ആള്‍കൂട്ടകൊലപാതകങ്ങള്‍ക്കെതിരെ കത്ത് എഴുതിയതിന്റെ പേരില്‍ എം ജി ഹിന്ദി സര്‍വകലാശാലയില്‍ നിന്നും 6 വിദ്യാര്‍ത്ഥികളെ പുറത്താക്കി

മഹാരാഷ്ട്ര: രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍കൂട്ടകൊലപാതകങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുകയും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതേകുറിച്ച് കത്തെഴുതുകയും ചെയ്ത മഹാരാഷ്ട്ര, വാര്‍ധയിലുള്ള മഹാത്മ ഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയത്തിലെ(MGAHV) ആറ് വിദ്യര്‍ഥികളെ പുറത്താക്കി. ആള്‍ക്കൂട്ട കൊലപാതകങ്ങളും ബലാത്സംഗ കേസില്‍ ആരോപണവിധേയരായ നേതാക്കളെ സംരക്ഷിക്കുന്നതിലും പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ഥികള്‍ മോദിക്ക് കത്ത് എഴുതിയത്. ഒക്ടോബര്‍ ഒന്‍പതിന് ബഹുജന്‍ നേതാവ് കാന്‍ഷി റാമിന്റെ ചരമവാര്‍ഷിത്തികനായിരുന്നു ധര്‍ണ നടത്തിയത്.

2019-ലെ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നടത്തിയ ചട്ടലംഘനത്തിന്റെ പേരിലാണ് വിദ്യാര്‍ഥികളെ പുറത്താക്കിയത്, എന്നാണ് ഇതേക്കുറിച്ചുള്ള സര്‍വകലാശാലയുടെ മറുപടി. നൂറോളം പേര്‍ പങ്കെടുത്ത പ്രതിഷേധത്തില്‍ വിവേചനപരമായി ദളിത്- ഒബിസി വിദ്യാര്‍ഥികളെ തിരഞ്ഞുപിടിച്ചാണ് സര്‍വകലാശാല പുറത്താക്കിയിരിക്കുന്നത്. ധാരാളം മേല്‍ജാതിക്കാരായ വിദ്യാര്‍ഥികളും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു എന്നും സര്‍വകലാശാല പറയുന്നു.

സോഷ്യല്‍ വര്‍ക്കില്‍ എംഫില്‍ ചെയ്യുന്ന ചന്ദന്‍ സരോജ്, ഗാന്ധി ആന്‍ഡ് പീസ് സ്റ്റഡീസില്‍ പിഎച്ച്ഡി ചെയ്യുന്ന നീരജ് കുമാര്‍, വുമണ്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട്മെന്റിലെ രാജേഷ് ശാസ്ത്രീയും രജനീഷ് അംബ്ദ്ദേക്കറും, ഗാന്ധി ആന്‍ഡ് പീസ് സ്റ്റഡീസില്‍ എംഫില്‍ ചെയ്യുന്ന പങ്ക് വേല, വുമണ്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ഡിപ്ലോമ ചെയ്യുന്ന വൈഭവ് പിംപാല്‍ക്കര്‍ തുടങ്ങിയ വിദ്യാര്‍ഥികളെയാണ് പുറത്താക്കിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി സംഘടനയായ ഓള്‍ ഇന്ത്യ സ്റ്റുഡന്റസ് അസോസിയേഷന്‍ (AISA) രംഗത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ അഭിപ്രായ സ്വാതന്ത്ര്യം വെട്ടികുറയ്ക്കുന്ന നടപടിയെ അംഗീകരിക്കാനാവില്ലെന്നാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ അഭിപ്രായപെടുന്നത്. വിദ്യാര്‍ത്ഥികളെ പുറത്താക്കിയ നടപടി റദ്ദാക്കിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നടത്തുമെന്നും സംഘടന അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: