‘ഇടയനോടൊപ്പം ഒരു ദിനം’ രാത്രിക്കും?- ജലന്ദര്‍ ബിഷപ്പിനെതിരെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ മിഷണറീസ് ഓഫ് ജീസസിന്റെ കേന്ദ്ര ആസ്ഥാനത്തുനിന്നുള്ള കന്യാസ്ത്രീകളുടെ നിര്‍ണായക മൊഴി. ‘ഇടയനോടൊപ്പം ഒരു ദിവസം’ എന്ന പേരില്‍ ബിഷപ്പ് നടത്തിയിരുന്ന പ്രാര്‍ഥനയ്ക്കിടെ മോശം അനുഭവങ്ങളുണ്ടായതായി കന്യാസ്ത്രീകള്‍ മൊഴി നല്‍കിയതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രാര്‍ഥനയുടെ പേരില്‍ അര്‍ധരാത്രിയില്‍ പോലും ബിഷപ്പ് മുറിയിലേക്ക് വിളിപ്പിച്ചിരുന്നു. എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ പ്രാര്‍ഥനാ പരിപാടി സഭ നിര്‍ത്തിവച്ചതായും കന്യാസ്ത്രീകള്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. ബിഷപ്പിനെതിരായ ലൈംഗിക പീഡനപരാതി അന്വേഷിക്കുന്ന വൈക്കം ഡി വൈ എസ് പി സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിനു മുമ്പാകെയാണ് കന്യാസ്ത്രീകള്‍ മൊഴി നല്‍കിയത്. ബിഷപ്പിനെതിരേ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയുടെ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ അന്വേഷണസംഘത്തിനു മുമ്പാകെ ഈ കന്യാസ്ത്രീകള്‍ നല്‍കിയിരിക്കുന്ന മൊഴികള്‍.

മദര്‍ ജനറാള്‍ ഉള്‍പ്പെടെ ആറു കന്യാസ്ത്രീകളുടെ മൊഴികളാണ് ശനിയാഴ്ച അന്വേഷണസംഘം എടുത്തത്. ഇതില്‍ നാലു പേരാണ് ബിഷപ്പിനെതിരേ മൊഴി നല്‍കിയിരിക്കുന്നത്. 2014ലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍, ഇടയനോടൊപ്പം ഒരു ദിവസം (എ ഡേ വിത്ത് ഷെപ്പേഡ്) എന്ന പരിപാടി ആവിഷ്‌കരിക്കുന്നത്. മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകള്‍ക്കു വേണ്ടിയുള്ള ഒരു പ്രത്യേക പ്രാര്‍ഥനായജ്ഞം എന്ന രീതിയിലായിരുന്നു പരിപാടി നടപ്പാക്കിയിരുന്നത്.

പകല്‍ മുഴുവന്‍ ബിഷപ്പിനൊടൊപ്പം കന്യാസ്ത്രീകള്‍ പ്രാര്‍ഥനാ യജ്ഞത്തില്‍ പങ്കെടുക്കുകയും സന്ധ്യയാകുന്നതോടെ കന്യാസ്ത്രീകള്‍ ഓരോരുത്തരായി ബിഷപ്പിനെ പ്രത്യേകമായി കാണണമെന്നും പരിപാടിയില്‍ വ്യവസ്ഥയുണ്ടായിരുന്നു. അര്‍ധരാത്രിയില്‍ വരെ പ്രാര്‍ഥനയുടെ പേരില്‍ ബിഷപ്പിന്റെ മുറിയിലേക്ക് പോകേണ്ടി വന്നിട്ടുണ്ടെന്ന് കന്യാസ്ത്രീകള്‍ മൊഴി നല്‍കിയിട്ടുണ്ട്. പലപ്പോഴും ബിഷപ്പില്‍നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും കന്യാസ്ത്രീകള്‍ മൊഴി നല്‍കിയിട്ടുണ്ട്.

കന്യാസ്ത്രീകളെ കൂടാതെ നാലു വൈദികരും അന്വേഷണസംഘത്തിനു മൊഴി നല്‍കി. കന്യാസ്ത്രീകളുടെ വെളിപ്പെടുത്തലുകളെ സാധൂകരിക്കുന്ന മൊഴികളാണ് ഇവരും നല്‍കിയിരിക്കുന്നത്. ഒന്നോ രണ്ടോ തവണ മാത്രമാണ് ഇടയനോടൊപ്പം ഒരു ദിവസം എന്ന പരിപാടി നടത്തിയിട്ടുള്ളത്. ഇതിനോടകം തന്നെ പരിപാടിയെ കുറിച്ച് വ്യാപകമായി ആക്ഷേപമുയരുകയും സഭാനേതൃത്വം ഇടപെട്ട് പരിപാടി നിര്‍ത്തിവയ്ക്കുകയുമായിരുന്നു.

ഇതിനിടെ ബിഷപ്പിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം പ്രതികരിച്ചു. പോലീസ് നല്‍കിയ ചോദ്യാവലിയില്‍ ബിഷപ്പ് രേഖാമൂലം നല്‍കിയ മറുപടിയില്‍ വൈരുദ്ധ്യം കണ്ടെത്തിയതായാണ് വിവരം. 50 ചോദ്യങ്ങള്‍ അടങ്ങുന്ന ചോദ്യാവലിയാണ് അന്വേഷണസംഘം ബിഷപ്പിന് നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവെടുപ്പ് നടക്കും, തെളിവുകളുടെ അടിസ്ഥാനത്തില്‍ ആവും ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക. ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്താല്‍ ഇന്ത്യയില്‍ അറസ്റ്റിലാകുന്ന ആദ്യ കത്തോലിക്കാ ബിഷപ്പായി ഫ്രാങ്കോ മാറും. ഇതോടെ ബിഷപ്പിനെ ചുമതലയില്‍ നിന്ന് മാറ്റാനും നിര്‍ബന്ധിതമാകും. ഇതോടൊപ്പം വാര്‍ത്തയ്ക്കും വലിയ പ്രധാന്യം ലഭിക്കും. ആഗോള തലത്തില്‍ തന്നെ ഇന്ത്യയിലെ ക്രൈസ്തവ സഭയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തില്‍ വിലയിരുത്തലുകളെത്തും. പീഡനാരോപണ വിധേയനായ ബിഷപ്പിനെ സംരക്ഷിച്ചതിന് വിശദീകരണം കൊടുക്കാന്‍ സഭയും ബുദ്ധിമുട്ടിലാകും. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കത്തോലിക്കാ സഭയുമായി ബന്ധമില്ല. എങ്കിലും ഓര്‍ത്തഡോക്‌സ് സഭയിലെ കുമ്പസാര പീഡനം സഭയ്ക്ക് ഏറെ തലവേദനയായിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈസ്തവരെ നാണംകെടുത്തുന്ന തരത്തില്‍ അച്ചന്റെ കന്യാസ്ത്രീ പീഡനവും ചര്‍ച്ചയാകുന്നത്.

 

ഡികെ

Share this news

Leave a Reply

%d bloggers like this: