ഡോണിംഗ് സ്ട്രീറ്റില്‍ നിന്നും പുറത്തേക്ക് ; തെരേസ മെയ് യുടെ രാജി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്ന് സൂചന

ലണ്ടന്‍: പ്രധാനമന്ത്രി തെരേസ മേ-യുടെ പുതിയ ബ്രെക്‌സിറ്റ് നടപടികളില്‍ രോഷാകുലയായി ആന്‍ഡ്രിയ ലീഡ്‌സണ്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. ഇതോടെ മേയുടെ നില കൂടുതല്‍ പരുങ്ങലിലായി. ഒന്നുകില്‍ രാജിവെക്കുക അല്ലെങ്കില്‍ പുറത്താക്കപ്പെടും എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്.

ക്യാബിനറ്റിലുള്ള സഹപ്രവര്‍ത്തകരുടെ അച്ചടക്കമില്ലാത്ത പ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ചുകൊണ്ടാണ് ലീഡ്‌സണ്‍ രാജിവെച്ചത്. നിലവിലെ അവസ്ഥയില്‍ റഫറണ്ടവുമായി ബന്ധപ്പെട്ട് അനുകൂലമായി എന്തെങ്കിലും നടക്കാന്‍ സാധ്യത കുറവാണെന്ന് അവര്‍ തുറന്നടിച്ചു.

എങ്ങിനെയാണ് ബ്രക്‌സിറ്റ് കരാര്‍ നടപ്പാക്കാന്‍ പോകുന്നത് എന്ന് പാര്‍ലമെന്റിനെ ബോധ്യപ്പെടുത്താനിരിക്കെയാണ് രാജി. ഹൗസ് ഓഫ് കോമണ്‍സിന്റെ നേതാവ് എന്ന നിലയില്‍ ലീഡ്‌സണായിരുന്നു അതിന് നേതൃത്വം നല്‍കേണ്ടിയിരുന്നത്.

പ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 1922 കമ്മിറ്റി അദ്ധ്യക്ഷന്‍ ഗ്രഹാം ബ്രാഡിയുമായി നിര്‍ണ്ണായകമായ കൂടിക്കാഴ്ച്ച നടക്കാനിരിക്കെയാണ് രാജിയെന്നതും ശ്രദ്ധേയമാണ്. ഇതോടെ ഏറ്റവും അടുത്ത സമയത്തുതന്നെ മേയ് രാജിവെച്ചേക്കുമെന്നാണ് കരുതുന്നത്.

മേയ് രാജിവേക്കുമെന്ന സൂചനയാണ് ഗ്രഹാം നല്‍കിയതെന്ന് ഒരു എം.പി പറഞ്ഞതായി ‘ദ ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട മേയ്-യുടെ ബില്‍ ചര്‍ച്ചചെയ്യാന്‍ ട്രോയ് എം.പിമാര്‍ യോഗം ചേര്‍ന്നിരുന്നു. നാടകീയമായ പല സംഭവങ്ങള്‍ക്കുമൊടുവില്‍ ബ്രെക്‌സിറ്റ് ബില്‍ പിന്‍വലിക്കാനും വലിച്ച് താഴെയിടും മുന്‍പ് രാജിവെച്ച് പുറത്തുപോകാനും അവര്‍ മേയ്-യോട് ആവശ്യപ്പെട്ടു.

ജാവേദ്, മുണ്ടെല്‍ തുടങ്ങിയ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താന്‍ മെയ് നേരത്തെ വിസമ്മതിച്ചിരുന്നു. അഭിപ്രായ വോട്ടെടുപ്പിനുമേല്‍ ഇരുവരും അവരുടെ എതിര്‍പ്പ് പരസ്യമാക്കിയതാണ്. എന്നാല്‍ അടുത്ത മാസം നടക്കുന്ന വോട്ടെടുപ്പിന് പിന്തുണ ആവശ്യപ്പെട്ട് ശക്തമായ നീക്കങ്ങളുമായി മേയ് രംഗത്തെത്തിയിട്ടുണ്ട്.

കസ്റ്റംസ് കരാര്‍, തൊഴിലാളികളുടെ അവകാശം, പരിസ്ഥിതി സംരക്ഷണം, വടക്കന്‍ അയര്‍ലാന്‍ഡ് അതിര്‍ത്തി വിഷയം തുടങ്ങി എല്ലാ കാര്യങ്ങളും കരാറിന്റെ ഭാഗമാണെന്നും സഹകരിക്കണമെന്നുമാണ് മേ വീണ്ടും എംപിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ വോട്ടെടുപ്പില്‍ ഒരിക്കല്‍കൂടെ പരാജയപ്പെടുമെന്ന കാര്യത്തില്‍ മന്ത്രിമാര്‍ക്കുവരെ സംശയമില്ല.

Share this news

Leave a Reply

%d bloggers like this: