ആശുപത്രിയില്‍ പോകേണ്ട കാര്യമില്ല; ജി.പി യുടെ സേവനം ഇനി സ്മാര്‍ട്ട് ഫോണിലൂടെയും ലഭിക്കും

ഡബ്ലിന്‍: അയര്‍ലണ്ടിലെ ആരോഗ്യ രംഗത്ത് പുത്തന്‍ കാല്‍വെപ്പുമായി ടെലി മെഡിസിന്‍ സേവനത്തിന് ഇന്നലെ തുടക്കമായി. ഗുരുതരമായ രോഗാവസ്ഥയില്‍ അല്ലാത്തവര്‍ ഇനി മുതല്‍ ജി.പിമാരെ ചെന്നുകാണേണ്ട കാര്യമില്ല; മറിച്ച് ഓണ്‍ലൈനിലൂടെ അവരുടെ നിര്‍ദ്ദേശം സ്വീകരിക്കാം. വീഡിയോയിലൂടെ ജി.പിമാര്‍ക്ക് രോഗിയെ കാണാനും, രോഗാവസ്ഥയെക്കുറിച്ച് അന്വേഷിക്കാനും സാധിക്കും. ഡോക്ടര്‍മാരുടെ ചികിത്സയില്‍ തുടരുന്ന രോഗികള്‍ക്ക് തുടര്‍ന്നുള്ള സേവനം ടെലി മെഡിസിനിലൂടെ തുടരാന്‍ കഴിയും.

നാഷണല്‍ അസോസിയേഷന്‍ ഓഫ് ജി.പി ധനസഹായത്തില്‍ ആരംഭിച്ച പദ്ധതി അയര്‍ലണ്ടിലെ ആരോഗ്യ രംഗത്ത് വന്‍മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് കരുതുന്നത്. പദ്ധതി ആരംഭിച്ച ഉടന്‍തന്നെ നൂറോളം കുടുംബങ്ങള്‍ക്ക് കുടുംബ ഡോക്ടറുടെ സേവനം വീഡിയോ കൗണ്‍സിലിംഗിലുടെ അനുവദിക്കപ്പെട്ടു. ആരോഗ്യ മേഖലയില്‍ ഓണ്‍ലൈന്‍ മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ ആരംഭിക്കാന്‍ ദേശീയ, അന്തര്‍ദേശീയ കമ്പനികള്‍ ഒരുങ്ങിക്കഴിഞ്ഞു. ഇത്തരത്തിലുള്ള ടെലി മെഡിസിന്‍ സേവനം സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ച് നിലവിലുണ്ടെങ്കിലും സര്‍ക്കാര്‍ സേവനങ്ങള്‍ വേണ്ട വിധം ഇതില്‍ പങ്കാളികള്‍ ആയിരുന്നില്ല. ഈ അവസ്ഥക്ക് മാറ്റം വന്നതിനാല്‍ പൊതു ആരോഗ്യരംഗത്തെ സേവനം വിശാലമാക്കാനും കഴിയും.

രോഗികളുടെ രോഗചരിത്രം അറിയുന്ന ജി.പി മാര്‍ക്ക് അവരുടെ തുടര്‍ന്നുള്ള അവസ്ഥ മനസിലാക്കാനും വേണ്ടത്തരത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനും ഇതിലൂടെ കഴിയും. വീട്ടിലോ, ഓഫീസിലിരുന്നോ രോഗികള്‍ക്ക് സൗകര്യപ്രദമായ കണ്‍സള്‍ട്ടിങ് കണ്ടെത്താം എന്നതാണ് ഈ സേവനത്തിന്റെ ഏറ്റവും വലിയ ഗുണം. ശസ്ത്രക്രിയ ആവശ്യമുള്ള കേസുകളില്‍ മാത്രം രോഗികള്‍ക്ക് ഈ സേവനം ഉപയോഗിക്കാന്‍ കഴിയില്ല. ഇതോടെ സാധാരണമായ രോഗങ്ങള്‍ക്ക് പോലും ചികിത്സ നേടുന്നതിലൂടെ ആശുപത്രിയിലെ തിരക്കിനും ഒരു പരിഹാരമാര്‍ഗമാകും.

തുടര്‍ച്ചയായി നിശ്ചിത ഔഷധം ഉപയോഗിക്കേണ്ടവര്‍ക്ക് പ്രത്യേകിച്ച് പ്രായമായവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന സേവനമാണ് ടെലി മെഡിസിന്‍ സര്‍വീസ്. ആപ്പിള്‍, ആന്‍ഡ്രോയിഡ് ആപ്പ് സൗകര്യമുള്ളവര്‍ക്ക് സ്മാര്‍ട്ടഫോണ്‍, ടാബ്ലെറ്റ്, ലാപ്ടോപ്പ് എന്നിവയിലൂടെ ഈ സേവനം ഉപയോഗിക്കാം. തുടക്കത്തില്‍ ഒരു മില്യണ്‍ പ്രൈവറ്റ് കണ്‍സള്‍ട്ടേഷന്‍ ഈ രീതിയില്‍ ആരംഭിക്കും. ജി.പി മാര്‍ക്ക് ഒരു വര്‍ഷം 24 മില്യണ്‍ കണ്‍സള്‍ട്ടേഷന്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സേവനത്തിലൂടെ രോഗികളെ ചികിത്സിക്കാന്‍ താത്പര്യപെടുന്ന ഡോക്ടര്‍മാര്‍ക്ക് ഒരു മാസം 35 യൂറോ ചെലവിടേണ്ടി വരും. ശേഷം കണ്‍സള്‍ട്ടേഷന്‍ ഫീസ് തീരുമാനിച്ച രോഗികളില്‍ നിന്നും ഈടാക്കുകയും ചെയ്യാം.

 

 

എ എം

Share this news

Leave a Reply

%d bloggers like this: