ആശുപത്രി മാനേജ്മെന്റിന്റെ ഹര്‍ജി സുപ്രിംകോടതി തള്ളി: നഴ്സുമാരുടെ ശമ്പള വര്‍ധനവിനുള്ള സമിതി രൂപീകരണത്തിന് അംഗീകാരം

 

നഴ്സുമാരുടെ വേതന വര്‍ദ്ധനവിന് തീരുമാനമെടുത്ത മിനിമം വേതന സമിതിയുടെ ഘടനയെ ചോദ്യം ചെയ്ത് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ആശുപത്രി ഉടമകള്‍ക്ക് വേതന പരിഷ്‌കരണത്തിനായുള്ള സമിതിയില്‍ മതിയായ പ്രാതിനിധ്യം നല്‍കിയില്ലെന്നായിരുന്നു സ്വകാര്യ ആശുപത്രി മാനേജമെന്റ് അസോസിയേഷന്റെ വാദം. ഹര്‍ജി പരിഗണിച്ച സുപ്രിംകോടതി, വേതനപരിഷ്‌കരണത്തിനുള്ള ഉത്തരവ് ഇറക്കുന്നത് സുപ്രിംകോടതി വിധി വരുന്നത് വരെ തടഞ്ഞിരുന്നു.

വേതനസമിതി രൂപീകരിച്ചതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാരിനോട് സുപ്രിംകോടതി വിശദീകരണം തേടിയിരുന്നു. അസോസിയേഷന്‍ വാദം നിലനില്‍ക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ വാദം അംഗീകരിച്ച് കൊണ്ടാണ് സുപ്രീം കോടതിയുടെ ഇന്നത്തെ ഉത്തരവ്. മിനിമം വേതന സമിതി അംഗങ്ങള്‍ക്കെതിരെ മാനേജ്മെന്റുകള്‍ നേരത്തെ എതീര്‍പ്പ് ഉന്നയിച്ചിരുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. മാനേജ്മെന്റുകളുടെ പ്രതിനിധികള്‍ സമിതിയില്‍ ഉണ്ടെന്ന് നിരീക്ഷിച്ചു കൊണ്ടാണ് ഹര്‍ജി കോടതി ഇന്ന് തള്ളിക്കളഞ്ഞത്.

മിനിമം വേതന സമിതിയില്‍ എച്ച്ആര്‍ മാനേജര്‍ അടക്കമുള്ളവര്‍ മാനേജ്മെന്റിനെയല്ലേ പ്രതിനിധീകരിക്കുന്നതെന്നും സമിതിയുടെ ഘടനയെപ്പറ്റി പരാതി ഉണ്ടായിരുന്നെങ്കില്‍ എന്ത് കൊണ്ട് സര്‍ക്കാരിനെ സമീപിച്ചില്ലെന്നും കോടതി നേരത്തെ വാദം കേള്‍ക്കുന്ന വേളയില്‍ ആരാഞ്ഞിരുന്നു.

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളവര്‍ധനവിന് മുന്‍കാലപ്രാബല്യത്തോടെ അംഗീകാരം നല്‍കി കഴിഞ്ഞമാസം 19 ന് ചേര്‍ന്ന മിനിമം വേതന സമിതിയാണ് തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ലേബര്‍ കമ്മീഷ്ണര്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരേയാണ് ആശുപത്രി മാനേജ്മെന്റ് സുപ്രിംകോടതിയെ സമീപിച്ചത്. സമിതിയുടെ ഘടനയെയാണ് മാനേജ്മെന്റുകള്‍ സുപ്രിംകോടതിയില്‍ ചോദ്യം ചെയ്തത്.

നേരത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പളവര്‍ധനയും ജോലി പരിഷ്‌കരണവും സംബന്ധിച്ച പഠനത്തിനായി സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. നഴ്‌സുമാര്‍ക്ക് അടിസ്ഥാന ശമ്പളമായി 20,000 രൂപ നല്‍കണമെന്നായിരുന്നു സമിതിയുടെ പ്രധാന ശുപാര്‍ശ. വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശമ്പളവര്‍ധനവിന് തീരുമാനമെടുക്കുകയാണെന്ന് ലേബര്‍ കമ്മീഷ്ണര്‍ മിനിമം വേതന സമിതി യോഗത്തില്‍ അറിയിച്ചു. ഈ ശിപാര്‍ശ അംഗീകരിച്ചാണ് ലേബര്‍ കമ്മീഷ്ണറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ തൊഴിലാളി യൂണിയന്റെയും നഴ്സുമാരുടെ യൂണിനുകളുടെയും മാനേജ്മെന്റ് പ്രതിനിധികളുടെയും യോഗം ശമ്പളവര്‍ധനവിന് റിപ്പോര്‍ട്ട് നല്‍കിയത്. മാനേജ്‌മെന്റ് പ്രതിനിധികളുടെ വിയോജിപ്പോടെയാണ് കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്.

20 കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രിയിലെ നഴ്സുമാര്‍ക്ക് അടിസ്ഥാന ശമ്പളം 20000 രൂപയാക്കിക്കൊണ്ടാണ് മിനിമം വേതനസമിതി തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കുന്നതോടെ കൂടുതല്‍ കിടക്കകളുള്ള വലിയ ആശുപതികളില്‍ ആനുപാതികമായി ശമ്പളം വര്‍ധിക്കും. ഇന്നത്തെ സുപ്രീം കോടതി വിധിയോടെ ശ­മ്പ­ള പരിഷ്­കരണ സമി­തി ശുപാര്‍ശകളില്‍ സംസ്ഥാന സര്‍ക്കാരിന് ഇനി തീരുമാനം എടുക്കാവുന്നതാണ്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: