ആളുമാറി അറസ്റ്റ്: ഐഎസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ ചങ്ങന്‍കുളങ്ങരയിലെ മുഹമ്മദ് ഫൈസല്‍ നിരപരാധിയെന്ന് എൻ.ഐ.എ; ഐഎസുമായി ബന്ധമുള്ളത് കരുനാഗപ്പള്ളി വവ്വാക്കാവ് സ്വദേശിയായ മുഹമ്മദ് ഫൈസല്‍ എന്ന അബു മര്‍വാന്‍ അല്‍ഹിന്ദി…

ഒരേ പേരും ജോലിയും ജോലി സ്ഥലവും കാരണം നിരപരാധിയായ യുവാവ് തീവ്രവാദിയായി മുദ്രകത്തപ്പെട്ടു. ഇതിന്റെ പേരില്‍ നാട്ടുകാരുടെ സംശയത്തിന്റെ നിഴലില്‍ ജീവിക്കേണ്ടി വരുന്ന ഗതികേടിലേക്ക് ഒരു കുടുംബവും തള്ളപ്പെട്ടു. മുഹമ്മദ് ഫൈസല്‍ എന്ന യുവാവിനും കുടുംബത്തിനുമാണ് ഇങ്ങനെയൊരു ദുര്‍ഗതി വന്നുപെട്ടത്.

രാജ്യന്തര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് മലയാളികളെ റിക്രൂട്ട്‌മെന്റ് നടത്തിയെന്ന കേസിലെ പ്രതിയായ കരുനാഗപ്പള്ളി സ്വദേശിയ മുഹമ്മദ് ഫൈസിലിന്റെ വീട് തേടി എന്‍ഐഎ ഉദ്യോഗസ്ഥര്‍ ചെന്നത് ഈ കേസുമായോ തീവ്രാവാദികളുമായോ യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു മുഹമ്മദ് ഫൈസലിന്റെ വീട്ടില്‍. ഇയാളുടെ വീടും ചങ്ങന്‍കുളങ്ങരയില്‍ തന്നെയാണ്. പേരില്‍ മാത്രമായിരുന്നില്ല സാമ്യം. രണ്ടു മുഹമ്മദ് ഫൈസല്‍മാരും ജോലി ചെയ്യുന്നതും ഖത്തറിലായിരുന്നു. മാത്രമല്ല, രണ്ടുപേരും ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സ് കഴിഞ്ഞവരും. എന്നാല്‍ ഐഎസുമായി ബന്ധമുണ്ടെന്നു പറയുന്നത് കരുനാഗപ്പള്ളി വവ്വാക്കാവ് സ്വദേശിയായ മുഹമ്മദ് ഫൈസല്‍ എന്ന അബു മര്‍വാന്‍ അല്‍ഹിന്ദിയാണ്. ഈ മുഹമ്മദ് ഫൈസല്‍ ആണെന്നു കരുതിയാണ് ചങ്ങന്‍കുളങ്ങരയിലെ മുഹമ്മദ് ഫൈസിലിന്റെ വീട്ടില്‍ എന്‍ ഐ എ എത്തിയത്.

തൊട്ടുപിന്നാലെ ചങ്ങന്‍കുളങ്ങരയിലെ മുഹമ്മദ് ഫൈസലിന് തീവ്രവാദബന്ധം ഉണ്ടെന്നും എന്‍ഐഎ ഇയാളുടെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയെന്നു മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. പോലീസും ഇക്കാര്യത്തില്‍ സ്ഥിരീകരണമാണ് ആദ്യം നല്‍കിയത്. ഇതോടെ നാട്ടുകാര്‍ ഈ കുടുംബത്തെ സംശയത്തിന്റെ നിഴലിലാക്കി. ചില മാധ്യമങ്ങള്‍ കൂടുതല്‍ വാര്‍ത്തകള്‍ക്കായി ഈ വീട്ടിലേക്ക് എത്തിയതോടെ വീട്ടുകാര്‍ ഭയപ്പാടിലായി. തുടര്‍ന്ന് പോലീസ് കമ്മിഷണര്‍ക്ക് കുടുംബം പരാതി നല്‍കി. പോലീസില്‍ പരാതിപ്പെടാന്‍ കുടുംബം പോയതും നാട്ടുകാരില്‍ സംശയം വര്‍ദ്ധിപ്പിച്ചു. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെന്ന നിലയിലാണ് ഈ കാര്യം ചര്‍ച്ചയായത്.

വലിയകുളങ്ങരയില്‍ താമസിച്ചിരുന്ന മുഹമ്മദ് ഫൈസലിന്റെ കുടുംബം അടുത്തിടെയാണ് ചങ്ങന്‍കുളങ്ങരയിലേക്ക് വാടയ്ക്ക് താമസിക്കാന്‍ എത്തിയത്. ഭീകരബന്ധം വാര്‍ത്തയായതോടെ ഈ കുടുംബത്തെ വാടകവീട്ടില്‍ നിന്നും ഒഴിപ്പിക്കണമെന്ന ആവശ്യവുമായി ചിലര്‍ രംഗത്ത് എത്തി. ഇതിനിടയില്‍ എന്‍ഐഎ, തങ്ങള്‍ ആളുമാറിയാണ് എത്തിയതെന്നു കാര്യം വ്യക്തമാക്കിയതോടെയാണ് നിരപരാധിയായ മുഹമ്മദ് ഫൈസലിന്റെ കുടുംബത്തിന് ആശ്വാസമായത്. എങ്കിലും നാട്ടുകാരുടെ സംശയം അപ്പാടെ ഒഴിഞ്ഞിട്ടില്ലെന്നതും ഈ കുടുംബത്തിന്റെ ആശങ്കയാണ്.

ഐ എസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്‌തെന്ന കേസിലെ പ്രതിയും കേരളത്തില്‍ ചാവേര്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയുണ്ടായിരുന്നുവെന്നു വെളിപ്പെടുത്തിയ റിയാസ് അബൂബക്കറുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയ മുഹമ്മദ് ഫൈസലിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തു. ഖത്തറില്‍ ആയിരുന്ന ഇയാള്‍ എന്‍ഐഎയുടെ നിര്‍ദേശപ്രകാരം നാട്ടില്‍ എത്തിയപ്പോഴാണ് കസ്റ്റഡിയില്‍ എടുത്തത്. മറ്റു രണ്ടുപേരെക്കൂടി ഇതേ കേസില്‍ പിടികൂടിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: