ആര്‍സിഎസ്‌ഐ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ; അടുത്ത മൂന്നു മാസങ്ങളിലായി പരീക്ഷ എഴുതുന്നത് 300 ഓളം പേര്‍

അഡാപ്‌റ്റേഷന്‍ കോഴ്‌സിനു പകരമായി നടത്തുന്ന ആര്‍സിഎസ്‌ഐ (RCSI) ആപ്റ്റിറ്റിയൂഡ് ടെസ്റ്റില്‍ വരുന്ന മൂന്നു മാസങ്ങളിലായി 224 പേര്‍ പങ്കെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തോമസ് കീംസ് എക്‌സിക്യൂട്ടീവ് ഡയറ്കടറായുള്ള ടീമാണ് ആര്‍സിഎസ്‌ഐ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന് നേതൃത്വം നല്‍കുന്നത്.

അയര്‍ലന്‍ഡില്‍ ജോലിചെയ്യുന്ന വിദേശ നഴ്‌സുമാരില്‍ നല്ലൊരു ശതമാനവും മലയാളികളാണ്. ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന് അപേക്ഷ അയച്ചിരിക്കുന്നവരിലും നിരവധി മലയാളികളുണ്ട്. ഡിസംബര്‍ 2015 മുതല്‍ 2016 ജൂലൈ 17 വരെ അയര്‍ലന്‍ഡിലെത്തുന്ന വിദേശികളായ നഴ്‌സുമാര്‍ക്കായി എട്ട് അഭിരുചി പരീക്ഷകളാണ് നടന്നത്. ആകെ 474 അപേക്ഷകള്‍ ലഭിച്ചതില്‍ നിന്ന് വിസ നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് 9 എണ്ണം പിന്‍വലിച്ചിരുന്നു. 224 അപേക്ഷകരെ നടക്കാനിരിക്കുന്ന അഞ്ചു തിയറി ടെസ്റ്റുകളില്‍ ആദ്യത്തേതില്‍ പങ്കെടുക്കാനായാണ് വിളിച്ചിരിക്കുന്നത്. അടുത്ത മൂന്നുമാസങ്ങളിലാണ് ഈ പരീക്ഷ നടക്കുന്നത്.

അപേക്ഷകരില്‍ 241 പേര്‍ ആര്‍സിഎസ്‌ഐ അഭിരുചി പരീക്ഷ എഴുതിയവരാണ്. ഇതില്‍ 233 പേര്‍ വിജയിക്കുകയും ചെയ്തു. ഇവരുടെ വിശദാംശങ്ങള്‍ എന്‍എംബിഐ (NMBI) യ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഏഴുപേരെ ഒഎസ്‌സിഇ (OSCE) ടെസ്റ്റ് വീണ്ടും എഴുതുന്നതിനായി വിളിച്ചിട്ടുണ്ട്. ഒരാള്‍ തിയറി പരീക്ഷയുടെ രണ്ടാമത്തേതും അവസാനത്തേതുമായ ശ്രമത്തില്‍ പരാജയപ്പെട്ടു.

അപേക്ഷകര്‍ വീണ്ടും ആവശ്യപ്പെട്ടതിന്റെ ഭാഗമായി ജൂലൈയിലും സെപ്റ്റംബറിലും രണ്ടു പരീക്ഷകള്‍ കൂടി നടത്തുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഈ പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ എത്രയും വേഗം നടത്തണമെന്നും ഇവര്‍ അറിയിച്ചു. ഒക്ടോബറിലെ ടെസ്റ്റിനുള്ള രജിസ്‌ട്രേഷനും ആരംഭിച്ചു കഴിഞ്ഞു. ഇതുവരെ 5 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്.

ഓണ്‍ലൈനിലൂടെ ലഭിക്കുന്ന പൂര്‍ണമായി പൂരിപ്പിച്ച അപേക്ഷകള്‍ പരിശോധിച്ച ശേഷം യോഗ്യരായവരെ വരാനിരിക്കുന്ന അഭിരുചി പരീക്ഷയ്ക്കുള്ളവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. അഭിരുചി പരീക്ഷയ്ക്ക് മറ്റൊരു രീതിയിലും ബുക്ക് ചെയ്യാന്‍ കഴിയില്ലെന്നും വെയ്റ്റിങ് ലിസ്റ്റ് ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

 

Share this news

Leave a Reply

%d bloggers like this: