ആ മോഹ സംഗീതം പെയ്തിറങ്ങി… നന്ദി നന്ദി ഒരായിരം നന്ദി

ഡബ്ലിനിലെ സൈന്റോളജി കമ്യൂണിറ്റി സെന്ററിന്റെ വിശാലമായ അരങ്ങ്. ഏറ്റവും പ്രിയപ്പെട്ട ഗായക വരുന്നതും, ആ മതിവരാ സംഗീതത്തെ അടുത്തിരുന്നു കേള്‍ക്കാനും തെന്നിന്ത്യയുടെ മുഴുവന്‍ സംഗീത ഹൃദയവും കാത്തിരിക്കുന്നു .ആരാധകരുടെ ഹൃദയത്തുടിപ്പുകള്‍ താളം പകര്‍ന്ന, കാത്തിരുപ്പിന്റെ ആ ഇരുളിലേക്ക് ഒരു നക്ഷത്ര വെളിച്ചം പോലെ മലയാളത്തിന്റെ വാനമ്പാടി പറന്നിറങ്ങി…. ആ നക്ഷത്ര ശോഭയുടെ വിദ്യുത് തരംഗത്തില്‍ സദസ് അറിയാതെ എഴുന്നേറ്റ് നിന്നു തങ്ങളുടെ പ്രിയ ഗായികയെ വരവേറ്റു.കരഘോഷങ്ങളുടെ ഉച്ചസ്ഥായി.. തെന്നിന്ത്യയുടെ മുഴുവന്‍ ഹൃദയത്തുടിപ്പുകളും ഒന്നായി മാറിയ മാന്ത്രിക നിമിഷം.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കണ്ടുമുട്ടിയേക്കാവുന്ന തങ്ങളുടെ പ്രിയ ഗായികയെ അടുത്തിരുന്നു കേള്‍ക്കാന്‍ മണിക്കൂറുകള്‍ക്കു് മുന്‍പേ എത്തിച്ചേര്‍ന്ന ആരാധകവൃന്ദത്തെ നിയന്ത്രിക്കാനാവാതെ സംഘാടകര്‍ വരെ പതറി പോയ നിമിഷങ്ങള്‍, അതിന്റെ അസ്വസ്തതകള്‍ ചിലരുടെയെങ്കിലും മുഖത്ത് നിഴലിച്ചിരുന്നു .എന്നാല്‍ അതിനെയെല്ലാം ഒരു നിമിഷാര്‍ദ്ധത്തിന്റെ ഇടവേളയില്‍ ഇല്ലാതാക്കി കളഞ്ഞു കൊണ്ടു് ഒരു താരാട്ടുപാട്ടിന്റെ നിഷ്‌കളങ്കതയോളം പോന്ന പുഞ്ചിരിയുമായി വന്ന നമ്മുടെ സ്വന്തം ചിത്ര ചേച്ചി…, പിന്നെ സൈന്റോളജി കണ്ടത് പുതിയൊരു ലോകമായിരുന്നു. അയര്‍ലണ്ട് ഇന്നേ വരേ അനുഭവിക്കാത്ത ആസ്വാദനത്തിന്റെ പരകോടിയിലേക്ക്….. തെന്നിന്ത്യന്‍ സംഗീതപ്രേമികളുടെ ഹൃദയ സദസ് മുഴുവനായി ആ മതിവരാസംഗീതത്തില്‍ അലിഞ്ഞു ചേര്‍ന്നു… കെ എസ് ചിത്ര എന്ന സ്വരസാഗരത്തിന്റെ ഭംഗിയിലേക്ക് രണ്ട് നദികള്‍, രൂപരേവതിയും നിഷാദും ഒഴുകിയെത്തിയതോടെ ആസ്വാദകര്‍ ഈ മോഹസിംഫണിയുടെ പുതിയൊരു തലത്തിലേക്ക് ചെന്നെത്തി.

ആത്മാവ് നഷ്ടപ്പെട്ട പാട്ടുകള്‍ കോര്‍ത്തിണക്കി പ്രഹസനങ്ങളായി മാറിയ ഗാനമേളകള്‍ കേട്ടു മടുത്ത അയര്‍ലണ്ടു് മലയാളികള്‍ക്ക് ഒരു പുത്തന്‍ അനുഭവമായിരുന്നു ചിത്ര ലൈവ് ഇന്‍ കണ്‍സേര്‍ട്ട്. നഷ്ടപ്പെട്ടു പോയ വാദ്യോപകരണങ്ങളുടെ തുടിപ്പുകളെ, ചോര്‍ന്നു പോയ പാട്ടിന്റെ ജീവനെ, അറിയാതെ.. അറിയാതെ നഷ്ടപ്പെട്ടു തുടങ്ങിയ സംഗീതത്തിന്റെ ആത്മാവിനെ…. എല്ലാം തിരിച്ചു പിടിച്ചു കൊടുത്തു മലയാളത്തിന്റെ സ്വന്തം വാനമ്പാടി., അതിനായി ചിത്ര ചേച്ചി ചേര്‍ത്തു പിടിച്ചത് ഇന്ത്യന്‍ സിനിമാരംഗത്തെ തന്നെ എണ്ണം പറഞ്ഞ പ്രതിഭാധനരെത്തന്നെയാണ് .ഓരോ കലാകാരന്മാരും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച് സദസിനെ കോരിത്തരിപ്പിച്ച എത്രയെത്ര നിമിഷങ്ങള്‍… പ്രണയവും സങ്കടവും കരച്ചിലും ചിരിയും കാത്തിരുപ്പും കണ്ണീരും.. കെ ഐസ് ചിത്രയെന്ന മോഹ സംഗീതം പെയ്തിറങ്ങിയത് അങ്ങിനെയെല്ലാമായിരുന്നു…

മുദ്ര സ്‌ക്കൂള്‍ ഓഫ് ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സിനു വേണ്ടി മുദ്ര ഇവന്‍സ് അണിയിച്ചൊരുക്കിയ ചിത്ര ലൈവ് ഇന്‍ കണ്‍സേര്‍ട്ട് ആസ്വാദകര്‍ക്കും സംഘാടകര്‍ക്കും ഒരു പോലെ അഭിമാനത്തോടെ ഓര്‍ത്തുവെക്കാവുന്ന ഒന്നായിരുന്നു. നിറഞ്ഞു നിന്ന ആരാധകവൃന്ദത്തെ നിയന്ത്രിക്കാനാവാതെ പതറി പോയ നിമിഷങ്ങള്‍ക്ക് ആദരവോടെ ക്ഷമയും ,നേരിട്ട ചെറിയ വിഷമതകളെ മറന്ന് കെ എസ് ചിത്രയെന്ന സ്വര സ്വപ്നത്തോളം ഉയര്‍ന്ന ആസ്വാദക മനസിന് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള നന്ദിയും മുദ്ര ഇവന്‍സ് രേഖപ്പെടുത്തി… ഒപ്പം അയര്‍ലണ്ടിന് മുഴുവന്‍ അഭിമാനിക്കാവുന്ന പുതിയൊരു അദ്യായത്തിലേക്കുള ഉറപ്പും….

Share this news

Leave a Reply

%d bloggers like this: