ആപ്പിള്‍ ഡിസൈന്‍ അവാര്‍ഡ് നേടി തമിഴ്നാട്ടുകാരന്‍ രാജ വിജയറാം

കാലിഫോര്‍ണിയ: ഇന്ത്യയുടെ ടെക്നോളജി മേഖലയ്ക്ക് ഒന്നടങ്കം അഭിമാനമായിരിക്കുകയാണ് രാജ വിജയറാം എന്ന തമിഴ്നാട്ടുകാരന്‍. കാലിഫോര്‍ണിയയിലെ സാന്‍ജോസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ആപ്പിളിന്റെ വേള്‍ഡ് വൈഡ് ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ രാജയ്ക്ക് അപ്രതീക്ഷിതമായാണ് ഡിസൈന്‍ അവാര്‍ഡ് ലഭിക്കുന്നത്. അവാര്‍ഡ് തനിക്കുണ്ടെന്നറിഞ്ഞ രാജ ആദ്യമൊന്നു അത്ഭുതപ്പെട്ടു. പിന്നീട് ആപ്പിള്‍ ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സ് വേദിയില്‍ കയറി അവാര്‍ഡ് അദ്ദേഹം ഏറ്റുവാങ്ങി.

തേനിയില്‍ നിന്നുള്ള രാജ കാല്‍സി 3(Calzy3) എന്ന കാല്‍ക്കുലേറ്റര്‍ ആപ്പാണ് വികസിപ്പിച്ചത്. മെക്കാനിക്കല്‍ എഞ്ചിനിയറായ രാജ വിഷ്വല്‍ ഇഫക്റ്റ് രംഗത്തും സിനിമാ രംഗത്തും വിദഗ്ധനാണ്. നിരവധി സിനിമകളുടെ അണിയറയില്‍ പ്രവര്‍ത്തിച്ച രാജ അവാര്‍ഡ് വാങ്ങുമ്പോള്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ചിത്രം ആലേഖനം ചെയ്ത ടി-ഷര്‍ട്ടാണ് ധരിച്ചിരുന്നത്.

ഐഫോണിലെ ഐഒഎസ് ആപ്ലിക്കേഷനുകളെ കുറിച്ച് കൂടുതല്‍ പഠിച്ച രാജയ്ക്ക് ആപ്പുകള്‍ വികസിപ്പിക്കാനുള്ള താത്പര്യം ഉണ്ടായി. സ്വന്തമായി ആപ്ലിക്കേഷനുകളെ കുറിച്ചും കോഡിങ്ങിനെ കുറിച്ചുമെല്ലാം രാജ പഠിച്ചു. തുടര്‍ന്നാണ് കാല്‍സി 3 എന്ന കാല്‍ക്കുലേറ്റര്‍ ആപ്പ് നിര്‍മിക്കാന്‍ ആരംഭിച്ചത്. ഐഒഎസില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ആപ്പാണ് കാല്‍സി3. 159 രൂപ മൂല്യം വരുന്ന ആപ്പ് വാപ്പിള്‍സ്റ്റഫ് എന്ന സ്വന്തം കമ്പനിയില്‍ വികസിപ്പിച്ചെടുത്തതാണ്. ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ്, എക്സപ്രഷന്‍ വ്യൂ, സയന്റിഫിക് കാല്‍ക്കുലേറ്റര്‍ തുടങ്ങിയവ കാല്‍സി3 യുടെ സവിശേഷതകളാണ്.

ആപ്പിള്‍ ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനും അവിടെയെത്തുന്നവരെ കാണാനുമുള്ള അവസരമായി മാത്രമാണ് താന്‍ കോണ്‍ഫറന്‍സിനെ കണ്ടിരുന്നത്. എന്നാല്‍ അവിടെ വെച്ച് തനിക്ക് ഇത്തരത്തില്‍ അവാര്‍ഡ് തന്ന് ആദരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് രാജ പറയുന്നു

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: