ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനം അയര്‍ലന്‍ഡില്‍ സജീവമാക്കി

ഡബ്ലിന്‍: ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനം രാജ്യത്തിന് പുറത്തേക്കും വ്യാപിപ്പിക്കുന്നു. അയര്‍ലന്‍ഡടക്കം അടക്കം 39 രാജ്യങ്ങളില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തനം സജീവമാക്കി. 39 രാജ്യങ്ങളില്‍ ശാഖ പ്രവര്‍ത്തിക്കുന്നവയില്‍ നാല് എണ്ണം മിഡില്‍ ഈസ്റ്റിലാണുള്ളത്. ഫിന്‍ലന്‍ഡില്‍ ഇശാഖയാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ വീഡിയോ കോണ്‍ഫ്രണ്‍സ് മുഖേനയാണ് പരിശീലനം നല്‍കുന്നത്.

ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവുമധികം ശാഖകള്‍ പ്രവര്‍ത്തിക്കുന്നത് നേപ്പാളിലാണ്. ശാഖകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള യു.എസില്‍ 146 ശാഖകള്‍ പ്രവര്‍ത്തിക്കുന്നു. യു.എസില്‍ ന്യുയോര്‍ക്ക്, വാഷിംഗ്ടണ്‍ ഡി.സി, സീറ്റില്‍, മിയാമി തുടങ്ങിയ പ്രധാന നഗരങ്ങളില്‍ എല്ലാം തന്നെ ആര്‍.എസ്.എസ് ശാഖ പ്രവര്‍ത്തിക്കുന്നുണ്ട്. ആഴ്ചയില്‍ ഒരു ദിവസമാണ് വിദേശ രാജ്യങ്ങളിലെ ശാഖകള്‍ പ്രവര്‍ത്തിക്കുന്നത്. ലണ്ടനില്‍ മാത്രം ആഴ്ചയില്‍ രണ്ട് ദിവസം ശാഖ പ്രവര്‍ത്തിക്കുന്നു. ലണ്ടനില്‍ 84 ശാഖകളുണ്ട്.

കെനിയയിലെ മോംബാസയിലാണ് ആദ്യ വിദേശ ശാഖ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് മുതിര്‍ന്ന ആര്‍.എസ്.എസ് അംഗമായ രമേഷ് മേത്ത പറഞ്ഞു. മുപ്പത് വര്‍ഷമായി ആര്‍.എസ്.എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന രമേഷിന്റെ നേതൃത്വത്തിലാണ് സിംബാബ്‌വെയിലും കെനിയയിലും ശാഖകള്‍ ആരംഭിച്ചത്. മോംബാസയില്‍ നിന്ന് ബര്‍മിംഗ്ഹാമിലേക്ക് പോയ ഹരിഭായ് ഷാ എന്ന പ്രവര്‍ത്തകനാണ് ഇംഗ്ലണ്ടില്‍ ശാഖ പ്രവര്‍ത്തനം ആരംഭിച്ചത്. ഇംഗ്ലണ്ടിലെ ശാഖ പ്രവര്‍ത്തനം ഇപ്പോള്‍ അമ്പത് വര്‍ഷം പിന്നിടുന്നു.
ആര്‍.എസ്.എസിന്റെ അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ ഹിന്ദു സ്വയംസേവക് സംഘ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ലോക ഹിന്ദുക്കളെ ഏകോപിപ്പിക്കുന്നതിന് വേണ്ടിയുള്ള സംഘടനയാണ് എച്ച്.എസ്.എസ് എന്ന് ആര്‍.എസ്.എസിന്റെ മുംബൈ കോര്‍ഡിനേറ്റര്‍ രമേഷ് സുബ്രഹ്മണ്യം പറഞ്ഞു. മൗറീഷ്യസ് അടക്കമുള്ള രാജ്യങ്ങളില്‍ ശാഖാ പ്രവര്‍ത്തനം ആരംഭിച്ചത് രമേഷിന്റെ നേതൃത്വത്തിലാണ്.

ഹൈന്ദവ സംഘടനകളായ ചിന്മയ, രാമകൃഷ്ണ മിഷന്‍ തുടങ്ങിയ സംഘടനകളുമായി യോജിച്ചാണ് എച്ച്.എസ്.എസിന്റെ പ്രവര്‍ത്തനം. ഇന്ത്യയില്‍ കാക്കി നിക്കറും വെള്ള ഷര്‍ട്ടും ആര്‍.എസ്.എസ് യൂണിഫോമായി ഉപയോഗിക്കുമ്പോള്‍, വിദേശത്ത് കറുത്ത പാന്റസും വെള്ള ഷര്‍ട്ടുമാണ് വേഷം. ഭാരത് മാതാ കീജയ് എന്ന മുദ്രാവാക്യത്തിന് പകരം വിശ്വ ധര്‍മ കീജയ് എന്നാണ് വിദേശ ശാഖകളില്‍ വിളിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: