ആണവമാലിന്യം നിര്‍വീര്യമാക്കാന്‍ വേണ്ടത് 10 ലക്ഷം വര്‍ഷം; പ്രതിസന്ധി മറികടക്കാനാകാതെ ജര്‍മ്മനി

ബെര്‍ലിന്‍: ആണവമാലിന്യങ്ങള്‍ കൊണ്ട് പൊറുതിമുട്ടി ജര്‍മ്മനി. കുമിഞ്ഞു കൂടിയ മാലിന്യങ്ങള്‍ സുരക്ഷിതമായി സംരക്ഷിക്കുന്നതെങ്ങനെയെന്ന കാര്യത്തില്‍ വ്യക്തത വരുത്താനും ജര്‍മനിക്ക് കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. രാജ്യത്തെ എല്ലാ ആണവ പ്ലാന്റുകളും അടയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ജര്‍മനി.

28,000 ക്യൂബിക് മീറ്റര്‍ ആണവമാലിന്യമാണ് ജര്‍മനിയിലെ എല്ലാ പ്ലാന്റുകളും ചേര്‍ന്ന് ഇക്കാലമത്രയും സൃഷ്ടിച്ചിരിക്കുന്നത്. ഇവ നിര്‍വ്വീര്യമാകുന്ന കാലമത്രയും സുരക്ഷിതമായി സൂക്ഷിക്കേണ്ടതുണ്ട്. ഈ മാലിന്യം നിര്‍വ്വീര്യമാകാന്‍ ഏതാണ്ട് 10 ലക്ഷം വര്‍ഷമെടുക്കും. ഇക്കാലമത്രയും ഇവ എവിടെയാണ് സുരക്ഷിതമായി സൂക്ഷിക്കുക എന്ന ആശങ്കയുമുണ്ട്.

ശാസ്ത്രലോകത്തിനു മുമ്പിലുള്ള വലിയൊരു ചോദ്യമായി മാറിയിരിക്കുകയാണിത്. ഏതാണ്ട് രണ്ടായിരത്തോളം കണ്ടെയ്‌നറുകള്‍ വരും ഈ റേഡിയോ ആക്ടീവ് മാലിന്യങ്ങള്‍. പാറകളെക്കാള്‍ ഉറച്ച സ്ഥലം ലഭിക്കണം. ഇവിടെ ഭാഗര്‍ഭജലം പാടില്ല. ഭൂമികുലുക്കം ഉണ്ടാകരുത്. ഭൂമികുലുക്കമുണ്ടായാല്‍ ചോര്‍ച്ചയ്ക്ക് കാരണമാകും. 10 ലക്ഷം വര്‍ഷത്തോളം ഇങ്ങനെ അനങ്ങാതെ കഴിയണം.

ജര്‍മനിയിലെന്നല്ല, ലോകത്തില്‍ എവിടെയാണ് ഇത്തരമൊരു സ്ഥലമുള്ളത്? ശാസ്ത്രലോകം തല പുകയ്ക്കുകയാണ്.
മറ്റൊരു വലിയ വെല്ലുവിളി, ഈ മാലിന്യം കൊണ്ടുപോകലാണ്. പറ്റിയൊരു സ്ഥലം കണ്ടെത്തിയാല്‍ മാലിന്യം അങ്ങോട്ട് എങ്ങനെ നീക്കം ചെയ്യും?ഏത് ദ്രവ്യം കൊണ്ടുള്ള പൊതിയിലാണ് ഈ മാലിന്യം പൊതിഞ്ഞെടുക്കുക? ഇവയുടെ സാന്നിധ്യവും അവയുടെ അപകട സാധ്യതകളും ഭാവി തലമുറകളിലേക്ക് ആശയവിനിമയം ചെയ്യേണ്ട രീതി തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട് പ്രക്ഷോഭം നടക്കുമ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് ഫുക്കുഷിമ ആണവ ദുരന്തം. എന്നാല്‍ അതൊരു ആണവദുരന്തമല്ലെന്നും പ്രചരിപ്പിക്കപ്പെടുന്നതു പോലെ യാതൊന്നും അവിടെ നടന്നിട്ടില്ലെന്നുമായിരുന്നു അന്നത്തെ മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ഈ ദുരന്തം ജര്‍മനിയെപ്പോലുള്ള രാജ്യങ്ങളെ യാഥാര്‍ത്ഥ്യ ബോധമുള്ളവരാക്കി. ഒരു ഭൂകമ്പമുണ്ടാകുകയും അത് രാജ്യത്തിന്റെ ആണവ നിലയങ്ങളെ ബാധിക്കുകയും ചെയ്താലത്തെ അവസ്ഥ ചര്‍ച്ച ചെയ്യപ്പെട്ടു. ഒടുവില്‍ ആണവനിലയങ്ങള്‍ പൂട്ടാമെന്ന തീരുമാനത്തിലേക്ക് രാഷ്ട്രീയ നേതൃത്വം എത്തിച്ചേര്‍ന്നു.

ഇപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഏഴ് ആണവനിലയങ്ങള്‍ 2022ല്‍ അടയ്ക്കും. 2031നുള്ളില്‍ ഇവയുടെ മാലിന്യങ്ങള്‍ അടക്കം ചെയ്യാനുള്ള സ്ഥലം കണ്ടെത്തണം. നിലവില്‍ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ആണവമാലിന്യങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഈ സംവിധാനങ്ങള്‍ കുറച്ച് ദശകങ്ങള്‍ മാത്രം സൂക്ഷിക്കാനായി രൂപകല്‍പ്പന ചെയ്യപ്പെട്ടതാണ്. ആണവമാലിന്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് പഠിക്കാന്‍ ശാസ്ത്രജ്ഞരുടെ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട് ജര്‍മനി

Share this news

Leave a Reply

%d bloggers like this: