ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പ്; ഒപിഎസിന് വൈദ്യുത പോസ്റ്റും ശശികലക്ക് ഓട്ടോറിക്ഷയും ചിഹ്നം

 

തമിഴ്നാട്ടില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ശശികല പക്ഷത്തിനും പനീര്‍ശെല്‍വം പക്ഷത്തിനും പുതിയ പാര്‍ട്ടി പേരുകളായി. എഐഎഡിഎംകെ അമ്മ എന്നാണ് ശശികലയുടെ പാര്‍ട്ടിയുടെ പേര്. അതേസമയം പനീര്‍ ശെല്‍വത്തിന്റെ പാര്‍ട്ടിക്ക് എഐഎഡിഎംകെ പുരട്ചി തലൈവി അമ്മ എന്നാണ്. രണ്ടുപേരുകളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതായാണ് വിവരം.

പനീര്‍ശെല്‍വത്തിന്റെ പാര്‍ട്ടിക്ക് ഇലക്ട്രിക് പോസ്റ്റും ശശികലയുടെ പാര്‍ട്ടിക്ക് ഓട്ടോ റിക്ഷയുമാണ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്. യഥാര്‍ഥ എഐഎഡിഎംകെ എന്ന് അവകാശപ്പെട്ട് ഇരുപക്ഷവും രംഗത്ത് വന്നതിനെ തുടര്‍ന്ന് പാര്‍ട്ടി ചിഹ്നമായ ‘രണ്ടില’ മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ‘ഓള്‍ ഇന്ത്യ അണ്ണാ ഡിഎംകെ’ എന്ന പേര് ഇരുപക്ഷവും ഉപയോഗിക്കാന്‍ പാടില്ല എന്നും നിര്‍ദ്ദേശിച്ചിരുന്നു.

ഇരുകൂട്ടര്‍ക്കും മൂന്നു സ്വതന്ത്ര ചിഹ്നങ്ങള്‍ വീതവും പകരം ഉപയോഗിക്കാവുന്ന പാര്‍ട്ടി പേരും നിര്‍ദേശിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. ഇത് പ്രകാരം ഇരുപക്ഷവും നിര്‍ദ്ദേശിച്ച പേരുകളും ചിഹ്നങ്ങളുമാണ് ഇരുപാര്‍ട്ടികള്‍ക്കുമായി നല്‍കിയിരിക്കുന്നത്.

ശശികല പക്ഷം സ്ഥാനാര്‍ഥിയായി ടി.ടി.വി. ദിനകരനും പനീര്‍സെല്‍വം പക്ഷം സ്ഥാനാര്‍ഥിയായി ഇ. മധുസൂദനനുമാണ് മത്സരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍.കെ നഗര്‍ മണ്ഡലത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

അതേസമയം ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും താന്‍ പിന്തുണക്കുന്നില്ലെന്ന് സ്‌റ്റൈല്‍മന്നന്‍ രജനികാന്ത് പറഞ്ഞു. ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി ഗംഗൈ അമരന്‍ താരവുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ തെരഞ്ഞെടുപ്പില്‍ രജനികാന്തിന്റെ പിന്തുണ ബിജെപിക്കാണെന്ന തരത്തില്‍ ഉാഹാപോഹങ്ങള്‍ പരന്നു. ഈ സാഹചര്യത്തിലാണ് രജനികാന്ത് തന്റെ നിലപാട് വ്യക്തമാക്കി ട്വിറ്ററില്‍ രംഗത്തെത്തിയിരിക്കുന്നത്. രജനികാന്തിനൊപ്പം ഗംഗൈ അമരന്‍ നില്‍ക്കുന്ന ചിത്രം ചൊവ്വാഴ്ച്ച പുറത്തുവന്നിരുന്നു. സംഗീത സംവിധായകന്‍ കൂടിയായ അമരന്റെ മകനും സംവിധായകനുമായ വെങ്കട് പ്രഭുവാണ് ട്വിറ്ററില്‍ ചിത്രം പങ്കുവെച്ചത്.

രജനികാന്ത് തന്റെ പിതാവിന് രാഷ്ട്രീയ വിജയം ആശംസിച്ചതായും വെങ്കട് പ്രഭു അവകാശപ്പെട്ടിരുന്നു. രജനികാന്ത് ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന തരത്തിലാണ് വെങ്കട് പ്രഭുവിന്റെ ട്വീറ്റ് പ്രചരിക്കപ്പെട്ടത്. രജനികാന്തിന്റെ പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചതാണ് മുന്‍കാല ചരിത്രം. 1996ലെ നിയമസഭാ തെരഞ്ഞെടുപ്പിനിടെ താരം ജയലളിതയ്‌ക്കെതിരെ ആഞ്ഞടിച്ചിരുന്നു. ജയലളിത വീണ്ടും അധികാരത്തില്‍ വന്നാല്‍ ദൈവത്തിന് പോലും തമിഴ്‌നാടിനെ രക്ഷിക്കാന്‍ കഴിയില്ലെന്നായിരുന്നു താരത്തിന്റെ പരാമര്‍ശം. രജനിയുടെ വാക്കുകള്‍ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് ജയയ്ക്ക് സമ്മാനിച്ചത്. ജയയുടെ മരണശേഷം മുന്‍പരാമര്‍ശത്തില്‍ ഖേദമറിയിച്ച് രജനി രംഗത്തെത്തുന്നതും കണ്ടു.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: