ഇംഗ്ലീഷ് ഭാഷയില്‍ അധിക യോഗ്യത; ഗര്‍ഭിണിയായ യുവതിക്ക് വീസ നിഷേധിച്ചതായി പരാതി

 

തനിക്ക് ഇംഗ്ലീഷ് ഭാഷയിലുള്ള അതിപ്രാവീണ്യം മൂലം യുകെ വിസ നിഷേധിച്ചതായി ഇന്ത്യന്‍ യുവതി. യുകെ എമിഗ്രേഷന്‍ ഡിപ്പാര്‍ട്ടമെന്റിന്റെ നിബന്ധനകളെക്കാള്‍ കൂടുതല്‍ പ്രാവീണ്യം ഇംഗ്ലീഷ് ഭാഷയിലുണ്ടായതാണ് തനിക്ക് വിനയായത് എന്നാണ് യുവതി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചത്. മേഘാലയിലെ ഷില്ലോംഗില്‍ നിന്നുള്ള അലക്സാണ്ട്രിയ റിന്‍തൗള്‍ എന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലാഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം (ഐഇഎല്‍ടിഎസ്) പാസായ ആളാണ് താനെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ യുകെ ഇമിഗ്രേഷന്‍ വകുപ്പിന്റെ വിസ നിബന്ധന കുറച്ചുകൂടി ലളിതമായ ഭാഷാ പരിജ്ഞാനമാണ് ആവശ്യപ്പെടുന്നത്. അതെസമയം, റിന്‍തൗളിന്റെ അവകാശവാദം അധികൃതര്‍ തള്ളിക്കളഞ്ഞു. യുകെയില്‍ സ്ഥിരതാമസത്തിന് വിസ ലഭിക്കുന്നതിനായി ചില അപേക്ഷകരോട് ഇമിഗ്രേഷന്‍ നിയമത്തില്‍ വ്യക്തമാക്കിയിരിക്കുന്ന അംഗീകൃത കേന്ദ്രത്തില്‍ നിന്നും ഇംഗ്ലീഷ് ഭാഷ പരിജ്ഞാന പരീക്ഷ പാസാവാന്‍ ആവശ്യപ്പെടാറുണ്ടെന്ന ഹോം ഓഫീസിന്റെ വക്താവ് ബിബിസിയോട് വിശദമാക്കി. ഈ നിബന്ധന പാലിക്കുന്നതില്‍ റിന്‍തൗള്‍ പരാജയപ്പെട്ടുവെന്നും ഹോം ഓഫീസ് വ്യക്തമാക്കുന്നു. മാത്രമല്ല അപേക്ഷയ്ക്ക് ഉപോല്‍ബലകമായി സമര്‍പ്പിക്കേണ്ട രേഖകള്‍ ഹാജരാക്കാനും അവര്‍ക്ക് സാധിച്ചില്ല. അവര്‍ക്ക് ഇനിയും അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരമുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഭാഷപരിജ്ഞാനം സംബന്ധിച്ച് ഐഇഎല്‍ടിഎസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുക മാത്രമാണ് റിന്‍തൗള്‍ ചെയ്തത്. ഇത് യുകെ വിസ നല്‍കുന്നതിന് സ്വീകാര്യമല്ലെന്നും അധികൃതര്‍ പറയുന്നു.

ഭൂരിപക്ഷം ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പെടാത്ത ഒരു സ്ഥലത്തുനിന്നും വിരിക്കുന്ന ആള്‍ എന്ന നിലയിലും തന്റെ ഭാഷ പരിജ്ഞാനത്തില്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് സംശയം പ്രകടിപ്പിക്കുന്നതായി റിന്‍തൗള്‍ തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്. സ്‌കോട്ട്ലാന്റുകാരനായ ഭര്‍ത്താവ് ബോബി റിന്‍തൗളിനൊപ്പം അവധിക്കാലം ആഘോഷിക്കാനുള്ള ശ്രമത്തിലായിരുന്നു താനെന്നും അവര്‍ പറയുന്നു. ഇത്തരം സാഹചര്യങ്ങളില്‍ വിസ നിഷേധിക്കപ്പെടാതിരിക്കുന്നതിന് ബന്ധുക്കള്‍ക്കോ ആശ്രിതര്‍ക്കോ ഉള്ള വിസ അനുവദിക്കാനെങ്കിലും ഇമിഗ്രേഷന്‍ വകുപ്പ് തയ്യാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു.

വകുപ്പ് നല്‍കുന്ന വിശദീകരണം രാഷ്ട്രീയമായി കൃത്യമാണെന്നും ഇന്ത്യ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യമല്ലെന്ന് തെളിയിക്കാന്‍ ഒരു രേഖയും ഹാജരാക്കാന്‍ വകുപ്പിന് സാധിച്ചില്ലെന്നും റിന്‍തൗള്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചു. ബംഗളൂരുവിലെ മൗണ്ട് കാര്‍മ്മല്‍ കോളേജില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ബിരുദം നേടിയ ഇവര്‍ കഴിഞ്ഞ മേയിലാണ് സ്‌കോട്ട്ലന്റ് സ്വദേശിയെ വിവാഹം ചെയതത്. ഒന്നിച്ച് കുടുംബമായി കഴിയുക എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനാണ് ഇപ്പോള്‍ യുകെ വിസയ്ക്ക് അപേക്ഷിച്ചതെന്നും അവര്‍ വ്യക്തമാക്കി. റിന്‍തൗള്‍ ഇപ്പോള്‍ ഗര്‍ഭിണിയാണ്. സ്‌കോട്ട്ലന്റ് എംപിയായ സ്റ്റീവന്‍ പി ജെത്തിന്‍സിന്റെ സഹായത്തോടെ വീണ്ടും വിസയ്ക്ക് അപേക്ഷിച്ചിരിക്കുകയാണ് അവരിപ്പോള്‍. അതിനായി ഇവര്‍ക്ക് സഹിക്കേണ്ടിവരുന്നത് വലിയ തുകയാണ്. ഓരോ വിസ രേഖയ്ക്കും 2000 ബ്രിട്ടീഷ് പൗണ്ടാണ് ചിലവാകുന്നത്.

 

എ എം

 

Share this news

Leave a Reply

%d bloggers like this: