ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഇല്ല; അയര്‍ലണ്ടില്‍ പഠിച്ചിറങ്ങുന്നവര്‍ എവിടെ പോകുന്നു?

 

ഡബ്ലിന്‍: അയര്‍ലണ്ടിലെ സര്‍ക്കാര്‍ ആശുപത്രികളിലെ പ്രധാന വെല്ലുവിളി ആവശ്യത്തിന് ഡോക്ടര്‍മാരെയും, നേഴ്സുമാരെയും കിട്ടാനില്ല എന്നതാണ്. എന്നാല്‍ ഐറിഷ് മെഡിക്കല്‍ രംഗത്ത് പഠിച്ചിറങ്ങുന്നവര്‍ എങ്ങോട്ട് പോകുന്നു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇവരില്‍ 10 ശതമാനം പോലും സ്വന്തം രാജ്യത്ത് സേവനം നടത്താന്‍ താത്പര്യപെടുന്നില്ലെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. വളരെ ഉയര്‍ന്ന സാമൂഹിക പശ്ചാത്തലത്തില്‍ നിന്നുള്ളവരാണ് അയര്‍ലണ്ടില്‍ മെഡിസിന് പഠിക്കുന്നവര്‍. അതില്‍ തന്നെ ഭൂരിഭാഗവും ഡബ്ലിനില്‍ നിന്നും ഉള്ളവരാണ്. ഉന്നത വിദ്യാഭ്യാസ കമ്മിറ്റി മെഡിക്കല്‍ രംഗത്ത് പഠിക്കാനെത്തുന്നവരുടെ ഇടയില്‍ നടത്തിയ പഠനത്തില്‍ 90 ശതമാനം പേരും പഠന ശേഷം മറ്റു രാജ്യങ്ങളിലേക്ക് ഉയര്‍ന്ന വേതന വ്യവസ്ഥയില്‍ ഡോക്ടര്‍മാരായി സേവനം അനുഷ്ഠിക്കാന്‍ താത്പര്യപ്പെടുന്നവരാണ്.

ഗാല്‍വേ യൂണിവേഴ്‌സിറ്റി, ഡബ്ലിന്‍ ട്രിനിറ്റി കോളേജ്, കോര്‍ക്ക് യൂണിവേഴ്‌സിറ്റി, ലീമെറിക് യൂണിവേഴ്‌സിറ്റി എന്നീ പഠന കേന്ദ്രങ്ങളില്‍ പടിക്കുന്നവരെയാണ് പഠന വിധേയമാക്കിയത്. ഇതില്‍ 14 ശതമാനം പേര്‍ക്ക് സ്റ്റേറ്റ് സ്റ്റുഡന്റ് ഗ്രാന്‍ഡ് ലഭിക്കുന്നുണ്ട്. 2011 -12 കാലഘട്ടത്തില്‍ 621 പുതിയ വിദ്യാര്‍ഥികള്‍ മെഡിക്കല്‍ പഠനത്തിനെത്തിയപ്പോള്‍ 2013 -14 ല്‍ ഇത് 915 എണ്ണമായി മാറി. 2015 -16 -ല്‍ പുതിയ വിദ്യാര്‍ഥികള്‍ 821 ആയി കുറയുകയും ചെയ്തു. പഠിതാക്കളില്‍ 58 ശതമാനവും പെണ്‍കുട്ടികളാണ്. പഠിച്ചിറങ്ങുന്ന തുടക്കക്കാര്‍ക്ക് അയര്‍ലണ്ടില്‍ ലഭിക്കുന്നത് മിനിമം 25 ,000 യുറോക്കും 45 ,000 യുറോക്കും ഇടയിലാണ്. പഠനം പൂര്‍ത്തിയാക്കാതെ കോളേജ് വിട്ട് പോകുന്നവരും അയര്‍ലണ്ടില്‍ ധാരാളമുണ്ട്.

വിദേശ വിദ്യാര്‍ത്ഥികളില്‍ മലേഷ്യ, കാനഡ, സിംഗപ്പൂര്‍ എന്നീ രാജ്യക്കാരാണ് മെഡിക്കല്‍ പഠനത്തിന് അയര്‌ലണ്ടിലെത്തുന്നവരില്‍ ഭൂരിഭാഗവും. എന്നാല്‍ അയര്‍ലണ്ടില്‍ പഠനം പൂര്‍ത്തിയാക്കുന്ന ഐറിഷ് വിദ്യാര്‍ഥികള്‍ ഇവിടെ നിന്നും അപ്രത്യക്ഷരാകാറാണ് പതിവ്. ഇവര്‍ക്ക് ജോലിചെയ്യാന്‍ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങള്‍ യു.എസ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണ്. സ്വന്തം നാട്ടില്‍ കിട്ടുന്നതിനേക്കാള്‍ ഇരട്ടിയിലധികം ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുമ്പോള്‍ ഏറ്റവും നല്ലത് തിരഞ്ഞെടുക്കാന്‍ ഇവര്‍ തയ്യാറാകുന്നു. ഇവിടെ പഠിച്ചിറങ്ങുന്നവര്‍ സ്വന്തം രാജ്യത്തിന് വേണ്ടി ചെയ്യുന്ന സംഭാവനകള്‍ വളരെ പരിമിതവുമാണ്.

ആരോഗ്യ രംഗത്തേക്ക് വിവിധ സാമൂഹിക-സാമ്പത്തിക തട്ടിലുള്ളവരെ കൊണ്ടുവരാന്‍ കഴിയാത്തതു ഐറിഷ് ആരോഗ്യ മേഖലയുടെ ഏറ്റവും വലിയ പോരായ്മയാണ്. രണ്ടാമതായി പഠിച്ചിറങ്ങുന്നവരെ അയര്‍ലണ്ടില്‍ തന്നെ പിടിച്ചു നിര്‍ത്താനുള്ള ഒരു ശ്രമവും നടക്കുന്നില്ല മൂന്നാമതായി ദേശീയ വികാരം അയര്‍ലണ്ടുകാരില്‍ കുറഞ്ഞു വരുന്നതും സ്വദേശത്ത് സേവന മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് പ്രതിബന്ധം സൃഷിടിക്കുന്നു. ആരോഗ്യമേഖലയെ മൊത്തമായി അഴിച്ചു പണിത് വ്യക്തമായി ആസൂത്രണം ചെയ്താല്‍ മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുകയുള്ളുവെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ഡബ്ലിനിലെ പ്രശസ്തമായ ആശുപത്രിയില്‍ കഴിഞ്ഞ മൂന്നുമാസക്കാലയളവില്‍ ഡോക്ടര്‍മാര്‍ക്ക് വേണ്ടി പരസ്യം ചെയ്‌തെങ്കിലും ഒരാള്‍പോലും അപേക്ഷ നല്‍കിയിരുന്നില്ല. ഐറിഷ് ആരോഗ്യ മേഖലയുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നതായിരുന്നു ആ വാര്‍ത്ത. ഇന്ത്യയില്‍ നിന്നടക്കമുള്ള വിദേശ ഡോക്ടര്‍മാര്‍ക്കും, നഴ്സുമാര്‍ക്കും വന്‍ സാധ്യതകളാണ് ഐറിഷ് ആരോഗ്യമേഖലയില്‍ തുറന്നു കിടക്കുന്നത്.

 

 
എ എം

 

Share this news

Leave a Reply

%d bloggers like this: