ആദിവാസികള്‍ക്ക് വീട് വാഗ്ദാനം ലംഘിച്ചു ; ലേഡി സൂപ്പര്‍സ്റ്റാറിനോട് നേരിട്ട് ഹാജരാകാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി

കല്‍പ്പറ്റ : വയനാട്ടില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് വീട് വച്ച് നല്‍കാം എന്ന വാഗ്ദാനം നല്‍കി വഞ്ചിച്ചു എന്ന പരാതിയില്‍ നടി മഞ്ജു വാരിയര്‍ നേരിട്ടെത്താന്‍ വയനാട്ടിലെ ലീഗല്‍ സര്‍വീസ് അതോറിറ്റി നിര്‍ദേശിച്ചു. പനമരം പഞ്ചായത്തിലെ പരക്കുനിയിലെ ആദിവാസി കുടുംബങ്ങള്‍ ആണ് മഞ്ജു വാര്യര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

ജൂലായ് 15, തിങ്കളാഴ്ചയാണ് മഞ്ജുവിനോട് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റ് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 2017 ജനുവരിയില്‍ ആയിരുന്നു മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ ഇത്തരം ഒരു വാഗ്ദാനം മുന്നോട്ട് വച്ചത്. പനമരം പഞ്ചായത്തിലെ പരക്കുനിയിലെ ആദിവാസി കുടുംബങ്ങള്‍ ആണ് മഞ്ജു വാര്യര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

പരക്കുനിയിലെ പണിയ വിഭാഗത്തില്‍ പെട്ട ആദിവാസികള്‍ക്ക് വീടുകളും, അവശ്യ സൗകര്യങ്ങളും ഒരുക്കാമെന്ന് കാണിച്ച് ജില്ലാ കളക്ടര്‍ക്കും പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രിക്കും ഫൗണ്ടേഷന്‍ കത്ത് നല്‍കുകയായിരുന്നു. ഒന്നേ മുക്കാല്‍ കോടി രൂപ ചെലവിട്ട് 57 ആദിവാസി കുടുംബങ്ങള്‍ക്ക് വീട് വച്ചുനല്‍കാം എന്നായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്. വീട് മാത്രമല്ല, മറ്റ് അനുബന്ധ സൗകര്യങ്ങളും തങ്ങള്‍ ഒരുക്കും എന്നായിരുന്നു വാഗ്ദാനം. ഇക്കാര്യം ജില്ലാ ഭരണകൂടം അംഗീകരിക്കുകയും ചെയ്തിരുന്നു.

രണ്ട് വര്‍ഷം മുമ്പ് വാഗ്ദാനം ചെയ്തതാണെങ്കിലും പരക്കുനിയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ വീടുകള്‍ വച്ച് നല്‍കിയിരുന്നില്ല. മാത്രമല്ല, ഫൗണ്ടേഷന്റെ വാഗ്ദാനം ഉള്ളതുകൊണ്ടാണ് തങ്ങള്‍ക്ക് സര്‍ക്കാരിന്റെ പദ്ധതികളില്‍ നിന്നും സഹായം ലഭിക്കുന്നില്ലെന്നുമാണ് ആദിവാസി കുടുംബങ്ങളുടെ ആക്ഷേപം.

താന്‍ വീടുനിര്‍മിച്ചു നല്‍കും എന്നത് ആദിവാസികളെ ആരോ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതാണ് എന്നാണ് മഞ്ജു വാര്യരുടെ പക്ഷം. അത്തരം ഒരു പദ്ധതിയ്ക്ക് വേണ്ടി സര്‍വ്വേ നടത്തിയിരുന്നു എന്നത് ശരിയാണ്. പക്ഷേ, ഒറ്റയ്ക്ക് ചെയ്യാന്‍ പറ്റാത്ത കാര്യം ആയതിനാല്‍ സര്‍ക്കാരിന്റെ സഹായം കൂടി തേടുകയായിരുന്നു എന്നും മഞ്ജു മുമ്പ് വിശദമാക്കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: