ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നിര്‍ബന്ധമാകില്ല; അയര്‍ലണ്ടില്‍ കെയര്‍ അസിസ്റ്റന്റുമാരാകാന്‍ മലയാളി നേഴ്സുമാര്‍ക്ക് ഇത് സുവര്‍ണാവസരം

ഡബ്ലിന്‍: പരിചയ സമ്പന്നരായ നേഴ്സിങ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അയര്‍ലണ്ടില്‍ ആയിരക്കണക്കിന് അവസരങ്ങള്‍ ലഭിച്ചേക്കും. രാജ്യത്തെ ആരോഗ്യ മേഖലയില്‍ കെയര്‍ അസിസ്റ്റന്റ്മാരുടെ എണ്ണം കുറഞ്ഞതോടെ വിദേശ നേഴ്‌സുമാരെ വന്‍ തോതില്‍ റിക്രൂട്ട് ചെയ്യാന്‍ അയര്‍ലണ്ടില്‍ വര്‍ക്ക് പെര്‍മിറ്റ് ഡിപ്പാര്‍ട്ടമെന്റ് തയ്യാറെടുക്കുന്നതായാണ് സൂചനകള്‍. ഇംഗ്ലീഷ് ഭാഷ പ്രാവീണ്യ ടെസ്റ്റായ IELTS പരീക്ഷയില്‍ നേഴ്സിങ് ജോലിയില്‍ പ്രവേശിക്കാനുള്ള സ്‌കോര്‍ നേടാന്‍ കഴിയാത്തവര്‍ക്കും കെയര്‍ അസിസ്റ്റന്റ് തസ്തികയില്‍ നിയമനം ലഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അയര്‍ലണ്ടിലെ പ്രധാന നഗരങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആശുപത്രികളിലും നേഴ്സിങ് ഹോമുകളിലും കെയര്‍ അസിസ്റ്റന്റ് തസ്തിക ഒഴിഞ്ഞു കിടക്കുന്നത് ആരോഗ്യ മേഖലയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ എച്ച്.എസ്.ഇ-ക്ക് അയച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഐറിഷ് ആശുപത്രികളില്‍ നേഴ്‌സുമാരുടെ ജോലി ഭാരം വര്‍ദ്ധിക്കുന്നതിന്റെ പ്രധാന കാരണവും ഈ തസ്തിക ഒഴിഞ്ഞുകിടക്കുന്നതിനാലാണ്.

കഴിഞ്ഞ വര്‍ഷം നേഴ്സിങ് ഹോമുകളുടെ സംഘടനയായ NHI യുടെ വാര്‍ഷിക സമ്മേളനത്തില്‍ കെയര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ഉടന്‍ റിക്രൂട്മെന്റ് നടത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ സ്വദേശീയരായ നേഴ്‌സുമാരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാനായില്ല. ഇതോടെ വിദേശ നേഴ്‌സുമാരെ അയര്‍ലണ്ടില്‍ എത്തിക്കുക മാത്രമാണ് ഇതിനുള്ള പോംവഴിയെന്ന് ആരോഗ്യ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വിദേശ നേഴ്‌സുമാരെ അയര്‍ലണ്ടിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള ചില നിയമ തടസങ്ങള്‍ ചൂണ്ടിക്കാട്ടി വര്‍ക്ക് പെര്‍മിറ്റ് വകുപ്പ് NHI യുടെ ആവശ്യം തള്ളുകയായിരുന്നു. എന്നാല്‍ നേഴ്‌സുമാരുടെ ജോലി ഭാരവും രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവും ആരോഗ്യ മേഖലയില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചു. ഇതോടെ വര്‍ക്ക് പെര്‍മിറ്റ് വകുപ്പ് ഈ നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്താന്‍ നിര്‍ബന്ധിതമായേക്കും എന്നാണ് സൂചന.

കെയര്‍ അസിസ്റ്റന്റ് ജോലികള്‍ക്ക് IELTS യോഗ്യത വേണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. എങ്കിലും പരിശീലനം നേടിയശേഷം നേഴ്സിങ് ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാത്തവര്‍ക്ക് തീര്‍ച്ചയായും ഇതൊരു സുവര്‍ണ്ണാവസരം തന്നെയായിരിക്കും. വിശ്വാസയോഗ്യരായ നേഴ്സിങ് ഏജന്റുമാര്‍ വഴി അയര്‍ലണ്ടില്‍ എത്താന്‍ കേരളത്തില്‍ നിന്നും ഫിലിപ്പൈന്‍സില്‍ നിന്നും വന്‍ തോതില്‍ നേഴ്‌സുമാര്‍ തയ്യറാവുന്നുണ്ട്. ഈ അവസരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടില്ലെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായേക്കുമെന്നാണ് സൂചന. കെയര്‍ അസിസ്റ്റന്റ് തസ്തികയില്‍ ഒഴിവുകള്‍ നികത്താന്‍ IELTS മാനദണ്ഡങ്ങള്‍ പാലിക്കാതെ തന്നെ യുദ്ധകാലാടിസ്ഥാനത്തില്‍ റിക്രൂട്മെന്റ് നടത്താനുള്ള ശ്രമവും സര്‍ക്കാര്‍ തലത്തില്‍ നടന്നുവരികയാണ്.

(ഈ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ലഭ്യമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രം തയ്യാറാക്കിയത്)

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: