ഇടുക്കിയിലെ ജലനിരപ്പ് സുരക്ഷിത നിലയിലേക്ക്; കേരളത്തിന് സഹായവുമായി കേന്ദ്രം

ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സുരക്ഷിത നിലയിലേക്ക്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഞായറാഴ്ചയും ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും സ്ഥിതി ആശങ്കാജനകമല്ല. മഴ കുറഞ്ഞതിനേത്തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് 2398.82 അടിയായി കുറഞ്ഞിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ അണക്കെട്ടില്‍ നിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാന്‍ ആലോചനയുണ്ട്. രണ്ട് ഷട്ടറുകളിലൂടെ പുറത്തേക്കൊഴുക്കുന്ന വെള്ളം ഏഴ് ലക്ഷം ലിറ്ററില്‍ നിന്ന് അഞ്ച് ലക്ഷം ലിറ്ററായി കുറയ്ക്കാനാണ് അധികൃതര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് ട്രയല്‍ റണ്ണിന്റെ ഭാഗമായി ഇടുക്കി ഡാമിലെ ആദ്യ ഷട്ടര്‍ തുറന്നത്. വെള്ളിയാഴ്ച രാവിലെ ഏഴുമണിക്ക് രണ്ടുഷട്ടര്‍കൂടി 40 സെന്റിമീറ്റര്‍ വീതം തുറന്നു. എന്നിട്ടും നീരൊഴുക്ക് കുറയാത്തതിനെത്തുടര്‍ന്നാണ് ഉച്ചയ്ക്ക് ഒന്നിനും രണ്ടിനുമിടയില്‍ ബാക്കിയുള്ള രണ്ട് ഷട്ടറുകളും കൂടി ഉയര്‍ത്തി വെള്ളം പുറത്തേക്കൊഴുക്കിയത്.

വൈദ്യുതി ഉത്പാദനം വര്‍ധിപ്പിച്ചിട്ടും വെള്ളം തുറന്നുവിട്ടിട്ടും ജലനിരപ്പ് കുറയാത്തത് കെ.എസ്.ഇ.ബി.യെ അങ്കലാപ്പിലാക്കിയിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് നീരൊഴുക്ക് അല്‍പ്പമെങ്കിലും കുറഞ്ഞത്.

അതേസമയം കേരളം നേരിടുന്നത് ഗുരുതരമായ പ്രശ്‌നമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. പ്രശ്‌നങ്ങള്‍ നേരിടാന്‍ കേരള സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണെന്നും, സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

എറണാകുളം പുത്തന്‍വേലിക്കര പഞ്ചായത്തിലെ എളന്തക്കരയിലെ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്. മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റ് മന്ത്രിമാര്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും രാജ്‌നാഥ് സിംഗിനൊപ്പം ക്യാമ്പിലെത്തി. ക്യാമ്പിലുള്ള ജനങ്ങള്‍ അവരുടെ പ്രശ്‌നങ്ങള്‍ കേന്ദ്രമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു.

12.50 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാജ്‌നാഥ് സിംഗ് ഹെലികോപ്റ്ററില്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ നിരീക്ഷണം നടത്തി. ചെറുതോണി, ഇടുക്കി ഡാം, തടിയമ്പാട്, അടിമാലി, ആലുവ, പറവൂര്‍ തുടങ്ങിയ ഇടങ്ങളിലെ പ്രളയ ബാധിത പ്രദേശങ്ങളെ അദ്ദേഹം നിരീക്ഷിച്ചു. വൈകീട്ട് മുഖ്യമന്ത്രി, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി പ്രത്യേക ചര്‍ച്ചയും അദ്ദേഹം നടത്തുന്നുണ്ട്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: