എടുക്കുന്ന ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സത്യസന്ധമായ നിലപാടെടുക്കാന്‍ തയ്യാറാവണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതിനാല്‍ ഇടുക്കിയിലെ കുടിയേറ്റ സമൂഹം നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കപ്പെടാന്‍ നിയമ ഭേദഗതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചതായും, ഈ പ്രതിസന്ധി പരിശോധിച്ച് ഉചിത നടപടികള്‍ കൈക്കൊള്ളുമെന്ന് ഉറപ്പ് ലഭിച്ചതായും മുന്‍ എം പി വ്യക്തമാക്കി. കൊച്ചിയിലെ മരട് ഫ്‌ലാറ്റ് വിവാദവും ഇത്തരം നിയമങ്ങളുടെ പിന്‍ബലത്തില്‍ കൂട്ടിച്ചേര്‍ക്കപെട്ടു എന്നും ജോയിസ് പറയുന്നു. ഒരു പ്രത്യേക സ്ഥലത്ത് താമസിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഒരു ജനതയെ അനധികൃത കുടിയേറ്റക്കാരായി ചിത്രീകരിക്കുന്ന; അവര്‍ക്ക് മറ്റു ജനതയെപോലെ അവകാശങ്ങള്‍ നിഷേധിക്കപെടുന്നത് തടയാന്‍ ഇടുക്കിയിലെ മലയോര കര്‍ഷകര്‍ രംഗത്തിറങ്ങണമെന്നും ജോയിസ് ആവശ്യപെട്ടു.

ജോയിസ് ജോര്‍ജിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

വാണിജ്യ സ്ഥാപനങ്ങള്‍ ജനസംസ്‌കൃതിയുടെ പ്രതീകമാണ് . വാണിജ്യ കേന്ദ്രങ്ങള്‍ ഇല്ലാതെ കാര്‍ഷിക സമ്പദ്ഘടനയ്ക്കു നിലനില്‍ക്കാന്‍ ആവില്ല. വിപണന സൗകര്യം ഇല്ലാതെ കൃഷി ചെയ്യുക എങ്ങനെ എന്നത് നിയമജ്ഞര്‍ വിശദീകരിക്കേണ്ടതുണ്ട്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വാണിജ്യ കേന്ദ്രങ്ങളും കുടിയേറ്റ ഭൂമിയിലെ പൊതു സ്ഥാപനങ്ങളും നിലനിര്‍ത്തപ്പെടണം. മറ്റെല്ലാവരെയും പോലെ ഇടുക്കിക്കാര്‍ക്കും എല്ലാ അവകാശങ്ങളോടും കൂടി ജീവിക്കാന്‍ കഴിയണം.

അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കാന്‍ ഭരണകൂടത്തിനോ കോടതിക്കോ അവകാശമില്ല. എന്നാല്‍ കോടതികള്‍ക്ക് ഏതവസരത്തിലും ഇടപെടാന്‍ കഴിയുന്ന തരത്തിലുള്ള നിയമങ്ങളാണ് മാറ്റേണ്ടത്. ഇടുക്കിയില്‍ വീടും കൃഷിയും മാത്രം മതിയെന്ന നിയമപാലക്കാരുടെയും പരിസ്ഥിതി മാഫിയയുടെയും തിട്ടൂരത്തിനു മുന്നില്‍ വഴങ്ങിക്കൊടുക്കാന്‍ തയ്യാറല്ലാത്ത ആത്മാഭിമാനമുള്ള ജനങ്ങള്‍ മുന്നോട്ട് വരണം. ഇക്കാര്യത്തില്‍ രാഷ്ട്രീയസമവായമാണ് ഏറ്റവും അത്യാവശ്യമായിട്ടുള്ളത്.

മുണ്ടക്കയം, കാഞ്ഞാര്‍, നേര്യമംഗലം പാലങ്ങള്‍ക്ക് ഇപ്പുറത്തേയ്ക്ക് വരുമ്പോള്‍ ഒരു നയവും അതിനപ്പുറത്തേക്ക് മറ്റൊരു നിലപാടും എടുക്കുന്ന ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സത്യസന്ധമായ നിലപാടെടുക്കാന്‍ തയ്യാറാവണം. സംസ്ഥാന ഘടകത്തിനും ജില്ലാ ഘടകത്തിനും ഒരേ നിലപാടുണ്ടാകണം. തിരുവനന്തപുരത്ത് നിന്നുകൊണ്ടും എറണാകുളത്ത് നിന്നുകൊണ്ടും ഇടുക്കിയില്‍ നിന്ന് കൊണ്ടും ഒരേ നിലപാട് പറയുന്ന നേതാക്കളാണ് ഉണ്ടാവേണ്ടത്. എങ്കില്‍ മാത്രമാണ് ഭൂവിനിയോഗ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയൂ.

ഇടുക്കിയിലെ കുടിയേറ്റകര്‍ഷകരെല്ലാം കൈയ്യേറ്റക്കാരാണ് എന്ന് പ്രചരിപ്പിക്കുകയും വീട് നിര്‍മാണം പോലും അനധികൃതമെന്നു വരുത്തി വിവാദം സൃഷ്ടിച്ച് മാധ്യമ ചര്‍ച്ചക്ക് ഇടംകൊടുത്തും കോടതി വ്യവഹാരങ്ങളിലേയ്ക്ക് വലിച്ചിഴച്ചും ഇടുക്കിയിലെ ഭൂമി പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കിയ രാഷ്ട്രീയ പാര്‍ട്ടികളും, സങ്കുചിതരായ നേതാക്കന്മാരും ചേര്‍ന്ന് ക്ഷണിച്ചു വരുത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധി. ഇടുക്കിയിലെ കുടിയേറ്റ ജനതയുടെ, കര്‍ഷക സമൂഹത്തിന്റെ, വ്യാപാര സമൂഹത്തിന്റെ വികാരം ബഹു മുഖ്യമന്ത്രിയെ നേരില്‍കണ്ട് ധരിപ്പിക്കുകയും വിഷയത്തില്‍ അടിയന്തിരമായ ഇടപെടലും ശാശ്വതമായ പരിഹാരവും ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: