ആസിയ ബീബിയും ഭര്‍ത്താവും അടച്ചിട്ട മുറിയില്‍ കഴിയുന്നു; രാജ്യം വിടാന്‍ പാകിസ്താന്‍ അനുവദിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്

പ്രവാചകനിന്ദാക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് എട്ടു വര്‍ഷത്തോളം ജയിലില്‍ കിടന്നതിനു ശേഷം പാക് സുപ്രീംകോടതിയുടെ ഇടപെടലിലൂടെ മോചിതയായ ആസിയ ബീബിക്ക് രാജ്യം വിടാനുള്ള സാഹചര്യമൊരുങ്ങിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ സര്‍ക്കാര്‍ ഒരു രഹസ്യകേന്ദ്രത്തില്‍ ഒളിപ്പിച്ചിരിക്കുകയാണിവരെ. ഇവിടെ നിന്നും രാജ്യം വിടാനുള്ള അനുമതി അധികാരികള്‍ നല്‍കുന്നില്ലെന്ന് ആസിയയുടെ സുഹൃത്തും സാമൂഹ്യപ്രവര്‍ത്തകനുമായ അമന്‍ ഉല്ല പറയുന്നു. കറാച്ചിയിലെ വടക്കന്‍ പ്രദേശങ്ങളിലെവിടെയോ ആണ് ആസിയയും കുടുംബവും ഇപ്പോഴുള്ളത്.

ഒരു വീട്ടില്‍ ആസിയയെയും ഭര്‍ത്താവിനെയും അടച്ചിട്ടിരിക്കുകയാണ് പാകിസ്താന്‍ അധികാരികളെന്ന് അമന്‍ ഉല്ല പറയുന്നു. തീവ്രവാദികളുടെ ഭീഷണിയുള്ളതിനാല്‍ ഇവര്‍ എവിടെയാണുള്ളതെന്ന് പുറത്തുവിട്ടിട്ടില്ല. ഭക്ഷണം നല്‍കാന്‍ വേണ്ടി മാത്രമാണ് ഇവര്‍ താമസിക്കുന്ന മുറിയുടെ വാതില്‍ തുറക്കാറുള്ളതെന്ന് അമന്‍ വെളിപ്പെടുത്തി.

കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ആസിയ ബീബിയുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ആസിയയ്ക്ക് വിദേശത്തേക്ക് പോകാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പാകിസ്താന്‍ പറഞ്ഞുവെങ്കിലും ഇപ്പോഴും ഇതിനുള്ള വഴിയൊരുങ്ങിയിട്ടില്ല. പാകിസ്താന് അന്തര്‍ദ്ദേശീയ തലത്തില്‍ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ആസിയ ബീബിയുടേത്. കൃഷിപ്പമിയിലേര്‍പ്പെട്ടിരിക്കെ തന്റെ സഹപ്രവര്‍ത്തകരുമായി വഴക്കു കൂടേണ്ടി വന്നതാണ് ആസിയയുടെ ജീവിതത്തെ മാറ്റിമറിച്ചത്. ആസിയ പ്രവാചകനിന്ദ നടത്തിയെന്ന് സഹപ്രവര്‍ത്തകരാണ് ആരോപിച്ചത്. മതംമാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആസിയ അതിന് തയ്യാറായിരുന്നില്ല. തുടര്‍ന്ന് കോടതികളില്‍ ആസിയയുടെ കുറ്റം സ്ഥാപിക്കപ്പെടുകയും വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്തു. എന്നാല്‍ സുപ്രീംകോടതിയില്‍ എതിര്‍വാദങ്ങളെല്ലാം പൊളിഞ്ഞു. ആസിയയ്ക്ക് വിടുതല്‍ കിട്ടി.

ആസിയ ബീബി അങ്ങേയറ്റത്തെ നിരാശയിലും ഭീതിയിലുമാണെന്ന് അമന്‍ ഉല്ല പറയുന്നു. എന്ന് മുറിക്കു പുറത്തിറങ്ങാന്‍ കഴിയുമെന്ന് അവര്‍ക്ക് യാതൊരു പിടിയുമില്ല. ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ആസിയയ്ക്ക് ഒരുക്കിയിട്ടുണ്ടെന്നാണ് പാക് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവദ് ചൗധരി പറയുന്നത്. പാകിസ്താനില്‍ പ്രവാചക നിന്ദ വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പലപ്പോഴും ആള്‍ക്കൂട്ടം നിയമം കയ്യിലെടുക്കുകയും വധശിക്ഷ അവര്‍ തന്നെ നടപ്പാക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ ധാരാളമാണ്. വ്യക്തിവൈരാഗ്യം തീര്‍ക്കാനും ഈ നിയമം ഉപയോഗിക്കപ്പെടാറുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: