ആനക്കൊമ്പില്‍ തൂങ്ങി അഭ്യാസപ്രകടനം:ഫഹദിനെതിരെ അറസ്റ്റ് ചെയ്യണമെന്ന് മൃഗസ്‌നേഹികള്‍

 

കൊച്ചി: ആനക്കൊമ്പില്‍ തൂങ്ങി അഭ്യാസപ്രകടനം നടത്തിയ ഫഹദിനെതിരെ പരാതിയുമായി മൃഗസ്‌നേഹികള്‍. നടനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഇവര്‍ സംസ്ഥാനത്തെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ സമീപിച്ചിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ആനയുടെ കൊമ്പില്‍ തൂങ്ങിയ ഫഹദിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. ‘ഫഹദ് ഫാസിലി’ന്റെ ധൈര്യം എന്ന തലക്കെട്ടോടെ വന്ന വീഡിയോ ഇതുവരെ രണ്ടുലക്ഷത്തിലധികം ആളുകളാണ് കണ്ടുകഴിഞ്ഞത്.

ഫഹദിനെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് അംഗമായ എം.എന്‍ ജയചന്ദ്രന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കത്തെഴുതി. മൃഗങ്ങളോടുള്ള ക്രൂരത തടയാനായി 1960ല്‍ നിലവില്‍ വന്ന നിയമത്തിന്റെ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. നടനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് തൃശൂരിലെ ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി വി. കെ വെങ്കിടാചലവും അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മലയാളത്തിലെ ഒരു നടനും, കേരളത്തിന്റെ പരമ്പരാഗത മൃഗമായി ആനയെ ഇത്രയും മോശമായ രീതിയില്‍ സമീപിച്ചിട്ടില്ല എന്നും അദ്ദേഹം ആരോപിക്കുന്നു. പരാതികള്‍ ലഭിച്ചതായും അവ പരിശോധിച്ചുവരികയാണെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി. ഹരികുമാര്‍ സംഭവത്തോടു പ്രതികരിച്ചു.

വീഡിയോയില്‍ ആനക്കൊമ്പില്‍ നാലും അഞ്ചും തവണ പൊങ്ങിതാഴുന്ന നടനെയാണ് കാണാന്‍ സാധിക്കുന്നത്. തൊട്ടടുത്തായി ആനപാപ്പാനെന്നു കരുതപ്പെടുന്ന ഒരാളും നില്‍പ്പുണ്ട്. സംഭവം വിവാദമായതിനെ തുടര്‍ന്ന് വീഡിയോ പിന്‍വലിച്ചിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: