ആശുപത്രിയിലും വിദ്യാലയങ്ങളിലും എയര്‍പോര്‍ട്ടിലും ബുര്‍ഖ നിരോധിക്കണം; ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ്പ്

ലണ്ടന്‍ : പൊതുസ്ഥലത്ത് ബുര്‍ഖ നിരോധനം നടപ്പാക്കണമെന്ന മുന്‍ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സന്റെ നിലപാടിനെ അനുകൂലിച്ചും വിമര്‍ശിച്ചും വാദങ്ങള്‍ നടക്കുകയാണ്. ബോറിസ് ഒരു പത്രത്തില്‍ എഴുതിയ കോളത്തിലാണ് പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ അണിയുന്ന സ്ത്രീകളെ ലെറ്റര്‍ ബോക്സുമായും, ബാങ്ക് കൊള്ളക്കാരുമായി താരതമ്യം ചെയ്തത്. ഇതോടെ പൊതുസ്ഥലത്ത് ബുര്‍ഖ നിരോധനം വേണമെന്ന ആവശ്യത്തിന് പിന്തുണയേറുകയാണ്.

ഇപ്പോഴിതാ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ്പ് തന്നെ ബുര്‍ഖ നിരോധനത്തെ അനുകൂലിച്ചു രംഗത്തുവന്നിരുന്നു. പാകിസ്ഥാന്‍ വംശജനായ റോച്ചസ്റ്റര്‍ മുന്‍ ബിഷപ്പായ മൈക്കിള്‍ നാസിര്‍ അലിയാണ് ആളുകളുമായി സംവദിക്കുന്ന ഇടങ്ങളില്‍ ബുര്‍ഖയും, നിഖാബും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. ആശുപത്രികള്‍, ജിപി സര്‍ജറികള്‍, യൂണിവേഴ്സിറ്റികള്‍, സ്‌കൂളുകള്‍ ,എയര്‍പോര്‍ട്ടുകള്‍ കാര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഒക്കെ മുഖം മറയ്ക്കേണ്ട ആവശ്യമില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍ വീട്ടിലും, തെരുവിലും, പ്രാര്‍ത്ഥന നടത്തുന്ന സമയങ്ങളിലും മുഖാവരണം ചെയ്യാമെന്നുമാണ് ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ദേശീയ സുരക്ഷ മാനിച്ച് നിരോധിക്കാനുള്ള ചില സ്ഥലങ്ങളെങ്കിലും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബുര്‍ഖ അണിഞ്ഞ് പുരുഷ തീവ്രവാദികള്‍ പോലും രക്ഷപ്പെട്ട സംഭവങ്ങള്‍ ഓര്‍മ്മിക്കണമെന്ന് ബിഷപ്പ്ചൂണ്ടിക്കാട്ടി.

ബുര്‍ഖ വിവാദത്തില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍മാര്‍ അഭിപ്രായ പ്രകടനം നടത്തുന്നത് ഇതാദ്യമാണ്. 1994 മുതല്‍ 2009 വരെയുള്ള കാലത്ത് റോച്ചസ്റ്റര്‍ അതിരൂപതയെ നയിച്ച വ്യക്തിയാണ് പാകിസ്ഥാനില്‍ ജനിച്ച ബിഷപ്പ്. മുന്‍ കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് ലോര്‍ഡ് കാരി ഈ വിഷയത്തില്‍ ബിഷപ്പിന് പിന്തുണയുമായി രംഗത്തെത്തി. മുഖാവരണം വെറും സാധാരണ കാര്യമായി മാറാന്‍ അനുവദിക്കരുതെന്നാണ് ലോര്‍ഡ് കാരി ആവശ്യപ്പെടുന്നത്. യഥാര്‍ത്ഥ മുസ്ലീങ്ങളാകണമെങ്കില്‍ ഇത് ധരിക്കണമെന്ന് കരുതുന്നവരുണ്ട്. ഇത് ഇസ്ലാമിക തീവ്രവാദികള്‍ ആയുധമാക്കുന്നതും മറക്കരുത്, ബിഷപ്പ് പറഞ്ഞു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: