‘അള്‍ത്താരയ്ക്ക് പിന്നില്‍ നിന്നും പാപം ചെയ്യുന്നവര്‍’ എന്ന മന്ത്രി വരേദ്കറിന്റെ പ്രസ്താവനയില്‍ ശക്തമായി പ്രതികരിച്ച് വാര്‍ഫോര്‍ഡ് ബിഷപ്പും, വിശ്വാസി സമൂഹവും

ഡബ്ലിന്‍ : മന്ത്രി ലിയോ വരേദ്കറിന്റെ പ്രസ്താവന അനാവശ്യവും, നിര്‍ഭാഗ്യകരവുമായിപ്പോയെന്ന് വാട്ടര്‍ഫോര്‍ഡ് ബിഷപ്പ് അല്‍ഫൊന്‍സെസ് കലിനന്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ ദയിലില്‍ വെച്ചായിരുന്നു മന്ത്രി ലിയോ വരേദ്കറിന്റെ പ്രസ്താവന. കോര്‍ക്കിന്റെ കിഴക്കുഭാഗത്തുള്ള ഗതാഗത പ്രൊജക്റ്റ് ആയ ഡണ്‍കെറ്റില്‍ ഇന്റര്‍ചേഞ്ച് പോലുള്ള പദ്ധതിക്ക് മന്ത്രി ലിയോ വരേദ്കര്‍ വഴിവിട്ട് ചെലവിടുമ്പോള്‍ സമാനമായ മറ്റു ചില പദ്ധതികളെ അവഗണിക്കുന്നു എന്ന് ചുണ്ടി കാട്ടി പ്രതിപക്ഷ നേതാവ് മൈക്കിള്‍ മാര്‍ട്ടിന്‍ സഭയില്‍ മന്ത്രി ലിയോ വരേദ്കറിനെ ചോദ്യം ചെയ്തിരുന്നു.

ഇതിന് മൈക്കിള്‍ മാര്‍ട്ടിന് വരേദ്കര്‍ നല്‍കിയ മറുപടിയാണ് വിവാദത്തില്‍ കലാശിച്ചത്. അള്‍ത്താരയ്ക്ക് പുറകില്‍ നിന്നുകൊണ്ട് പാപം ചെയ്യുന്ന വൈദികന്‍ മറ്റുള്ളവരോട് പാപം ചെയ്യരുത് എന്ന് പറയുന്നതിന് സമാനമാണ് മാര്‍ട്ടിന്റെ ചോദ്യം എന്നായിരുന്നു വരേദ്കറിന്റെ പരമാര്‍ശം. വരേദ്കര്‍ മാര്‍ട്ടിനെ വിമര്‍ശിച്ചതിനല്ല, മറിച്ചു രാഷ്ട്രീയ പോരാട്ടം നടത്തുബോള്‍ മതത്തെയും, വിശ്വാസത്തെയും ഉദാഹരണമായി മന്ത്രി ചൂണ്ടികാട്ടിയതിനെതിരെ ആയിരുന്നു വാട്ടര്‍ഫോര്‍ഡ് ബിഷപ്പ് പ്രതികരിച്ചത്.

ഇത്തരം പരാമര്‍ശങ്ങള്‍ തീര്‍ത്തും അപലപനീയമെന്നും വിശ്വാസി സമൂഹത്തെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്നും ബിഷപ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കി. തന്റെ പരാമര്‍ശത്തില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നതോടെ മന്ത്രി വരേദ്കര്‍ തന്റെ പ്രസ്താവന പിന്‍വലിക്കുകയും, മാപ്പു പറയുകയും ചെയ്തു. രാജ്യത്തെ വിശ്വാസി സമൂഹത്തിനെ വ്രണപ്പെടുത്താനായിരുന്നില്ല ഈ പരാമര്‍ശമെന്നും മന്ത്രി പറഞ്ഞു .ഐറിഷ് സമൂഹത്തില്‍ വിശ്വാസത്തിനു വലിയൊരു പങ്കുള്ളത് താന്‍ അംഗീകരിക്കുന്നുണ്ടെന്നും വരേദ്കര്‍ കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: