അവയവ ദാന കച്ചവടങ്ങള്‍ക്ക് നിയന്ത്രണം വരുന്നു

അവയവദാന കച്ചവടങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി ശക്തമാക്കുന്നു. ഈ മേഖലയിലെ കച്ചവടം തടയുമെന്നും ശരിയായ രീതിയിലുള്ള അവയവദാനത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയെ അറിയിച്ചു. പികെ ശശിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

പാര്‍ലിമെന്റ് പാസാക്കിയ ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍ ആക്ടും അതിന്റെ നിയമ ഭേദഗതികളുമാണ് മസ്തിഷ്‌ക മരണവും അവയവദാനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലവിലുള്ള നിയമവ്യവസ്ഥകള്‍. ജീവിച്ചിരിക്കുമ്പോള്‍ ഒരു വ്യക്തി മസ്തിഷ്‌ക മരണാനന്തര അവയവദാനത്തിന് സമ്മതം നല്‍കിയിട്ടുണ്ടെങ്കിലും മരണശേഷം അടുത്ത ബന്ധുക്കളുടെ സമ്മതത്തോടുകൂടി മാത്രമേ അവയവദാനം സാധ്യമാകൂ.

മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നത് സര്‍ക്കാര്‍ നിയോഗിച്ച നാല് ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ധ സംഘമാണ്. ആറ് മണിക്കൂര്‍ ഇടവിട്ടുള്ള രണ്ട് പരിശോധനകള്‍ക്ക് ശേഷമാണ് മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നത്. എന്നാല്‍, മസ്തിഷ്‌കമരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് വരികയും അവയവദാനവുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഉയര്‍ന്നുവരികയും ചെയ്ത പശ്ചാതലത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തില്‍ ഒരാള്‍ സര്‍ക്കാര്‍ ഡോക്ടറായിരിക്കണമെന്നും രണ്ട് പേര്‍ അവയവമാറ്റം നടത്തുന്ന ആശുപത്രിക്ക് പുറത്തുനിന്നുള്ളവരായിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

പുതിയ വ്യവസ്ഥയനുസരിച്ച് എല്ലാ അവയവമാറ്റ ആശുപത്രികളിലും എല്ലാ അവയവങ്ങളിന്‍മേലും വെയ്റ്റിംഗ് ലിസ്റ്റുണ്ടായിരിക്കണം. സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന അവയവമാറ്റത്തില്‍ ഒരു വൃക്ക ഡോണര്‍ ആശുപത്രിക്കും മറ്റൊന്ന് ആ സോണിലെ സര്‍ക്കാര്‍ ആശുപത്രിക്കുമാണ്. കരള്‍, ഹൃദയം എന്നിവയുടെ വിന്യാസം സ്വീകര്‍ത്താവിന്റെ ആരോഗ്യസ്ഥിതിയും അടിയന്തരസാഹചര്യവും കണക്കിലെടുത്ത് മാറിക്കൊണ്ടിരിക്കും. അവയവദാനം സംബന്ധിച്ച എല്ലാ പ്രവര്‍ത്തനവും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ ആസ്ഥാനമായി രൂപവത്കരിച്ചിരിക്കുന്ന ഓതറൈസേഷന്‍ കമ്മിറ്റിയുടെ നിരീക്ഷണത്തിലായിരിക്കും.

നിയമം അനുശാസിക്കുന്ന വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടുമാത്രമേ അവയവമാറ്റം സാധ്യമാകൂ. ഇത്തരത്തില്‍ വ്യക്തമായ വ്യവസ്ഥകളും ഉത്തരവുകളും നിലവിലുള്ളതിനാല്‍ സ്വകാര്യ ആശുപത്രികള്‍ക്കോ ഡോക്ടര്‍മാര്‍ക്കോ പൊതുജനങ്ങളുടെ അജ്ഞത മുതലെടുത്ത് അവയവ കച്ചവടം നടത്താനുള്ള സാധ്യതയില്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: