ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പിന്‍ബലത്തില്‍ അത്യാധുനിക സൈനിക ശക്തിയാകാനൊരുങ്ങി ഇന്ത്യ

സായുധസേനയ്ക്ക് പിന്‍ബലം നല്‍കുന്നതിനായി ഇന്ത്യയും നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയെ പ്രതിരോധ രംഗത്ത് പ്രയോജനപ്പെടുത്തുന്നു. ഈ പദ്ധതിയ്ക്ക് കരട് രൂപം തയ്യാറാക്കുന്നതിനായി ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ഒരു കര്‍മസേന രൂപവത്കരിച്ചുവെന്ന് പ്രതിരോധ സെക്രട്ടറി അജയ് കുമാര്‍ പറഞ്ഞു.

‘ഭാവിയില്‍ നിര്‍മിത ബുദ്ധി എല്ലാത്തിനേയും സ്വാധീനിക്കാന്‍ പോവുകയാണ്, നമ്മുടെ സാധാരണ ജീവിതത്തെയെന്ന പോലെ ഭാവി യുദ്ധരംഗത്തെയും അത് സ്വാധീനിക്കാന്‍ പോവുകയാണ്. പല മുന്‍നിര രാജ്യങ്ങളും നിര്‍മിത ബുദ്ധിയുടെ ഉപയോഗത്തിലൂടെ അവരുടെ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഇന്ത്യയും അത്തരം നടപടികള്‍ സ്വീകരിച്ചുവരികയാണ്.’

വിവിധ പ്രതിരോധ സേനകള്‍, ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ലാബ്‌സ്, സര്‍ക്കാര്‍, വിദഗ്ദര്‍, ഉദ്യോഗസ്ഥര്‍, സ്റ്റാര്‍ട്ട് അപ്പുകള്‍, ഭാരത് ഇല്‌ക്ട്രോണിക് ലിമിറ്റഡ് എന്നിവയുടെയെല്ലാം പങ്കാളിത്തത്തോടെയായിരിക്കും പ്രതിരോധ സേനയെ നിര്‍മിത ബുദ്ധിയിലൂടെ സജ്ജമാക്കാനുള്ള പദ്ധതി നടപ്പിലാക്കുക. ഐടി വ്യവസായത്തില്‍ ഇന്ത്യയ്ക്കുള്ള മെച്ചപ്പെട്ട അടിത്തറ നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതില്‍ വലിയ പിന്‍ബലമാവും. സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തത്തോടെയായിരിക്കും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ചൈന, റഷ്യ, അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ഇതിനോടകം നിര്‍മിത ബുദ്ധി പ്രതിരോധ മേഖലയിലേക്ക് അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ചൈന അടുത്തിടെയാണ് നിര്‍മിതബുദ്ധി വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. അഫ്ഗാനിസ്ഥാനില്‍ ഉള്‍പ്പടെ നിരവധി സൈനിക നീക്കങ്ങള്‍ക്ക് അമേരിക്ക നിര്‍മിത ബുദ്ധി ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുമുണ്ട്. ഈ സാഹചര്യത്തിലേക്കാണ് ഇന്ത്യയും ഈ രംഗത്തേക്ക് കടന്നുവരുന്നത്

യന്ത്രബുദ്ധിയ്ക്ക് മനുഷ്യന്റെ ബൗദ്ധികശേഷിക്ക് പകരമാവാന്‍ ശേഷിയുള്ള കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. അതായത് ഈ സംവിധാനത്തിലൂടെ യന്ത്രങ്ങള്‍ക്ക് പഠിക്കാനും ചിന്തിക്കാനും സ്വയം തിരുത്താനും പ്രവര്‍ത്തിക്കാനുമുള്ള കഴിവ് ലഭിക്കും.

ഡികെ

Share this news

Leave a Reply

%d bloggers like this: