അവാര്‍ഡുകള്‍ രാഷ്ട്രപതി നല്‍കില്ല; ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം പ്രതിസന്ധിയില്‍

ഇന്ന് നിശ്ചയിച്ചിരിക്കുന്ന ദേശീയ ചലച്ചിത്ര പുരസ്‌കാരവിതരണം പ്രതിസന്ധിയില്‍. കുറച്ച് പേര്‍ക്ക് മാത്രം രാഷ്ട്രപതി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്താല്‍ മതിയെന്ന തീരുമാനമാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. തീരുമാനത്തിനെതിരെ മലയാളത്തില്‍ നിന്നുള്ള അവാര്‍ഡ് ജേതാക്കള്‍ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. രാഷ്ട്രപതി അവാര്‍ഡ് സമ്മാനിച്ചില്ലെങ്കില്‍ ചടങ്ങ് ബഹിഷ്‌കരിക്കാനാണ് ഇവരുടെ തീരുമാനം. എല്ലാ അവാര്‍ഡ് ജേതാക്കളും ഒപ്പിട്ട പരാതി വാര്‍ത്താവിതരണമന്ത്രാലയത്തിന് നല്‍കി. ഇന്ന് നാല് മണിക്കാണ് പുരസ്‌കാര വിതരണ ചടങ്ങ്. അവാര്‍ഡ് ജേതാക്കള്‍ ഒപ്പിട്ട രേഖാമൂലമുള്ള പരാതി നല്‍കിയിട്ടുണ്ട്. അതില്‍ ഉചിതമായ തീരുമാനം ഉണ്ടാകില്ലെങ്കില്‍11 പേരൊഴിച്ച് ബാക്കിയുള്ളവര്‍ അവാര്‍ഡ് സ്വീകരിക്കാതെ മടങ്ങാനാണ് സാധ്യത.

അവാര്‍ഡ് ജേതാക്കളില്‍ 11 പേര്‍ക്ക് മാത്രം രാഷ്ട്രപതിയും ബാക്കുയുള്ളവര്‍ക്ക് വാര്‍ത്താവിതരണമന്ത്രി സ്മൃതി ഇറാനിയും അവാര്‍ഡുകള്‍ സമ്മാനിക്കാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ ഒരുവിഭാഗം അവാര്‍ഡ് ജേതാക്കള്‍ രംഗത്തെത്തി. മുഴുവന്‍ അവാര്‍ഡുകളും രാഷ്ട്രപതി തന്നെ വിതരണം ചെയ്യണമെന്നും ഇല്ലെങ്കില്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. ഇതോടെ പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ മന്ത്രി സ്മൃതി ഇറാനി ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

സാധാരണ എല്ലാവര്‍ഷവും രാഷ്ട്രപതിയാണ് മുഴുവന്‍ അവാര്‍ഡുകളും വിതരണം ചെയ്യുന്നത്. ഇത്തവണയും അങ്ങനെ ആയിരിക്കുമെന്ന ധാരണയിലായിരുന്നു അവാര്‍ഡ് ജേതാക്കള്‍. എന്നാല്‍ ബുധനാഴ്ച ചടങ്ങിന്റെ റിഹേഴ്സലിന് എത്തിയപ്പോഴാണ് പുതിയ തീരുമാനത്തെ കുറിച്ച് താരങ്ങള്‍ അറിഞ്ഞത്. 11 പേര്‍ക്ക് മാത്രം രാഷ്ട്രപതി അവാര്‍ഡ് നല്‍കുമെന്നും എന്നാല്‍ എല്ലാവര്‍ക്കും ഒപ്പം നിന്ന് ഫോട്ടോ എടുക്കുമെന്നും മന്ത്രാലയം അറിയിച്ചു. രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കാനുള്ള 11 പേരെ എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുത്തതെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ മന്ത്രി സ്മൃതി ഇറാനിക്ക് കഴിഞ്ഞില്ല. ഇതോടെയാണ് പ്രതിഷേധം ശക്തമായത്.

ഇത്തവണത്തെ ദേശീയ പുരസ്‌കാരങ്ങളില്‍ മലയാള സിനിമ വന്‍ നേട്ടമായിരുന്നു ഉണ്ടാക്കിയിരുന്നത്. മികച്ച സംവിധായകന്‍, മികച്ച ഗായകന്‍, മികച്ച സഹനടന്‍, പ്രത്യേക ജൂറി പരാമര്‍ശം, മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രം, മികച്ച പ്രൊഡക്ഷന്‍ ഡിസൈര്‍ തുടങ്ങി 14 പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാളം സ്വന്തമാക്കിയത്. എന്നാല്‍ ഈ 14 പേരില്‍ മികച്ച ഗായകനായി തെരഞ്ഞെടുക്കപ്പെട്ട യേശുദാസിനും മികച്ച സംവിധായകനായ ജയരാജിനും മാത്രമാണ് രാഷ്ട്രപതിയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാന്‍ അനുമതിയുള്ളത്. ഫഹദ് ഫാസില്‍ ഉള്‍പ്പെടെയുള്ള ബാക്കിപേര്‍ക്ക് സ്മൃതി ഇറാനിയില്‍ നിന്നാണ് അവാര്‍ഡ് സ്വീകരിക്കേണ്ടത്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: