ആണവ – മിസൈല്‍ പരീക്ഷണങ്ങള്‍ നിറുത്തിവയ്ക്കുകയാണെന്ന് ഉത്തര കൊറിയ; ലോകത്തിന് ശുഭവാര്‍ത്തയെന്ന് ട്രമ്പ്

ലോകത്തിന് സമാധാനത്തിന്റെ ഊര്‍ജം പകര്‍ന്നു കൊണ്ട് ആണവ – മിസൈല്‍ പരീക്ഷണങ്ങള്‍ ഉടനടി പ്രാബല്യത്തോടെ നിറുത്തിവയ്ക്കുകയാണെന്ന് ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ അറിയിച്ചു. ഏപ്രില്‍ 21 മുതല്‍ ഉത്തര കൊറിയ ആണവ പരീക്ഷണങ്ങള്‍ നിറുത്തിവയ്ക്കുകയും, ഇന്റര്‍ കോണ്ടിനന്റല്‍ ബാലസ്റ്റിക് മിസൈലുകളുടെ വിക്ഷേപണം അവസാനിപ്പിക്കുകയും ചെയ്യുമെന്ന് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. കൊറിയന്‍ ഉപദ്വീപില്‍ സമാധാനവും സാമ്പത്തിക വളര്‍ച്ചയും ലക്ഷ്യമിട്ടാണ് ഇത്തരമൊരു നടപടിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്തയാഴ്ച ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേയുമായി കൂടിക്കാഴ്ച നടത്താനിരിക്കെ ഉന്‍ പ്രഖ്യാപിച്ച നടപടി സമാധാനപാതയിലേക്കുള്ള രാജ്യത്തിന്റെ ഉണര്‍ത്തുപാട്ടായി വിലയിരുത്തപ്പെടുന്നു. ജൂണില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പുമായി അസാധാരണ കൂടിക്കാഴ്ചയ്ക്കും ഉന്‍ തയാറെടുക്കുകയാണ്. ഇതു സംഭവിച്ചാല്‍, അധികാരത്തിലിരിക്കുന്ന ഒരു അമേരിക്കന്‍ പ്രസിഡന്റ് ഇതാദ്യമായി ഉത്തര കൊറിയന്‍ ഭരണാധികാരിയുമായി നടത്തുന്ന ചര്‍ച്ചയായിരിക്കും അത്.

ആണവ – മിസൈല്‍ പരീക്ഷണങ്ങള്‍ നിറുത്തിവയ്ക്കാനുള്ള ഉത്തര കൊറിയന്‍ നീക്കത്തെ ട്രമ്പ് ട്വിറ്ററില്‍ സ്വാഗതം ചെയ്തു. ലോകത്തിനും ഉത്തര കൊറിയയ്ക്കും ഇത് നല്ല വാര്‍ത്തയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. ആണവനിരായുധീകരണം ഉത്തര കൊറിയ നടപ്പാക്കുമ്പോള്‍ അവരെ പുരോഗതിയുട പ്രതീക്ഷാനിര്‍ഭരമായ പാത കാത്തിരിക്കുന്നുണ്ടാവുമെന്ന് ട്രമ്പ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അമേരിക്കന്‍ വന്‍കരയില്‍ എത്താന്‍ കെല്‍പുള്ള മിസൈല്‍ തങ്ങള്‍ വിജയകരമായി പരീക്ഷിച്ചുവെന്ന് ഉത്തര കൊറിയ നവംബറില്‍ നടത്തിയ അവകാശവാദം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിന്റെ വക്കോളം വളര്‍ത്തിയിരുന്നു.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: