ആന്‍ഡ്രോയ്ഡിന് എട്ടാം പതിപ്പ്; ‘ഓറിയോ’ അവതരിപ്പിച്ചു

ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് ഓ 8.0 ഗൂഗിള്‍ അവതരിപ്പിച്ചു. ഓറിയോ ബിസ്‌കറ്റിന്റെ പേരാണ് ഇത്തവണ ആന്‍ഡ്രോയിഡിന് ഇട്ടിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഓറിയോ. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30-ഓടെ ലൈവ് സ്ട്രീം വഴിയാണ് ഗൂഗിള്‍ പുതിയ ആന്‍ഡ്രോയിഡ് പതിപ്പ് അവതരിപ്പിച്ചത്.
നിരവധി പുതിയ ഫീച്ചറുകളുമായാണ് ആന്‍ഡ്രോയിഡ് ഓ എത്തിയിരിക്കുന്നത്. ഐക്കണ്‍ ഷേപ്സ്, നോട്ടിഫിക്കേഷന്‍ ഡോട്ട്സ്, സ്മാര്‍ട് ടെക്സ്റ്റ് സെലക്ഷന്‍, പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് എന്നിവയും ഒപ്പം കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളും അവയില്‍ ചിലതാണ്. ഇതില്‍ ചില ഫീച്ചറുകള്‍ ഗൂഗിള്‍ പിക്സല്‍ നെക്സസ് ഫോണുകളില്‍ മാത്രമേ ആദ്യ ഘട്ടത്തില്‍ ലഭ്യമാവുകയുള്ളൂ.

ഓട്ട്മീല്‍ കുക്കീ, ഒക്ടോപസ്, ഓറഞ്ച് തുടങ്ങിയ പേരുകളെ പിന്തള്ളിയാണ് ഓറിയോയെ ഗൂഗിള്‍ തിരഞ്ഞെടുത്തത്. ഇന്ത്യന്‍ സമയം രാത്രി 12.10ഓടെ ന്യൂയോര്‍ക്കിലായിരുന്നു ഓറിയോ ഓപറേറ്റിങ് സിസ്റ്റത്തിന്റെ ലോഞ്ചിങ്. ഇതുമായി ബന്ധപ്പെട്ട വിഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

കൂടുതല്‍ സ്മാര്‍ട്, സുരക്ഷിതം, കരുത്താര്‍ന്നത്, കൂടുതല്‍ മധുരതരമാര്‍ന്നത് എന്നീ വിശേഷണങ്ങളോടെയാണ് എട്ടാം പതിപ്പിന്റെ വരവ്. അമേരിക്കയില്‍ 91 വര്‍ഷത്തിനിടെ ഉണ്ടായ സൂര്യഗ്രഹണത്തിനിടെയായിരുന്നു ഓറിയോയുടെയും വരവ്. ഗ്രഹണത്തിന് സൂര്യനും ചന്ദ്രനും ചേര്‍ന്ന് ആകാശത്ത് സൃഷ്ടിക്കപ്പെടുന്ന ‘ഒ’ ആകൃതിക്കു സമാനമാണ് ആന്‍ഡ്രോയ്ഡ് ഒ എന്നു പറ?ഞ്ഞായിരുന്നു ഗൂഗിള്‍ പുതിയ പതിപ്പ് എത്തിച്ചത്.

ഒയുടെ റിലീസിന്റെ കൗണ്ട്ഡൗണ്‍ ആന്‍ഡ്രോയ്ഡ് വെബ്‌പേജില്‍ ഗൂഗിള്‍ നടത്തിയിരുന്നു- ഇതിനൊടുവിലായിരുന്നു യൂട്യൂബ് വഴിയുള്ള ലൈവ് സ്ട്രീമിങ്. ആന്‍ഡ്രോയിഡ് ഓരോ പതിപ്പിനും മധുരപലഹാരങ്ങളുടെ പേരിടുന്ന പതിവും ഇത്തവണ ഗൂഗിള്‍ തെറ്റിച്ചില്ല. ആന്‍ഡ്രോയ്ഡ് നാലാം പതിപ്പിന്(4.4) കിറ്റ് കാറ്റ് എന്നായിരുന്നുപേര്. അന്ന് കിറ്റ്കാറ്റ് നിര്‍മാതാക്കളായ നെസ്ലെയുമായി സഹകരിച്ചായിരുന്നു ഗൂഗിളിന്റെ പ്രവര്‍ത്തനം. സമാനമായ രീതിയില്‍ ഓറിയോ നിര്‍മാതാക്കളായ നബിസ്‌കോ കമ്പനിയുമായും ഗൂഗിള്‍ ബന്ധം സ്ഥാപിക്കുമെന്നാണു കരുതുന്നത്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കുക്കീസ് നിര്‍മാതാക്കളാണ് നബിസ്‌കോ.

കൂടുതല്‍ മികച്ച ബാറ്ററി പെര്‍ഫോമന്‍സായിരിക്കും ആന്‍ഡ്രോയ്ഡ് ഒയുടെ പ്രധാന ഗുണം. ബാക്ക്ഗ്രൗണ്ടിലുള്ള ആപ്ലിക്കേഷനുകളെ നിയന്ത്രിച്ചായിരിക്കും ബാറ്ററിയുടെ ആയുസ്സ്‌കൂട്ടുക. നോട്ടിഫിക്കേഷനുകള്‍ എങ്ങനെയാണ് ഫോണില്‍ ലഭിക്കേണ്ടത് എന്നതിന്മേല്‍ യൂസര്‍ക്ക് ‘ഒ’ വഴി കൂടുതല്‍ നിയന്ത്രണം ലഭിക്കും. ഇമോജികളില്‍ വരുന്ന മാറ്റങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ ഫീച്ചറുകളാണ് ‘ഒ’യില്‍ കാത്തിരിക്കുന്നതും. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപണ്‍സോഴ്‌സ്‌പ്രോജക്ട് വഴി ഓറിയോ ലഭ്യമാകും.
ഗൂഗിള്‍ പിക്‌സല്‍, ഗൂഗിള്‍ പിക്‌സല്‍ എക്‌സ്എല്‍ എന്നിവയിലായിരിക്കും ആന്‍ഡ്രോയ് ഒ ഓപറേറ്റിങ് സിസ്റ്റം ആദ്യം വരികയെന്നു കരുതുന്നു. പിന്നീട് നെക്‌സസസ് 5എക്‌സ്, നെക്‌സസ് 6 പി, നെക്‌സസ് പ്ലേയര്‍, പിക്‌സല്‍ സി എന്നിവയിലും. നോക്കിയ 8ലും വൈകാതെ തന്നെ ആന്‍ഡ്രോയ്ഡ് ഒ എത്തും. നോക്കിയ 3, നോക്കിയ 5, നോക്കിയ 6 എന്നിവയ്ക്കും ആന്‍ഡ്രോയ്ഡ് ഒയുടെ അപ്‌ഡേറ്റ് ലഭിക്കും. വണ്‍ പ്ലസ് 3, 3ടി, 5 മോഡലുകള്‍ക്കും അപ്‌ഡേറ്റ് ലഭ്യമാക്കും. ലെനോവോ കെ8ലും അസൂസ് സെന്‍ഫോണ്‍ 3, 4 സീരീസിലെ എല്ലാ ഫോണുകളിലും ഈ അപ്‌ഡേറ്റ് ലഭ്യമാക്കും.

മറ്റു ഫോണുകളിലേക്ക് ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പ് എത്തണമെങ്കില്‍ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരും. 14 ശതമാനം സ്മാര്‍ട്ഫോണുകള്‍ മാത്രമാണ് ഓറിയോയ്ക്ക് മുമ്പുള്ള ആന്‍ഡ്രോയിഡ് പതിപ്പായ ആന്‍ഡ്രോയിഡ് ന്യൂഗട്ടില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് പുതിയ പതിപ്പ് വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ ഇപ്പോള്‍ ലഭ്യമാവുകയുള്ളു. ആഗോളതലത്തില്‍ പ്രചാരത്തില്‍ എത്തണമെങ്കില്‍ ഇനിയും ഏറെ സമയമെടുക്കുമെന്നും വിലയിരുത്തപ്പെടുന്നു.


ആന്‍ഡ്രോയിഡ് ഓറിയോയുടെ ഫീച്ചറുകളില്‍ ചിലത്

ബാക്ഗ്രൗണ്ട് ലിമിറ്റ്‌സ്
ബാറ്ററി ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിനായി ഗൂഗിള്‍ അവതരിപ്പിക്കുന്ന പുതിയ ഫീച്ചറാണ് ബാക്ഗ്രൗണ്ട് ലിമിറ്റ്‌സ്. ആന്‍ഡ്രോയിഡ് ഡിവൈസില്‍ ബാക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകളെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഈ ഫീച്ചര്‍ ഉപയോഗിക്കുക. അതായത് പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്ന ഫോണുകളില്‍ സാധാരണ നിലയിലുള്ളതിനേക്കാള്‍ ബാറ്ററി ദൈര്‍ഘ്യം വര്‍ധിക്കുമെന്ന് സാരം.

പിക്ച്ചര്‍ ഇന്‍ പിക്ചര്‍ മോഡ്


ഈ ഫീച്ചര്‍ വരുന്നതോടെ നിങ്ങള്‍ക്ക് മറ്റൊരു ആപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടുതന്നെ യൂട്യൂബ് വീഡിയോ കാണാന്‍ സാധിക്കും. സ്‌ക്രീനില്‍ കാണുന്ന ആപ്പ് വിന്‍ഡോയ്ക്ക് മുകളിലായാവും വീഡിയോ പ്ലെയര്‍ വിന്‍ഡോ പ്രത്യക്ഷപ്പെടുക.

നോട്ടിഫിക്കേഷന്‍ ഡോട്ട്‌സ്


ഡ്രോപ്ഡൗണ്‍ മെനു താഴ്ത്താതെ തന്നെ നോട്ടിഫിക്കേഷനുകള്‍ ഉപയോക്താവിനെ അറിയിക്കുന്നതിനായുള്ള പുതിയ ഫീച്ചറാണ് നോട്ടിഫിക്കേഷന്‍ ഡോട്ട്‌സ്. ഐഓഎസ് ഫോണുകളില്‍ ആപ്പുകള്‍ക്ക് മുകളില്‍ കാണാരുള്ള റെഡ് ഡോട്ട്‌സിന് സമാനമാണ് ഈ ഫീച്ചര്‍. നോട്ടിഫിക്കേഷനുകള്‍ വരുമ്പോള്‍ അതാത് ആപ്ലിക്കേഷന്‍ ഐക്കണുകള്‍ക്ക് മുകളില്‍ ഒരു ചെറിയ പുള്ളി (Dot) പ്രത്യക്ഷപ്പെടും. ഈ ആപ്പുകളില്‍ വായിക്കാതെ കിടക്കുന്ന നോട്ടിഫിക്കേഷനുകള്‍ ഉണ്ടെന്ന അടയാളമാണത്. വായിക്കാത്ത നോട്ടിഫിക്കേഷനുകള്‍ക്ക് മുകളില്‍ ലോങ് പ്രെസ് ചെയ്താല്‍ ഒരു പോപ്അപ്പ് വിന്‍ഡോയില്‍ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷനുകള്‍ കാണാന്‍ സാധിക്കും

ആപ്പുകള്‍ തുറന്നുവരാനുള്ള വേഗത
ആപ്ലിക്കേഷനുകള്‍ തുറന്നുവരാന്‍ അധികം സമയമെടുക്കുകയില്ലെന്നതാണ് ആന്‍ഡ്രോയിഡ് ഓ പതിപ്പിന്റെ മറ്റൊരു സവിശേഷത. ആന്‍ഡ്രോയിഡിന്റെ ന്യൂഗട്ട് പതിപ്പില്‍ തന്നെ ബൂട്ടിങ് സമയം മെച്ചപ്പെടുത്താനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതിനേക്കാള്‍ മികച്ച സംവിധാനങ്ങളായിരിക്കും ഗൂഗിള്‍ പുതിയ പതിപ്പില്‍ അവതരിപ്പിക്കുക.

 
ഡികെ

Share this news

Leave a Reply

%d bloggers like this: