ആശുപത്രി കിടക്കകള്‍ ലഭ്യമാകാതെ രോഗികള്‍ വലയുന്നു; നഴ്സുമാര്‍ക്ക് ദുരിത സമയം, മൗനം പാലിച്ച് എച്ച് എസ് ഇ

ഡബ്ലിന്‍: ആശുപത്രി തിരക്കുകള്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ച വര്‍ഷമായിരുന്നു 2018. അയര്‍ലണ്ടില്‍ വിവിധ ആശുപത്രികളിലായി ട്രോളിയില്‍ തുടരുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ആയിരക്കണക്കിന് രോഗികള്‍ കിടയ്ക്കക്കായി കാത്തിരിക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ട്രോളികള്‍ ലഭിക്കാത്തതിനാല്‍ എമര്‍ജന്‍സി ചികിത്സാ സൗകര്യങ്ങള്‍ ഇവര്‍ക്ക് നിഷേധിക്കുകയാണ്. ഈ വര്‍ഷം തുടക്കം മുതല്‍ ഏകദേശം 100,000 ത്തോളം രോഗികള്‍ക്ക് ആശുപത്രി കിടക്കകള്‍ ലഭിക്കാതെ വന്നിട്ടുണ്ടെന്നാണ് കണക്ക്. ഈ വര്‍ഷം തീരാന്‍ ഇനിയും ഒരു മാസം കൂടിയുള്ളപ്പോള്‍ കണക്കുകള്‍ ഇനിയും വര്‍ധിക്കാം. ഐ എന്‍ എം ഒ കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതില്‍ പിന്നെ കാണപ്പെടുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. കഴിഞ്ഞ വര്‍ഷം ഏതാണ്ട് 98,981 രോഗികള്‍ക്കാണ് ആശുപത്രി കിടക്കകള്‍ ലഭ്യമാകാതെ വന്നത്.

ഇന്നല മാത്രം കുഞ്ഞുങ്ങളുള്‍പ്പെടെ 458 രോഗികളാണ് വിവിധ ആശുപത്രികളില്‍ ട്രോളികളില്‍ ചികിത്സ നേടിയത്. ലിമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് ഈവര്‍ഷം ഏറ്റവും കൂടുതല്‍ പ്രതിസന്ധി അനുഭവപ്പെട്ടത്. ഇവിടെ 10,554 ഇതുവരെ കിടക്കകള്‍ക്കായി കാത്തിരിക്കേണ്ടി വന്നു. തൊട്ടുപിന്നില്‍ കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലാണ് (8,566). ഗാല്‍വേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ 6,821 രോഗികളും; തുള്ളമോര്‍ മിഡ്‌ലാന്‍ഡ് റീജണല്‍ ആശുപത്രിയില്‍ 5,362 പേരും താല യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ 5,085 രോഗികളും കിടയ്ക്കായി കാത്തിരിക്കേണ്ടി വന്നതായാണ് കണക്കുകള്‍. ട്രോളികളിലും എമര്‍ജന്‍സി വാര്‍ഡുകളിലുമായാണ് ഇത്രയധികം രോഗികള്‍ ബെഡിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ 13 വര്‍ഷമായി ആരോഗ്യ രംഗത്ത് തുടരുന്ന ഈ പ്രതിസന്ധി പരിഹരിക്കാന്‍ വേണ്ട നടപടികള്‍ വേണ്ട രീതിയില്‍ കൈകൊള്ളാത്തതില്‍ ജനങ്ങള്‍ അസ്വസ്ഥരാണ്. അതോടൊപ്പം നേഴ്സ്മാരുടെയും മിഡൈ്വഫുമാരുടെയും അഭാവവും ആശുപത്രി പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.

ക്രമാതീതമായ ഈ തിരക്ക് രോഗികളെയും ആശുപത്രി നേഴ്‌സുമാരെയും പ്രതികൂലമായി ബാധിക്കും എന്ന് ഐഎന്‍എംഒ ജനറല്‍ സെക്രട്ടറി ഫില്‍ നീഷീഗ്ദ വ്യക്തമാക്കി. ”ഡിസംബര്‍ മാസം ആകുന്നതിനു മുന്‍പ് തന്നെ ട്രോളികളില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. ആവശ്യത്തിനു നേഴ്‌സുമാരില്ലെന്നും ആവശ്യത്തിനു ബെഡുകള്‍ ഇല്ലെന്നതും മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടതാണ്. തീര്‍ത്തും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് പല രോഗികളും കഴിയുന്നത്. കിടക്കയുടെ എണ്ണം വര്‍ധിപ്പിക്കുന്നതോടൊപ്പം ആശുപത്രി സ്റ്റാഫുകളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടാകണം. നേഴ്‌സുമാരുടെ നിയമനത്തിനും അവരെ നിലനിര്‍ത്തുന്നതിലും ബുദ്ധിമുട്ടുകള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. പുതിയ നേഴ്‌സുമാരുടെ കാര്യം മാത്രമല്ല പ്രവര്‍ത്തിപരിചയമുള്ള നേഴ്‌സുമാര്‍ ഇതിലും നല്ല ജോലിക്കുവേണ്ടി രാജ്യത്തുനിന്നുതന്നെ പോകുന്നതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് എന്ന് ഐഎന്‍എംഒ പ്രസിഡന്റ് അഭിപ്രായപ്പെടുന്നു.

ആരോഗ്യ രംഗത്ത് സമഗ്രമായ അഴിച്ചു പണി ആവശ്യപ്പെട്ടുകൊണ്ട് രോഗികളും വിവിധ സന്നദ്ധ സംഘടനകളും വരും ദിവസങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന സൂചനയാണ് ഐഎന്‍എംഒ ഉള്‍പ്പെടെയുള്ള ആരോഗ്യ സംഘടനകളില്‍ നിന്നും ലഭിക്കുന്നത്. ബഡ്ജറ്റില്‍ ആരോഗ്യ മേഖലയ്ക്ക് അനുവദിച്ച തുക മാസങ്ങള്‍ പിന്നിട്ടിട്ടും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാത്തതില്‍ ആരോഗ്യ മന്ത്രിക്കെതിരായും ജനരോക്ഷം ശക്തമാവുകയാണ്. HSE ല്‍ വ്യാപകമായ അഴിച്ചുപണി അനിവാര്യമാണെന്ന ആവശ്യവും ശക്തമാണ്. ഈ വര്‍ഷം പ്രഖ്യാപിക്കപ്പെട്ട ബഡ്ജറ്റില്‍ ആരോഗ്യ രംഗത്ത് നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുമെന്ന സൂചനകള്‍ ലഭിച്ചെങ്കിലും തുടര്‍നടപടികള്‍ എത്രത്തോളം ഫലപ്രദമാകുമെന്ന കാര്യത്തില്‍ ആശങ്കയിലാണ് രാജ്യത്തെ ആശുപത്രികളും ആരോഗ്യവിദഗ്ദരും, നേഴ്സുമാരും.

 

 

 

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: