ആയിരം കോടി മുതല്മുടക്കി രണ്ടാമൂഴം സിനിമയാക്കുന്നു; നിര്‍മ്മിക്കുന്നത് പ്രവാസിവ്യവസായി ബി.ആര്‍.ഷെട്ടി

ഇന്ത്യയില്‍ ഇന്നേവരെയുണ്ടായിട്ടുള്ളതില്‍വച്ച് ഏറ്റവും ഉയര്‍ന്ന മുതല്‍മുടക്കി എം.ടി.വാസുദേവന്‍നായരുടെ രണ്ടാമൂഴം നോവല്‍ ‘മഹാഭാരതം’ എന്ന പേരില്‍ ചലച്ചിത്രമാകുന്നു. എം.ടി.തന്നെ തിരക്കഥയെഴുതുന്ന സിനിമ സംവിധാനം ചെയ്യുന്നതു പരസ്യചിത്ര സംവിധായകന്‍ വി.എ .ശ്രീകുമാര്‍ മേനോനാണ്. മോഹന്‍ലാലാണു കേന്ദ്രകഥാപാത്രമായ ഭീമനെ അവതരിപ്പിക്കുന്നത്. ഹോളിവുഡ് വന്പന്‍മാരുടെ നീണ്ട നിര തന്നെയുണ്ടാകും. ആയിരം കോടിരൂപ മുതല്‍മുടക്കി പ്രമുഖ പ്രവാസിവ്യവസായി ബി.ആര്‍.ഷെട്ടിയാണു ചിത്രം നിര്‍മിക്കുന്നത്.

നിര്‍മാണച്ചെലവിലും താരനിരയിലും ചരിത്രമായി മാറുന്ന മഹാഭാരതത്തിന് രണ്ടു ഭാഗങ്ങളുണ്ടാകും. ആദ്യഭാഗത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം സെപ്റ്റംബറില്‍ തുടങ്ങും. 2020ല്‍ ആണ് റിലീസ്. ആദ്യ ഭാഗം പുറത്തിറങ്ങി 90 ദിവസത്തിനുള്ളില്‍ രണ്ടാം ഭാഗം പ്രേക്ഷകരിലെത്തും. മലയാളത്തിനുപുറമേ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളില്‍ സിനിമ ചിത്രീകരിക്കും. മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശഭാഷകളിലേക്കും ഡബ്ബ് ചെയ്യുന്നുമുണ്ട്.

ബ്രഹ്മാണ്ഡസിനിമയെന്ന് എല്ലാംകൊണ്ടും വിശേഷിപ്പിക്കാവുന്ന മഹാഭാരതം ലോകത്തിന് മുന്പാകെ ഇന്ത്യന്‍ സിനിമ കാഴ്ചവച്ചതില്‍വച്ച് ഏറ്റവും വലിയ സംരംഭമാണെന്നും നിര്‍മാതാക്കള്‍ പത്രക്കുറിപ്പില്‍ അവകാശപ്പെട്ടു. ഇന്ത്യയിലെ വിവിധഭാഷകളില്‍നിന്നുള്ള മുന്‍നിര അഭിനേതാക്കള്‍ക്കു പുറമേ ചില ഹോളിവുഡ് വന്പന്‍മാരും മോഹന്‍ലാലിനൊപ്പം അണിനിരക്കും. പ്രമുഖ കാസ്റ്റിംഗ് കന്പനിയുടെ നേതൃത്വത്തില്‍ താരനിര്‍ണയം പുരോഗമിക്കുകയാണ്. ഇന്ത്യന്‍ സിനിമയിലെയും ലോക സിനിമയിലെയും ഏറ്റവും പ്രഗത്ഭരായ സാങ്കേതിക വിദഗ്ധരാണ് സിനിമയ്ക്കുവേണ്ടി കൈകോര്‍ക്കുന്നത്. ഓസ്‌കര്‍ അവാര്‍ഡു ജേതാക്കളുള്‍പ്പെടെ പ്രമുഖരുടെ ഒരു നിര സിനിമയുടെ അണിയറയിലുണ്ടാകും.

താന്‍ ഏതാണ്ട് 20 വര്‍ഷത്തെ ഗവേഷണത്തിനു ശേഷമാണ് രണ്ടാമൂഴം എഴുതിയതെന്ന് എം.ടി. വാസുദേവന്‍ നായര്‍ ചൂണ്ടിക്കാട്ടി. അതു സിനിമയാക്കുന്നതിനായി മുന്പ് പലരും സമീപിച്ചിരുന്നു. പക്ഷേ, നമ്മുടെ സിനിമകളുടെ നിര്‍മാണച്ചെലവില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല ഈ കഥ. അതുകൊണ്ടാണ് ഇത്രയും നാള്‍ പ്രോജക്ട് നീണ്ടുപോയത്. ‘സംവിധായകന്‍ ശ്രീകുമാറിന് ഇത് ഏറ്റവും മനോഹാരിതയോടെയും സാങ്കേതിക മികവോടെയും ചിത്രീകരിക്കാന്‍ സാധിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. ‘-എം.ടി.പറഞ്ഞു.

ഭീമനായി അഭിനയിക്കുന്നതിനായി തന്നെ തെരഞ്ഞെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്നു മോഹന്‍ലാല്‍ പറഞ്ഞു. ഭീമനായി വേഷമിടാന്‍ എംടിതന്നെ എന്നെ തെരഞ്ഞെടുത്തുവെന്നതു കൂടുതല്‍ സന്തോഷം നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടു വര്‍ഷമായി ചിത്രത്തിന്റെ തിരക്കഥ പഠിക്കുന്നതിന്റെയും ഗവേഷണങ്ങളുടെയും തിരക്കിലാണ് ശ്രീകുമാര്‍ മേനോന്‍. എം.ടി.വാസുദേവന്‍നായരുടെ ഐതിഹാസിക തിരക്കഥ സിനിമായാക്കാന്‍ സാധിച്ചത് ജന്‍മാന്തരപുണ്യമായി കാണുന്നു. തങ്ങള്‍ പ്രോജക്ടിന്റെ വിവിധ ഘട്ടങ്ങളിലേക്കു കടന്നുകഴിഞ്ഞുവെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. മഹാഭാരതത്തിന്റെ ഐതിഹാസികമായ എല്ലാ മാനങ്ങളെയും തൊട്ടുനില്‍ക്കുന്നതാകും സിനിമയെന്നു യുഎഇ എക്‌സ്‌ചേഞ്ചിന്റെയും എന്‍എംസി ഹെല്‍ത്ത് കെയറിന്റെയും സ്ഥാപകന്‍ കൂടിയായ നിര്‍മാതാവ് ബി.ആര്‍.ഷെട്ടി പറഞ്ഞു. എം.ടി.വാസുദേവന്‍നായര്‍ എന്ന പ്രതിഭയുടെ കൈയൊപ്പ് പതിഞ്ഞ ഈ സൃഷ്ടിയുടെ ഇംഗ്ലീഷ് പരിഭാഷയാണ് ആദ്യം വായിച്ചത്. അതിനുശേഷം ഇപ്പോള്‍ തിരക്കഥയും വായിച്ചു. കാലത്തെ ജയിക്കുന്ന ഈടുവയ്പാണ് എം.ടി.യുടെ രചനയെന്നു ഷെട്ടി ചൂണ്ടിക്കാട്ടി.


എ മി

Share this news

Leave a Reply

%d bloggers like this: